സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റിക്ക് തുടക്കം
കല്പറ്റ : ജനങ്ങളെ ഭിന്നിപ്പിക്കാൻ ന്യൂനപക്ഷങ്ങളെ ബി.ജെ.പി. കടന്നാക്രമിക്കുകയാണെന്നും ബഹുസ്വരതയും മതനിരപേക്ഷതയും അവർ അംഗീകരിക്കുന്നില്ലെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാവിരുദ്ധമായ താത്പര്യങ്ങളെയാണ് ബി.ജെ.പി. ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഒരു ജനകീയപ്രശ്നവും ഇന്ത്യൻ പാർലമെന്റിൽ ചർച്ചചെയ്യുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വരുമ്പോൾ കൈയടിക്കുകയും സർക്കാരിന്റെ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്ന ഒരിടംമാത്രമായി പാർലമെന്റ് മാറി. ഇതിന് ചെറിയൊരു വ്യത്യാസം വന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം കുറഞ്ഞപ്പോഴാണ്. ഭരണകൂടത്തിന്റെ അമിതാധികാരത്തെ ജനം അംഗീകരിക്കില്ല. അതുകൊണ്ട് തെരുവുകൾ അശാന്തമാണ്. കേന്ദ്രമന്ത്രിതന്നെ രാജിവെക്കുന്നതരത്തിലേക്ക് ഡൽഹിയിലെ ചെറുപ്പക്കാരുടെ സമരം മാറി. ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ സി.പി.എം. മുൻകൈയെടുത്തു. ജനാധിപത്യ താത്പര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിലാണ് വിപുലീകൃത ജില്ലാകമ്മിറ്റി. രാവിലെ 10-ന് ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. ബേബി പാതകയുയർത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഗഗാറിൻ രക്തസാക്ഷിപ്രമേയവും ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ. റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം രുക്മിണി സുബ്രഹ്മണ്യൻ സംസാരിച്ചു
ഒ.ആർ. കേളു, ബീനാ വിജയൻ, കെ.എം. ഫ്രാൻസിസ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് യോഗം നിയന്ത്രിക്കുന്നത്. എം. മധു, പി.ടി. ബിജു, സാന്ദ്രാ രവീന്ദ്രൻ, സി.ജി. പ്രത്യുഷ് എന്നിവർ മിനിറ്റ്‌സ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, പി. രാജീവ്, പി. സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ജയരാജൻ, വി.എൻ. വാസവൻ, പി.കെ. ബിജു എന്നിവരും ജോൺ ബ്രിട്ടാസ് എം.പി.യും പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ചേർന്ന വിപുലീകൃത സംസ്ഥാനകമ്മിറ്റി യോഗത്തിന്റെ തുടർച്ചയായിട്ടാണ് വിപുലീകൃത ജില്ലാകമ്മിറ്റി ചേരുന്നത്. ചൊവ്വാഴ്ച സമാപിക്കും.
Published: 29 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented