തിരുവമ്പാടി : തമ്പലമണ്ണയിൽ പ്രിയങ്കാഗാന്ധി എം.പി. സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരേ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

To advertise here,

വയനാട്ടിൽനിന്ന് കോടഞ്ചേരി വഴി മലപ്പുറം ഭാഗത്തേക്ക്‌ പോകുകയായിരുന്ന വാഹനവ്യൂഹനത്തിനുനേരേയായിരുന്നു കരിങ്കൊടി കാണിച്ചത്‌. കഴിഞ്ഞദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കു നേരേയുണ്ടായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്.

ബി.ജെ.പി. കോഴിക്കോട് റൂറൽജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതിദിന പരിശീലനശിബിരം നടക്കുന്ന പുറായിൽ കൺവെൻഷൻ സെന്ററിന് സമീപത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. റോഡരികിലെ പറമ്പിൽനിന്ന് പൊടുന്നനെ മൂന്ന്‌-നാല് പ്രവർത്തകർ കരിങ്കൊടിയും മുദ്രാവാക്യവുമായി വാഹനവ്യൂഹത്തിനുനേരേ പാഞ്ഞടുക്കുകയായിരുന്നു. പ്രിയങ്കാഗാന്ധിയുടെ വാഹനത്തിന് വൻ സുരക്ഷാസന്നാഹങ്ങളുണ്ടായിരുന്നതിനാൽ വേഗം കുറച്ചതല്ലാതെ ഗതാഗതതടസ്സങ്ങളൊന്നുമുണ്ടായില്ല.

പ്രതിഷേധക്കാരെ ഉടൻതന്നെ തിരുവമ്പാടി എസ്.എച്ച്.ഒ. ഇ.കെ. രമ്യയുടെ നേതൃത്വത്തിൽ പോലീസ് പിടിച്ചുമാറ്റി. നേതൃത്വം നൽകിയ യുവമോർച്ച കോഴിക്കോട് റൂറൽജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.