ഇന്ന് വോട്ടെണ്ണും
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. 60.37 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പള്ളിക്കൽ ഡിവിഷൻ അംഗമായിരുന്ന ഉഷാവിജയൻ എം.എൽ.എ. ആയതിനുശേഷം രാജിവെച്ചതിനെതുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. എടവക ഗ്രാമപ്പഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയിൽ, പയിങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കൽ എന്നീ വാർഡുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ.
വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 60.37 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72 ശതമാനമായിരുന്നു. ആകെയുള്ള 8, 808 സമ്മതിദായകരിൽ 5317 പേർ വോട്ട് രേഖപ്പെടുത്തി. 4173 പുരുഷ വോട്ടർമാരിൽ 2457 പേരും 4635 സ്ത്രീ വോട്ടർമാരിൽ 2860 പേരുമാണ് വോട്ടു ചെയ്തത്. മാനന്തവാടി ഹിൽബ്ലൂംസ് സ്‌കൂൾ, പാണ്ടിക്കടവ് താഹിയത്തുൽ ഇസ്‌ലാം മദ്രസ, പയിങ്ങാട്ടിരി ഗവ. എൽ.പി. സ്‌കൂൾ, മാനന്തവാടി ഗവ. കോളേജ്, പുതിയിടംകുന്ന് സെയ്‌ന്റ് പോൾസ് എൽ.പി. സ്‌കൂൾ, പള്ളിക്കൽ ഗവ. എൽ പി. സ്‌കൂൾ എന്നിവിടങ്ങളിലായി 10 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. പള്ളിക്കൽ ഗവ. എൽ.പി. സ്കൂളിലെ 18-ാം നമ്പർ ബൂത്തിലാണ് ഏറ്റവുംകൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 65.06 ശതമാനമാണ് ഇവിടത്തെ പോളിങ്. 49.79 ശതമാനം രേഖപ്പെടുത്തിയ പയിങ്ങാട്ടിരി ഗവ. എൽ.പി. സ്കൂളിലെ 17-ാം നമ്പർ ബൂത്തിലായിരുന്നു ഏറ്റവുംകുറവ് പോളിങ്.
നാലുബൂത്തുകളാണ് പയിങ്ങാട്ടിരി സ്കൂളിൽ സജ്ജീകരിച്ചത്. പള്ളിക്കൽ ഗവ. എൽ.പി. സ്കൂളുകളിൽ രണ്ട് ബൂത്തുകളും മറ്റു പോളിങ് കേന്ദ്രങ്ങളിൽ ഓരോ ബൂത്തുകളാണുണ്ടായിരുന്നത്. രാവിലെമുതൽ മന്ദഗതിയിലായിരുന്നു പോളിങ്. പാണ്ടിക്കടവ് താഹിയത്തുൽ ഇസ്‌ലാംമദ്രസയിൽ ആറുമണി കഴിഞ്ഞും വരിയിലുണ്ടായിരുന്ന 15 പേർക്ക് ടോക്കൺ നൽകി വോട്ടവകാശം ഉറപ്പുവരുത്തി. ബൂത്ത് ലെവൽ ഓഫീസർമാരുടെ സേവനം ലഭ്യമല്ലാതിരുന്നത് വോട്ടുചെയ്യാനെത്തിയ മുതിർന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കിയതായി ആക്ഷേപമുയർന്നു. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമുണ്ടായിരുന്നു. ഹരിതകർമസേനാംഗങ്ങളുടെ സേവനം ഉപയോഗിച്ചിരുന്നില്ല. ചിലയിടങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി സ്ലിപ്പുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി പരാതികളുയർന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 10-നു മാനന്തവാടി സെയ്‌ന്റ് പാട്രിക്സ് സ്കൂളിൽ വോട്ടെണ്ണൽ തുടങ്ങും. ഇതിനായി രണ്ട് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരുമണിക്കൂറിനകം ഫലമറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published: 29 Sept 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented