മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.

To advertise here,

രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ, പാണ്ടിക്കടവ് താഹിയത്തുൽ ഇസ്‌ലാം മദ്രസ, പയിങ്ങാട്ടിരി ഗവ. എൽ.പി. സ്കൂൾ, മാനന്തവാടി ഗവ. കോളേജ്, പുതിയിടംകുന്ന് സെയ്ൻറ് പോൾസ് എൽ.പി. സ്കൂൾ, പള്ളിക്കൽ ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിലായി 10 പോളിങ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. എടവക ഗ്രാമപ്പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ. 8736 വോട്ടർമാരാണുള്ളത്.

വോട്ടെടുപ്പിന്റെ സാഹചര്യത്തിൽ പോളിങ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും പള്ളിക്കൽ നിയോജകമണ്ഡലം പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയ്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ ജയശ്രീ വാരിയർ, അസി. റിട്ടേണിങ് ഓഫീസർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവരുടെ സാന്നിധ്യത്തിൽ മാനന്തവാടി സെയ്‌ന്റ് പാട്രിക്സ് സ്കൂളിൽനിന്ന്‌ പോളിങ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾ വിതരണംചെയ്തു. 55 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് പോളിങ് ജോലികൾക്കായി വിന്യസിച്ചിട്ടുള്ളത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 90 പോലീസ് ഓഫീസർമാരെ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി എ.എസ്.പി. ബി. കാർത്തിക്ക് പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 29-ന് രാവിലെ 10 മുതൽ സെയ്‌ന്റ് പാട്രിക്സ് സ്കൂളിൽനിന്നാണ് വോട്ടെണ്ണുക.