പനമരം : കരിമ്പുമ്മൽ ഗ്രൗണ്ടിൽ നിർമിച്ച കുട്ടികളുടെ പാർക്ക് സംരക്ഷണമില്ലാതെ നശിക്കുമ്പോഴും പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. ആറുമാസംമുൻപ് പനമരത്തെ പഞ്ചായത്ത് സ്റ്റേഡിയമായ കരിമ്പുമ്മൽ ഗ്രൗണ്ടിന്റെ മൂലയിൽ ഒരുക്കിയ പാർക്കിനാണ് അവഗണന. സ്വകാര്യ ആശുപത്രിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ പാർക്ക് ഒരുക്കിയത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഈ പാർക്ക് ഉദ്ഘാടനം ചെയ്യാൻപോലും പനമരം ഗ്രാമപ്പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി.

To advertise here,

 

കുട്ടികളുടെ മാനസികോല്ലാസത്തിനായി ഒരുക്കിയ പാർക്ക് കാടുകയറിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇതിനകത്തെ കാടുകൾ വെട്ടിമാറ്റിയത്. എന്നാൽ, പാർക്കിന്റെ പരിസരമാകെ കാടുകയറിക്കിടക്കുകയാണ്. പാർക്കിനകത്ത് സമീപത്തെ കുട്ടികൾ കളിക്കാനെത്തുന്നുണ്ട്. കാട് വളർന്നതിനാൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ ഉണ്ടാവുമോയെന്ന് ആശങ്കയുമുണ്ട്.

പാർക്കിന്റെ സംരക്ഷണവലയം ഉദ്ഘാടനത്തിന് മുൻപേ തകർക്കപ്പെട്ട നിലയിലാണ്.

പഞ്ചായത്ത് സ്റ്റേഡിയത്തിൽ പാർക്ക് ഒരുക്കിയത് വലിയ വിമർശനങ്ങൾക്ക്‌ ഇടയാക്കിയിരുന്നു. കളിസ്ഥലത്തിന്റെ വിസ്തൃതി കുറയുമെന്ന ആക്ഷേപമാണുള്ളത്. അങ്ങനെയിരിക്കെ കുട്ടികൾക്കായി നിർമിച്ച പാർക്ക് ഉദ്ഘാടനംചെയ്യാത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കുന്നത്. ഉദ്ഘാടനം നടത്തി പാർക്കിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.