മേപ്പാടി : കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കുക, വെള്ളരിമല, കോട്ടപ്പടി എന്നീ വില്ലേജുകളെ ഇ.എസ്.എ യിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർമസമിതി ഞായറാഴ്ച മേപ്പാടി ടൗണിൽ ബഹുജനധർണ നടത്തി. മേപ്പാടി കെ.ബി. റോഡ് ജങ്ഷനിലായിരുന്നു ധർണ. മലയോര മേഖലയായ മേപ്പാടി അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങൾ ധർണയിൽ ഉയർന്നു.

To advertise here,

 

ചുരത്തിലെ ഗതാഗതക്കുരുക്ക് കാരണം വയനാട്ടുകാർ അനുഭവിക്കുന്ന രൂക്ഷമായ യാത്രാക്ലേശം, നിശ്ചിതസമയത്ത് കോഴിക്കോട്ടെ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും എത്തിക്കാൻ കഴിയാത്തതിനാൽ ചുരത്തിൽ പൊലിയുന്ന രോഗികളുടെ ജീവനുകൾ, നാലുചുരങ്ങളും അടയുമ്പോൾ ഒറ്റപ്പെടേണ്ടിവരുന്ന ജനങ്ങളുടെ നിസ്സഹായാവസ്ഥ, തുരങ്കപാത യാഥാർഥ്യമാകുമ്പോൾ കേരളത്തിന് പൊതുവായും പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്കുണ്ടാകുന്ന വികസനം, കിഫ്ബി ഇല്ലാതായാലുണ്ടാകുന്ന പ്രതിസന്ധി തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളും പ്രത്യാശയും പങ്കുവെച്ചു. കഴിഞ്ഞ ജൂലായ് ഏഴിന് മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് തുരങ്കപാതയുടെ നിർമാണം നിർത്തിവെച്ചത്. ദുരന്തത്തെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗധസമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തുരങ്കപാതയുടെ നിർമാണം എന്ന് പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരരംഗത്തിറങ്ങുന്നത്.

 

കൂനിൻമേൽ കുരുവായി ഇ.എസ്.എ.

മലയോര മേഖലയുടെ പ്രതീക്ഷകൾക്ക് ദുരന്തങ്ങൾ മങ്ങലേൽപ്പിച്ചപ്പോഴാണ് പ്രതിസന്ധി വർധിച്ച് പ്രദേശത്തെ അതീവ പരിസ്ഥിതിലോല പ്രദേശമാക്കിക്കൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം എത്തിയത്. ടൂറിസത്തിന്റെയും മറ്റു വരുമാന സ്രോതസ്സുകളും ഇല്ലാതാക്കുമെന്ന ആശങ്കയ്ക്കൊപ്പം ഏക പ്രതീക്ഷയായ തുരങ്കപാതയും ഇല്ലാതാക്കുമോയെന്ന ആവലാതിയും ജനങ്ങൾക്കുണ്ട്. തുരങ്കപാത ഇല്ലാതായാൽ ഭാവിയിൽ മനുഷ്യവാസമില്ലാത്ത, വന്യമൃഗങ്ങൾമാത്രം വസിക്കുന്ന ഒരു ഇടമായി മലയോരമേഖല മാറുമോയെന്ന ആശങ്കയാണ് ജനങ്ങളുടെ ഉറക്കംകെടുത്തുന്നത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കി തുരങ്കപാതയുടെ നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാണ് ആവശ്യം. ധർണ പൊതുപ്രവർത്തകൻ എം.എസ്. ജയകുമാർ ഉദ്ഘാടനംചെയ്തു.

സമിതി കൺവീനർ പി. മുനീർ അധ്യക്ഷതവഹിച്ചു. ചെയർമാൻ കെ.പി. ഹൈദർ അലി, ഷൈജു കാവുങ്ങൽ, കെ.എസ്. ശശി, പി.പി. അബ്‌ദുൾ അസീസ്, നാസർ ഉപ്പുപാറ, സി.എ. കമാൽ വൈദ്യർ, ഉസ്മാൻ കുന്നത്ത്, കെ.കെ. സലാം, സതീശൻ നെല്ലിമുണ്ട, ജേക്കബ് പുത്തുമല എന്നിവർ സംസാരിച്ചു.