സുൽത്താൻബത്തേരി : മടക്കിമലയിൽ നിർദിഷ്ട വയനാട് മെഡിക്കൽകോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും വയനാട്ടിലെ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആരോപിച്ചു. 2013-ൽ അന്നത്തെ സർക്കാർ തറക്കല്ലിട്ട മെഡിക്കൽ കോളേജ് രാഷ്ട്രീയലാഭങ്ങൾക്കും സ്വകാര്യലോബികളുടെ താത്പര്യങ്ങൾക്കും അട്ടിമറിക്കുകയായിരുന്നു. മടക്കിമലയിലെ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് 50 ഏക്കർ ഭൂമിയിൽ പരിസ്ഥിതിപ്രശ്നങ്ങളുണ്ടെന്നും ഭൂമിക്ക് ചരിവുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് സർക്കാർ പദ്ധതി മാനന്തവാടിയിലേക്ക് മാറ്റിയത്. എന്നാൽ, ഇപ്പോൾ ലഭ്യമായ സർക്കാർ സത്യവാങ്മൂലത്തിൽ ഇക്കാര്യങ്ങളിലെ വൈരുധ്യം വ്യക്തമാകുന്നുണ്ട്.
നാഷണൽ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മാനന്തവാടിയിലെ നിക്ഷിപ്ത വനഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഒരു പ്രശ്നവുമില്ലാത്ത 50 ഏക്കർ സൗജന്യമായി ലഭിച്ചിട്ടും വേണ്ടെന്നുവെച്ച് അതിസങ്കീർണ്ണമായ വനഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത് തികഞ്ഞ ജനവഞ്ചനയാണെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. യു.ഡി.എഫ് ജനപ്രതിനിധികളായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, ഇവരുടെ നിശ്ശബ്ദതയ്ക്ക് പിന്നിൽ സ്വകാര്യ മെഡിക്കൽ ലോബികളുമായുള്ള കൂട്ടുകച്ചവടമാണെന്നും കൗൺസിൽ ആരോപിച്ചു. ജനവഞ്ചനയ്ക്കെതിരേ സുൽത്താൻബത്തേരി എം.എൽ.എ.യുടെ ഓഫീസിലേക്ക് ആക്ഷൻ കൗൺസിൽ മാർച്ചും ധർണയും നടത്തി.
മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ സെക്രട്ടറി ഫാ. അബ്രഹാം മാത്യു കോർ എപ്പിസ്കോപ്പ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.എം. പ്രേമലത അധ്യക്ഷതവഹിച്ചു. മുഖ്യരക്ഷാധികാരി വി.പി. എൽദോ ലോകായുക്തയിലെ കേസ് വിശദാംശങ്ങൾ അവതരിപ്പിച്ചു. ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ, എസ്.എച്ച്.ആർ.പി.സി. ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, എസ്.എ. നസീർ, കെ.എം. ശ്രീധരൻ, കെ.വി. പ്രകാശൻ, സിസ്റ്റർ ലൂസി കളപ്പുര, യാസിൻ ഒമർ, വർഗീസ് വട്ടേക്കാട്, പി.പി. വാസുദേവൻ, ഫാസ്ന എരുമാട് എന്നിവർ പ്രസംഗിച്ചു. അസംപ്ഷൻ ജങ്ഷനിൽ തുടങ്ങിയ മാർച്ച് എം.എൽ.എ. ഓഫീസിന് മുന്നിൽ സമാപിച്ചു.
Published: 01 Nov 2026, 02:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented