പ്ലാന്റ് ജീനോം സേവിയർ ദേശീയപുരസ്കാരം നേടി നൂൽപ്പുഴ സ്വദേശി സൂരജ്
സുൽത്താൻബത്തേരി : ചെറുപ്പംമുതൽ കൃഷിയെ സ്നേഹിച്ച്, ജീവിതത്തിന്റെ ഭാഗമാക്കി നൂതനവിദ്യകൾ പരീക്ഷിച്ച് വിജയിച്ച യുവകർഷകനെ തേടി ദേശീയപുരസ്കാരവുമെത്തി. സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലം ചിറക്കമ്പത്ത് ഇല്ലത്ത് സൂരജ് എന്ന 28-കാരൻ നേടിയെടുത്തത് പ്ലാന്റ് ജീനോം സേവിയർ ദേശീയപുരസ്കാരമാണ്. കാർഷികവിളകളുടെ ജനിതകവൈവിധ്യവും അപൂർവമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള പി.പി.വി. ആൻഡ് എഫ്.ആർ.എ. നൽകുന്ന പുരസ്കാരമാണിത്. രാഷ്ട്രപതി സമ്മാനിക്കുന്ന പുരസ്കാരം രാജ്യത്തെ കാർഷികമേഖലയിലെ അഭിമാനകരമായ അംഗീകാരമാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നവംബർ 12-ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും.
650-ലേറെ തരം പച്ചക്കറിവിത്തുകളാണ് അഗ്രിക്കൾച്ചർ ബിരുദധാരിയായ സൂരജിന്റെ അഞ്ചേക്കർ തോട്ടത്തിലുള്ളത്. തക്കാളികളുടെതന്നെ 150-ലേറെ ഇനങ്ങളുണ്ട്. 70 ഇനം വഴുതനങ്ങ, 60 ഇനം മുളകുകൾ, 20 ഇനം ഡ്രാഗൺഫ്രൂട്ട് തുടങ്ങിയവയും നെല്ലും സൂര്യകാന്തിയടക്കമുള്ള പൂക്കളുടെ വ്യത്യസ്ത ഇനങ്ങളും ശേഖരത്തിലുണ്ട്. സ്വന്തമായി വികസിപ്പിച്ചെടുത്ത മൂന്നിനം തക്കാളികൾ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണ്.
പച്ചക്കറികളുടെയും വിവിധ വിളകളുടെയും വിത്തുകൾ ശേഖരിച്ച് സംരക്ഷിക്കുകയും അവയുടെ വൈവിധ്യം നിലനിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന യുവകർഷക പ്രതിഭാപുരസ്കാരം, കൃഷിരത്ന ദേശീയപുരസ്കാരമടക്കം നേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജൈവകൃഷിയുടെ യങ് അംബാസഡറും ആയിരുന്നു. ഇക്കാലത്ത് മന്ത്രിമാർക്കും എം.എൽ.എ.മാർക്കുംവരെ ക്ലാസെടുത്തിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് വി.എച്ച്.എസ്.സി.യിൽ കൃഷി ഇഷ്ടവിഷയമായി പഠിച്ചു. വെള്ളായണി കാർഷിക കോളേജിൽനിന്ന് ഇതേവിഷയത്തിൽ ബിരുദവും നേടിയാണ് പൂർണതോതിൽ കൃഷിയിലേക്കിറങ്ങിയത്.
അന്തരിച്ച നടൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ശ്രീനീസ് ഫാം ആൻഡ് ഡെയറി പ്രൊഡക്ട്സിന്റെ സാങ്കേതികപ്രവർത്തനങ്ങളും ചെയ്തു. വീട്ടിലേക്കാവശ്യമായ അരിയും പച്ചക്കറിയുമെല്ലാം സ്വന്തമായി ഉത്പാദിപ്പിക്കുകയാണ്. ജൈവരീതിയിലാണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൃഷിയെയും വിത്തുകളെയും സംരക്ഷിക്കുകയും ഉത്പന്നങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുന്ന സംരംഭമെന്ന ലക്ഷ്യത്തോടെ ബത്തേരിയിൽ സ്വന്തമായി ഓഫീസും www.farmformulas.com എന്ന വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. കൃഷിയെയും വിത്തുകളെയും രീതികളെയും കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും സഹിതം സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. വിത്തുകൾ ആവശ്യമുള്ളവർക്ക് വെബ്സൈറ്റിലൂടെയും നൽകുന്നുണ്ട്.
കൃഷി തൊഴിലല്ല, വികാരമാണ്
കൃഷി തനിക്കൊരു തൊഴിലല്ലെന്നും മറിച്ചൊരു വികാരമാണെന്നും സൂരജ് പറയുന്നു. ചെറുപ്പംമുതലേ കൃഷിയിൽ താത്പര്യമുണ്ടായിരുന്നതിനാൽ സ്കൂൾ വിട്ടയുടൻ ടെലിവിഷനിലെ കാർഷികപരിപാടി കാണാൻ ഓടിയെത്തുമായിരുന്നു. ഒഴിവുസമയങ്ങളെല്ലാം പാടത്ത് വിനിയോഗിച്ചു. ബി.എസ്സി. കഴിഞ്ഞപ്പോൾ മറ്റുജോലിക്ക് പോകാതെ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് ഓഫീസും വെബ്സൈറ്റും തുറന്നത്. ഇതെല്ലാം നോക്കിനടത്തുന്നതും സൂരജ് തന്നെയാണ്. ഇലക്ട്രിക്കൽ കോൺട്രാക്ടറായ സുരേഷ്കുമാറിന്റെയും ഉഷയുടെയും മകനാണ്. സഹോദരി: സൂര്യപാർവതി.
Published: 31 Oct 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented