കല്പറ്റ : സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കിയും ആലപ്പുഴയും സെമിഫൈനലിൽ. ശനിയാഴ്ച വൈകീട്ട് നടന്ന ആദ്യമത്സരത്തിൽ പത്തനംതിട്ടയെ പരാജയപ്പെടുത്തിയാണ് ഇടുക്കി സെമിഫൈനലിൽ എത്തിയത്.

To advertise here,

ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഇടുക്കിയുടെ വിജയം. അഞ്ചാം മിനിറ്റിൽ ഇടുക്കിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മുന്നേറ്റ താരം എൽദോസ് ജോർജ് വലയിലെത്തിച്ചു. 36-ാം മിനിറ്റിൽ അക്ഷയ് കുമാർ സുബേദിയും ഇടുക്കിക്കായി ഗോളടിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ മറുപടി ഗോളുകൾക്കായി പത്തനംതിട്ട പൊരുതി. സാന്റോ ശശി പത്തനംതിട്ടയുടെ ആദ്യ ഗോൾ തിരിച്ചടിച്ചു. സമനില ഗോളിനായി വാശിയേറിയ പോരാട്ടം തുടർന്നെങ്കിലും സാധിച്ചില്ല. വൈകീട്ട് ഏഴിനുള്ള മത്സരത്തിൽ കാസർകോടിനെ പരാജയപ്പെടുത്തിയാണ് ആലപ്പുഴ സെമിഫൈനലിലെത്തിയത്. വാശിയേറിയ മത്സരത്തിൽ നിശ്ചിതസമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. മത്സരം ഗോൾരഹിതസമനിലയിൽ അവസാനിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ആലപ്പുഴയുടെ വിജയം.

മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേ‍ഡിയത്തിലാണ് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഞായറാഴ്ച സെമിഫൈനൽ മത്സരത്തിൽ വൈകീട്ട് ഏഴിന് എറണാകുളവും തൃശ്ശൂരും തമ്മിൽ ഏറ്റുമുട്ടും.