മാനന്തവാടി : സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ പി. ഹസൻ മുസ്‌ല്യാരെ ആദരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റിയാണ് സ്വീകരണമൊരുക്കിയത്. പള്ളിക്കൽ മദീനത്തുന്നസ്വീഹയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഹസൻ മുസ്‌ല്യാരെ സ്വീകരണവേദിയിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹിം ബാഫഖി പ്രാർഥന നടത്തി. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽറഹ്‌മാൻ സഖാഫി ഉദ്ഘാടനംചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി.
സാമൂഹികമായും വികസനപരമായും പിന്നാക്കംനിന്ന വയനാട്ടിൽ വലിയൊരു വൈജ്ഞാനിക വിപ്ലവത്തിനു നേതൃത്വം നൽകിയ പണ്ഡിതവര്യനാണ് പി. ഹസൻ മുസ്‌ല്യാരെന്ന് അദ്ദേഹം പറഞ്ഞു. അറിവിനെ പുനരുജ്ജീവിപ്പിക്കുന്ന പണ്ഡിതന്മാർ വിവിധ സമൂഹങ്ങളിൽ പ്രവാചകന്മാർ നടത്തിയ ദൗത്യത്തിന്റെ തുടർച്ചയാണ് നിർവഹിക്കുന്നത്. നമ്മുടെ കാലത്ത് അത്തരമൊരു ഉത്തരവാദിത്വം മനോഹരമായി നിർവഹിച്ച സൗമ്യസാന്നിധ്യമാണ് ഹസൻ മുസ്‌ല്യാരുടെതെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഇബ്രാഹിം ബാഫക്കി തങ്ങളും ചേർന്ന് ഉപഹാരസമർപ്പണം നടത്തി. കെ.ഒ. അഹമ്മദ്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. ഹുസൈൻ ബാഖവി അനുമോദനപത്രം സമർപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്. ഷറഫുദ്ദീൻ, അബ്ദുൽറഷീദ് അൽ ഹസനി എന്നിവർ സംസാരിച്ചു. ഭൗതിക സാഹചര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് മലപ്പുറം നീലാഞ്ചേരിയിൽനിന്ന് അധ്യാപന ദൗത്യവുമായാണ് ഹസൻ മുസ്‌ല്യാർ വയനാട്ടിലെത്തിയത്.
കല്പറ്റ ദാറുൽ ഫലാഹിൽ ഇസ്‌ലാമിയ്യ, മാനന്തവാടി മുഅസ്സസ, പള്ളിക്കൽ മദീനത്തുന്നസീഹ തുടങ്ങി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകി. അൻപതു വർഷമായി സമസ്ത ജില്ലാ പ്രസിഡന്റാണ്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ കഴിഞ്ഞമാസം 'നൂറുശ്ശരീഅഃ' പദവി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
Published: 31 Oct 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented