കാർഷികമേഖലയിൽ പത്തുശതമാനംവരെ ഉത്പാദന നഷ്ടത്തിന് സാധ്യത

To advertise here,

കല്പറ്റ : ജില്ലയിലെ ഗുരുതരമായ വരൾച്ചാ സാഹചര്യവും കാർഷികമേഖലയിലെ ഉത്പാദനക്കുറവും പരിഹരിക്കാൻ സ്വാഭാവിക മഴവെള്ളസംഭരണ രീതികൾ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി ടി. സിദ്ദിഖ്. സ്വാഭാവിക മഴവെള്ളസംഭരണത്തിലൂടെ വരൾച്ചയെ അതിജീവിച്ച് കൃഷി നടത്തുന്ന പ്രാദേശിക കർഷകരുടെ മാതൃകകൾ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിച്ച് കർഷകരെ പ്രോത്സാഹിപ്പിക്കാൻ കൃഷി ഓഫീസർമാരും തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ പെയ്ത മഴയിൽ ശരാശരി 28 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കൂടിയതായും താപനില ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ കാർഷികമേഖലയിൽ ഏകദേശം 10 ശതമാനംവരെ ഉത്പാദന നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജല അതോറിറ്റി, ഭൂജല-കൃഷി, വനം- മൃഗസംരക്ഷണ വകുപ്പ്, ഇറിഗേഷൻ-കെ.എസ്.ഇ.ബി., ബാണാസുര-കാരാപ്പുഴ പദ്ധതി പ്രതിനിധികളെ ഉൾപ്പെടുത്തി പ്രവർത്തനം ഊർജിതമാക്കും. വരൾച്ചാപ്രതിരോധത്തിന് ജില്ലയിൽ അടിയന്തരമായി നടപ്പാക്കേണ്ട ചെറുകിട-ദീർഘകാല പദ്ധതികൾ തദ്ദേശസ്വയംഭരണതലത്തിൽ തയ്യാറാക്കി 10 ദിവസത്തിനകം കളക്ടർ മുഖേന സർക്കാരിന് നൽകാനും തീരുമാനിച്ചു.

ഫെബർ റെയിൻഫോഴ്‌സ് പ്ലാസ്റ്റിക് ഷട്ടറുകൾ പരിഗണനയിൽ

ജില്ലയിൽ കേടുപാടുകൾ സംഭവിച്ച തടയണകളുടെ അറ്റകുറ്റപ്രവൃത്തി, മണ്ണും ചെളിയും നീക്കൽ, പുതിയ ചെക്ഡാമുകളുടെ നിർമാണം, ഡ്രിപ്പ് ഇറിഗേഷൻ സ്‌കീമുകൾ എന്നിവ വേഗത്തിലാക്കും. മരംകൊണ്ടുള്ള ഷട്ടറുകൾക്ക് പകരം കൂടുതൽ ഈടുനിൽക്കുന്ന ഫെബർ റെയിൻഫോഴ്‌സ് പ്ലാസ്റ്റിക് ഷട്ടറുകൾ ഉപയോഗിക്കുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കബനി, കാരാപ്പുഴ, ബാണാസുരസാഗർ ഡാമുകളിലെ ജലനിരപ്പും ജലലഭ്യതയും യോഗം വിലയിരുത്തി. ഇറിഗേഷൻവകുപ്പും മറ്റു ഏജൻസികളും നിലവിൽ ഏറ്റെടുത്ത് പൂർത്തിയാകാത്ത എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു. വരൾച്ച രൂക്ഷമാകുന്നതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിക്കും ജീവനും ഭീഷണിയാകുന്നത് തടയാനും നീലഗിരിയുമായി അതിർത്തിപങ്കിടുന്ന വനമേഖലകളിൽനിന്ന് വന്യമൃഗങ്ങൾ ജലാശയങ്ങൾ തേടി നാട്ടിലേക്കിറങ്ങുന്നത് തടയാനും വനംവകുപ്പിന്റെ പ്രത്യേക ഇടപെടൽ ഉറപ്പാക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, എ.ഡി.എം. കെ. അജീഷ്, ഡെപ്യൂട്ടി കളക്ടർ ഇ. സുരേഷ് ബാബു തുടങ്ങിയവർ യോഗത്തിൽ‌ പങ്കെടുത്തു.