കൽപ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലിയുടെ സ്വീകരണം

To advertise here,

കൊയിലാണ്ടി : രാഷ്ട്രീയ ഉള്ളടക്കമുള്ള മുഖപ്രസംഗകവിതകളാണ് നല്ലതെന്ന ധാരണയെ തിരുത്തിയ കവിയാണ് കൽപ്പറ്റ നാരായണനെന്ന് തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹൻ. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റ കവിയും പ്രഭാഷകനും എഴുത്തുകാരനുമായ കൽപ്പറ്റ നാരായണന് കൊയിലാണ്ടി പൗരാവലി നൽകിയ സ്വീകരണ പരിപാടി- ‘കോന്തല’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക വാർത്തകളിൽനിന്നുണ്ടാവുന്ന കവിത കാലത്തെ അതിജീവിക്കില്ല. എല്ലാം നശിച്ചാലും

നിലനിൽക്കുന്നതാണ് നല്ലകവിത -ജയമോഹൻ പറഞ്ഞു. കെ. പ്രവീൺകുമാർ എം.എൽ.എ. അധ്യക്ഷനായി.

വയനാടിന്റെ ദളിത് സംസ്‌കൃതിയെപിൻപറ്റിയുള്ള അന്വേഷണവും എഴുത്തും കൽപ്പറ്റ നാരായണന്റെ സവിശേഷതയാണെന്ന് സാംസ്‌കാരികസമ്മേളനംഉദ്ഘാടനം ചെയ്ത പ്രശസ്‌ത മറാഠി എഴുത്തുകാരനും അംബേദ്‌കറിസ്‌റ്റുമായ ശരൺകുമാർ ലിംബാളെ പറഞ്ഞു. ബുദ്ധിസ്‌റ്റ് തത്ത്വചിന്തയിലൂന്നിയ കാഴ്ചപ്പാട് കൽപ്പറ്റയുടെ എഴുത്ത്ഭാഷയ്ക്കപ്പുറത്തേക്കും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള ഭാഷാപഠനത്തിനും സാഹിത്യപരിചയത്തിനും സഹായകമായ പാഠ്യപദ്ധതി തിരികെ ക്കൊണ്ടുവരാൻ സാഹിത്യഅക്കാദമി ശ്രമിക്കണമെന്ന് ഉപഹാരസമർപ്പണം നടത്തിയ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി പറഞ്ഞു.

കേരള സാഹിത്യഅക്കാദമി അവാർഡ് ജേതാവ് ഹരിതാ സാവിത്രി, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ, വി.ടി. മുരളി, കെ.വി. സജയ്, ജിസാ ജോസ്, ചന്ദ്രശേഖരൻ തിക്കോടി, സോമൻ കടലൂർ, വിജയരാഘവൻ ചേലിയ, യു.കെ. രാഘവൻ, പാലക്കാട് പ്രേംരാജ് എന്നിവർ സംസാരിച്ചു.

കൽപ്പറ്റ നാരായണൻ മറുമൊഴി നൽകി. മ്യൂസിക് ക്യൂ അവതരിപ്പിച്ച സ്വാഗതഗീതം, എമിൽ മാധവിയുടെ പോയട്രി പെർഫോർമൻസ്, ശാന്തിപ്രിയയുടെ വിസ്‌ഡം പോയട്രി ബാവുൽ സംഗീതം എന്നിവയുമുണ്ടായിരുന്നു.