ഗൂഡല്ലൂർ : മനുഷ്യജീവന് ഒരു വിലയുമില്ലാതാവുകയാണ് ഗൂഡല്ലൂരിൽ. ഏഴുമാസത്തിനിടെ, ഗൂഡല്ലൂരിലും പരിസരങ്ങളിലുമായി കാട്ടാന കൊലപ്പെടുത്തിയത് പത്തുപേരെ. രാപകൽ വ്യത്യാസമില്ലാതെയാണ് ഇവിടെ കാട്ടാനയുടെ ആക്രമണം. കാട്ടാനക്കലിയിൽ മരിക്കുന്നവരുടെ ഭൂമിയായിമാറിയിരിക്കുകയാണ് ഗൂഡല്ലൂർ. ബിദർക്കാട് വനം ഡിവിഷനിൽപ്പെട്ട നെലാക്കോട്ടയിലെ റാക്കൂഡിൽ ഏഴുമാസത്തിനിടെ കാട്ടാന കൊല്ലുന്ന പത്താമത്തെയാളാവുകയാണ് പാണ്ഡ്യരാജ് (58). ദിനംപ്രതി നടന്നുപോകുന്ന വഴിയിലൂടെ, ജോലിസ്ഥലമായ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
കണക്കിൽ 160, പുറത്തുവിട്ടത് 32
നൂറ്റിയറുപത് മനുഷ്യജീവനുകൾ നഷ്ടപ്പെട്ട, വറ്റാത്ത കണ്ണീരുമായി കഴിയുന്ന ഗൂഡല്ലൂരിലുള്ളവർക്ക് കാട്ടാനകൾ ജീവനെടുക്കുന്നതുകേട്ട് മനസ്സ് മരവിച്ചതുപോലെയായി. മുൻപ് കാട്ടാന ഒരാളെ കൊലപ്പെടുത്തിയെന്നുകേട്ടാൽ എവിടെയെന്നോ എപ്പോഴെന്നോ ചോദിച്ചിരുന്നവർക്ക് ഇപ്പോൾ ‘ആണോ’ എന്ന നിർവികാര ചോദ്യം മാത്രമേയുള്ളൂ. വനംവകുപ്പാകട്ടെ കൊല്ലപ്പെട്ടവരുടെ കണക്കുപുസ്തകത്തിൽ ആളെ ചേർക്കുകയല്ലാതെ അത് പുറംലോകത്തെ ഔദ്യോഗികമായി അറിയിക്കുന്നതുപോലുമില്ലെന്നാണ് പരാതി.
1971 മുതൽ 2005 വരെയായി 32 പേർ കാട്ടാനക്കലിക്കിരയായി കൊല്ലപ്പെട്ടെന്ന കണക്കുകളാണ് വനംവകുപ്പ് പുറത്തുവിട്ടത്. 2005-നുശേഷം ഇതുവരെ 128 പേർ മരണപ്പെട്ടതായാണ് കണക്കുകൾ. ഈ കണക്ക് കാട്ടാനക്കലിയിൽമാത്രം ജീവൻ നഷ്ടപ്പെട്ടവരാണ്. കടുവയും പുള്ളിപ്പുലിയുമുൾപ്പെടെ വിഹരിക്കുന്ന മുതുമലക്കാടിന്റെ ഓരത്തുള്ള ജനവാസകേന്ദ്രത്തിൽ, കാട്ടാനയെ കൂടാതെ മറ്റു വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്ക് വേറെയുമുണ്ട്. 1971 മുതൽ 2005 വരെ 77 പേരുടെ കെട്ടിടങ്ങൾ കാട്ടാന തകർത്തതായാണ് വനംവകുപ്പ് പുറത്തുവിട്ട ഔദ്യോഗിക കണക്കിലുള്ളത്. 2005-നുശേഷം 380 പേരുടെയെങ്കിലും കെട്ടിടങ്ങൾ കാട്ടാന തകർത്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ കൈവശമുള്ള കണക്കുകൾ.
രാത്രിയിൽ നാട്ടുകാരുടെ കനത്ത പ്രതിഷേധം
ഗൂഡല്ലൂർ : നിലവിളികേട്ട് ചൊവ്വാഴ്ച രാത്രിയിൽ ഓടിക്കൂടിയവർക്ക് കാട്ടാനയുടെ ചവിട്ടേറ്റ് പാണ്ഡ്യരാജ് വയറുപിളർന്ന് കിടക്കുന്ന കാഴ്ചയാണ് കാണാനായത്. അർധരാത്രിയടുക്കുമ്പോഴും റാക്കോഡ് തേയിലത്തോട്ടത്തിലെ ആശുപത്രിക്കുമുന്നിൽ കൂട്ടംകൂടിനിന്ന് സംസാരിക്കുകയായിരുന്നു നാട്ടുകാർ. വനംവകുപ്പധികൃതർ അപ്പോഴും എത്തിയിരുന്നില്ല. പ്രതിഷേധവുമായി നാട്ടുകാർ അർധരാത്രിയിലും വനപാലകർ വരുന്നതും കാത്തിരുന്നു.
ഗൂഡല്ലൂരിൽ പതിവായി കാട്ടാനയിറങ്ങുന്നയിടങ്ങളിലെല്ലാം മനുഷ്യജീവൻ അപഹരിക്കപ്പെടുമ്പോൾ ഇത്തരം നിസ്സംഗത സാധാരണമാണ്. ജനപ്രതിനിധികൾക്കൊപ്പമാണ് പാണ്ഡ്യരാജ് കൊല്ലപ്പെട്ടയിടത്തേക്ക് അർധരാത്രിയോടെ വനപാലകരെത്തുന്നത്. നാട്ടുകാർ രോഷത്തോടെ പ്രതികരിച്ചെങ്കിലും ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ഇടപെട്ടാണ് പുലർച്ചെയോടെ പാണ്ഡ്യരാജിന്റെ മൃതദേഹം സ്ഥലത്തുനിന്നെടുക്കാനായത്. ബുധനാഴ്ച പകൽ ഗൂഡല്ലൂർ ആർ.ഡി.ഒ. എ. ഗുണശേഖരന്റെ അധ്യക്ഷതയിൽ പിന്നീട് യോഗം ചേർന്നു.
മരിച്ച പാണ്ഡ്യരാജിന്റെ കുടുംബത്തിലൊരാൾക്ക് താത്കാലികജോലി നൽകാനും മരണാനന്തരച്ചടങ്ങുകൾക്കും സഹായധനമായും പത്തരലക്ഷം രൂപ നൽകാനും ധാരണയായി.
കാട്ടാനയിറങ്ങുന്ന പ്രദേശത്തെ മരങ്ങളും കുറ്റിക്കാടുകളും നീക്കംചെയ്യാനും തെരുവുവിളക്കുകൾ സ്ഥാപിക്കാനും യോഗം തീരുമാനമെടുത്തു.
കെ. ദ്രാവിഡമണി എം.എൽ.എ., ഡി.എഫ്.ഒ. പി. ദേവരാജ്, വനംവകുപ്പ് ഫോറസ്റ്റ് ഓഫീസർ ജെ. അയ്യനാർ, ഗൂഡല്ലൂർ ഡി.എസ്.പി. കെ. വസന്തകുമാർ, നേതാക്കളായ മുൻ എം.എൽ.എ. പൊൻജയശീലൻ, ഇളഞ്ചൊഴിയൻ ബാബു, ചെളിവയൽ ഷാജി, എം.ആർ. സുരേഷ്, എ.വി. ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Published: 19 Nov 2026, 03:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented