കമ്മന: ജലസേചനസൗകര്യമില്ലാത്തതിനാൽ കമ്മനയിലെ ഇരുപതേക്കറോളംവരുന്ന നെൽക്കൃഷി പ്രതിസന്ധിയിൽ. നഞ്ഞോം പാടശേഖരത്തിലെ വയലുകളാണ് വരണ്ടുണങ്ങുന്നത്. മഴകിട്ടിയില്ലെങ്കിൽ നെൽച്ചെടികളെല്ലാം കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണുള്ളത്.
മഴകുറഞ്ഞതോടെ നീരുറവകളെല്ലാം വറ്റിവരണ്ടതാണ് നെൽക്കൃഷിക്ക് പ്രതിസന്ധിയായത്. പാടശേഖരത്തിന്റെ താഴെഭാഗത്തുള്ള വയലുകളിൽ മാത്രമാണ് ഇപ്പോൾ നനവുള്ളത്. മഴ പെയ്തില്ലെങ്കിൽ ഒരു മാസം കഴിയുന്നതോടെ ഈ ഭാഗവും വരളും. കബനി നദിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മുൻപ് വയലുകളിൽ വെള്ളമെത്തിച്ചിരുന്നു. ധാരാളം വെള്ളം കിട്ടുമായിരുന്ന കാലത്ത് രണ്ടു വിളക്കൃഷി എടുത്തിരുന്നതായി കർഷകനായ ഇ.പി. സജീഷ് പറഞ്ഞു.
വെള്ളമില്ലാത്തതിനാൽ ഇപ്പോൾ ഒറ്റവിളപോലും ചെയ്യാൻ സാധിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
ചെറുകിട ജലസേചനപദ്ധതി പ്രവൃത്തി ഇഴയുന്നു
വയലിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ജലസേചന പദ്ധതി വർഷങ്ങൾക്കു മുൻപേ നശിച്ചിരുന്നു. ഒന്നരക്കോടി രൂപയുടെ ചെറുകിട ജലസേചനപദ്ധതി അനുവദിച്ചിട്ടുണ്ടെങ്കിലും വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവർത്തികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഇതിനായി ടെൻഡർ വിളിച്ചിരുന്നെങ്കിലും കൈക്കൊള്ളാൻ ആളുകളെത്തിയില്ല. വീണ്ടും ടെൻഡർ വിളിച്ച് പ്രവൃത്തി നടക്കാനുള്ള നീക്കമാണ് ചെറുകിട ജലസേചന വകുപ്പ് നടത്തുന്നത്.
ചെറുകിട ജലസേചന വകുപ്പ്, പി.ഡബ്ല്യു.ഡി. മെക്കാനിക്കൽ വിഭാഗം, പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കൽ വിഭാഗം എന്നിവ ചേർന്നാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. സാധാരണ ചെറുകിട ജലസേചനവകുപ്പിന്റെ പദ്ധതികൾ രണ്ടുവർഷംകൊണ്ടു പൂർത്തിയാക്കണമെന്നാണ്. പദ്ധതി തുടങ്ങിയിട്ട് ഇപ്പോൾ ഒന്നരവർഷത്തിലധികമായി. പുതിയ ടെൻഡർ വിളിച്ച് വൈദ്യുതീകരണം ഉൾപ്പെടെ നടത്തി കെ.എസ്.ഇ.ബി.യിൽ പണംകെട്ടിവച്ചാൽ മാത്രമേ വൈദ്യുതി കണക്‌ഷൻ ലഭിക്കൂ. ഇതിനു ചുരുങ്ങിയത് പത്തു മാസമെങ്കിലും വേണ്ടിവരും.
നെൽക്കൃഷി ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് നഷ്ടംസഹിച്ചും കൃഷിചെയ്യുന്നത്. ഇതേ രീതിയിൽ വെള്ളംലഭിക്കാതെ വന്നാൽ ഒന്നുംകിട്ടാത്ത സ്ഥിതിയാണുണ്ടാവുക. കിട്ടുന്ന വിളവു പ്രതീക്ഷിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വായ്പയെടുത്ത് കൃഷിയിറക്കിയവർ ഏറെ ആശങ്കയിലാണ്. നെൽക്കൃഷി അനുദിനം ചുരുങ്ങിവരുമ്പോഴും നിലവിലുള്ളവരെ പിടിച്ചു നിർത്താനുള്ള ഇടപെടൽ കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്ന ആരോപണമുണ്ട്.
'മുൻപ് മഴ ധാരാളമായി ലഭിക്കുന്നതിനാൽ വയലുകളും തോടുകളുമൊക്കെ ജലസമൃദ്ധമായിരുന്നെന്നും കൃഷിയിറക്കാൻ പ്രയാസമുണ്ടായിരുന്നില്ലെന്നും കർഷകനായ ഇ.പി. പ്രേമചന്ദ്രൻ പറഞ്ഞു. മഴ കുറഞ്ഞതിനാൽ തോടുകളൊക്കെ വറ്റി. കൃഷി കരിയാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം- പ്രേമചന്ദ്രൻ പറഞ്ഞു.
കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണം
കനാലിന്റെ പണി പൂർത്തിയാക്കിയിട്ട് ഒരു വർഷത്തോളമായെങ്കിലും കമ്മിഷൻ ചെയ്യുന്നതിനുള്ള നടപടി നീളുകയാണ്. പദ്ധതി പൂർത്തിയാവാൻ അടുത്ത ജൂലായ് മാസംവരെയെങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത്. കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് വയലിൽ വെള്ളമെത്തിക്കാനുള്ള ഇടപെടലുകൾ നടത്തണം. അല്ലാത്തപക്ഷം മുഴുവൻ കൃഷിയും കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണുള്ളത്.
- കമ്മന മോഹനൻനാട്ടുകാരൻ, ഡി.സി.സി. സെക്രട്ടറി
Published: 14 Sept 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented