മേപ്പാടി : പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ മന്ത്രി ടി. സിദ്ദിഖ് നാടിന് സമർപ്പിച്ചു. കല്പറ്റ നഗരസഭ, മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തുകളിലാണ് 16 അങ്കണവാടികൾ അത്യാധുനികരീതിയിൽ പുനരുദ്ധരിച്ചത്.
കെട്ടിടങ്ങളെത്തന്നെ പഠനസഹായികളാക്കുന്ന 'ബാല' ആശയം മുൻനിർത്തി ശിശു സൗഹൃദപരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, വൈദ്യുതീകരണം, ഫോൾസ് സീലിങ്, പ്ലബിങ്, തറ ഓടുപാകൽ, ട്രസ് റിപ്പയർ, അടുക്കള നവീകരണങ്ങൾ, വർണാഭമായ ചിത്രപ്പണികൾ, ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക റാംപുകൾ, പ്രകൃതിസൗഹൃദ ബേബി ടോയ്ലെറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ്. എന്നിവ ചേർന്ന് സി.ഐ.ഐ. ഫൗണ്ടേഷൻ, ഈസ്റ്റേൺ-ഓർക ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ചെമ്പ്ര അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാർക്കായി സംഘടിപ്പിച്ച ശാക്തീകരണ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷൻ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാതാ, വാർഡ് അംഗം എസ്. സുരേഷ്, എ.എൽ.എം.സി. കമ്മറ്റിയംഗം പി. ബാബു, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർമാരായ ഗീത എം. ഷാജി, ഗീത, കല്പറ്റ സി.ഡി.പി.ഒ കെ.പി. ഷൈജ, ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സി.ഇ.ഒ. ഗിരീഷ് നായർ എന്നിവർ സംസാരിച്ചു.
Published: 19 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented