യു.ഡി.എഫ്. സ്ഥാനാർഥി ലീലാ ഗോവിന്ദന് ജയം

To advertise here,

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി ലീലാ ഗോവിന്ദന് ജയം. 331 വോട്ടുകളുടെ ലീഡിനാണ് യു.ഡി.എഫ്. ഡിവിഷൻ നിലനിർത്തിയത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഡ് നില മൂന്നിലൊന്നായി കുറഞ്ഞു. പള്ളിക്കൽ ഡിവിഷൻ അംഗമായിരുന്ന ഉഷാ വിജയൻ എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ മാനന്തവാടി സെയ്ന്റ് പാട്രിക് സ്കൂളിൽ രാവിലെ 10-ന് ആരംഭിച്ചു. രണ്ടു ടേബിളുകളിലായാണ് 10 ബൂത്തുകളിലെ വോട്ടുകൾ എണ്ണിയത്. ആദ്യഘട്ടംമുതൽത്തന്നെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു മുന്നിലുണ്ടായിരുന്നത്. വോട്ടെണ്ണൽ അവസാനിക്കുംവരെ ലീഡ് നിലനിർത്താനും യു.ഡി.എഫ്. സ്ഥാനാർഥിക്ക് കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 60.37 പോളിങ് രേഖപ്പെടുത്തിയപ്പോൾ 331 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലീലാ ഗോവിന്ദൻ വിജയിച്ചതെങ്കിൽ കഴിഞ്ഞതിരഞ്ഞെടുപ്പിൽ 72 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 1055 വോട്ടുകൾക്കാണ് ഉഷാ വിജയൻ ജയിച്ചത്. 8088 വോട്ടർമാരാണ് ഡിവിഷനിലുള്ളത് ഇതിൽ 5371 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ലീലാ ഗോവിന്ദന് 2636 വോട്ടും എൽ.ഡി.എഫ്. സ്ഥാനാർഥി ജി. രമ്യയ്ക്ക് 2305 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി ശ്രീജാ ബാലചന്ദ്രന് 376 വോട്ടും ലഭിച്ചു. യു.ഡി.എഫ്. സർക്കാരിന് ലഭിച്ച അംഗീകാരംകൂടിയാണ് ഈ വിജയമെന്ന് നേതാക്കൾ പറഞ്ഞു.

സ്ഥാനാർഥിയെയും ആനയിച്ചുകൊണ്ട് മാനന്തവാടി ടൗണിൽ ആഹ്ളാദപ്രകടനം നടത്തി. ഉഷാ വിജയൻ എം.എൽ.എ., എച്ച്.ബി. പ്രദീപ്, ജിൽസൻ തൂപ്പുംകര, പടയൻ മുഹമ്മദ്, ബ്രാൻ അഹമ്മദ് കുട്ടി, സി.പി. മൊയ്തുഹാജി, അബ്ദുള്ള കേളോത്ത്, വിനോദ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ്. ഭരിക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആകെ 14 ഡിവിഷനുകളാണുള്ളത്. ഇതിൽ 10 സീറ്റുകൾ യു.ഡി.എഫിന്റേതും നാലെണ്ണം എൽ.ഡി.എഫിന്റേതുമാണ്.