വർണക്കാഴ്ചയൊരുക്കി മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ ഹൈഡ്രോപ്രോണിക്‌സ് ചെണ്ടുമല്ലിക്കൃഷി

To advertise here,

കല്പറ്റ : മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെത്തിയാൽ പൂക്കളാണ് വരവേൽക്കുക. സ്കൂളിലേക്ക് കയറുന്നിടത്തും ഇടവഴിയിലുമെല്ലാം മഞ്ഞയും ചുവപ്പും നിറത്തിൽ നിറയെ ചെണ്ടുമല്ലിപ്പൂക്കളാണ്. ചെണ്ടുമല്ലിപ്പൂവും പൂക്കൃഷിയുമെല്ലാം സാധാരണമെങ്കിലും മുണ്ടേരി സ്കൂളിലെ കൃഷിരീതിയാണ് വ്യത്യസ്തം. അവിടെ മണ്ണിൽമാത്രമല്ല വെള്ളത്തിലും ചെണ്ടുമല്ലിപ്പൂക്കൾ വിരിയുന്നുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഹൈഡ്രോപോണിക്സ് സോയിൽലെസ് കൾട്ടിവേഷനിലൂടെ ചെണ്ടുമല്ലിക്കൃഷിയൊരുക്കിയത്. ഹൈഡ്രോപോണിക്സ് രീതിയിൽ പച്ചക്കറി കൃഷിചെയ്യുന്നുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണിൽ ചെണ്ടുമല്ലിത്തൈകൾ നട്ടുനോക്കിയത്. പരീക്ഷണം വിജയിച്ചപ്പോൾ വർണക്കാഴ്ചകളൊരുക്കി നിറയെ പൂക്കൾ വിരിഞ്ഞു.

മണ്ണില്ലാതെ ഫോംബോർഡും പി.വി.സി.യും കൊണ്ടൊരുക്കിയ ചാനലിൽ ചെറിയ ബാസ്കക്കറ്റുകളിലായി തൈകൾ നടുകയും അടിയിയിലൂടെ പോഷകം നിറച്ച വെള്ളം കടത്തിവിടുകയും ചെയ്യുന്നതാണ് കൃഷിരീതി. ചെടിയുടെ വേര് നേരിട്ട് വെള്ളത്തിലാണ് വളരുക. നിശ്ചിതസമയം ഇടവിട്ട് പോഷകം നിറച്ച വെള്ളം ചാനലിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കും. ഇതിനായി ടൈമറും മോട്ടോറുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഫ്ലോറികൾച്ചർ പഠനത്തിന്റെ ഭാഗമായാണ് സ്കൂളിൽ പൂക്കൃഷിയൊരുക്കിയത്. 120 തൈകളാണ് നട്ടത്. അവയെല്ലാംതന്നെ ഇപ്പോൾ പൂത്തുനിൽപ്പുണ്ട്. സ്കൂളിൽ സ്കിൽ ഡിവലപ്‌മെന്റ് സെന്ററിന്റെ ഭാഗമായി നിർമിച്ച പോളിഹൗസിലാണ് ഹൈഡ്രോപോണിക്സ് ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്. പരിപാലനമെല്ലാം വിദ്യാർഥികളും അധ്യാപകരും ചേർന്നുതന്നെയാണ്.

പഠനത്തോടൊപ്പം പ്രവൃത്തിയും

ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം കുട്ടികൾക്ക് കൃഷിചെയ്തുപഠിക്കാനുംകൂടി അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹൈഡ്രോപോണിക്സ് കൃഷിരീതിയും സ്കൂളിൽ നടപ്പാക്കിയത്. ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽത്തന്നെ ഡീപ്പ് കൾച്ചർ, ഡച്ച് മെത്തേഡ്, തിൻ ഫിലിം തുടങ്ങിയ രീതികളാണ് സ്കൂളിൽ പരീക്ഷിക്കുന്നത് ചെണ്ടുമല്ലിക്കൃഷി പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്തതെങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വിജയമായെന്നും അധ്യാപികയായ സ്നേഹാ സുധീർ പറഞ്ഞു. കളകൾ വളരില്ല, കീടനാശിനികൾ തളിക്കേണ്ടതില്ല, കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യാം തുടങ്ങിയവയാണ് ഹൈഡ്രോപോണിക്സ് രീതിയുടെ ഗുണങ്ങൾ. പച്ചക്കറിക്കൃഷിയും ഹൈഡ്രോപോണിക്സ് രീതിയിൽ സ്കൂളിൽ ചെയ്യുന്നുണ്ട്. ഇതുകൂടാതെ സാധാരണരീതിയിലുള്ള കൃഷിയുമുണ്ട്.

ഹൈ‍ഡ്രോപോണിക്സ് ചെണ്ടുമല്ലിക്കൃഷി വിജയമായതോടെ ശാസ്ത്രീയരീതിയിലുള്ള കൃഷി വ്യാപിപ്പിക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ കെ.പി. മുനവർ, അധ്യാപകരായ എസ്. പ്രസന്നകുമാരി, സ്നേഹാ സുധീർ, എം.പി. കൃഷ്ണപ്രിയ, കെ.ജെ. സുമീന, കെ.കെ. നിമിഷ, സായിജിത്ത് ഷാൽ, വിജോഷ് സെബാസ്റ്റ്യൻ, ജി. ഹരികൃഷ്ണൻ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് സ്കൂളിലെ കൃഷി.