സി.പി.എം. ജില്ലാകമ്മിറ്റിയിലേക്ക് നാലുപേർകൂടി

To advertise here,

കല്പറ്റ : സി.പി.എം. വിപുലീകൃത ജില്ലാകമ്മിറ്റിയിൽ നാലുപേരെക്കൂടി ക്ഷണിതാക്കളായി ഉൾപ്പെടുത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യുഷ്, കല്പറ്റ നഗരസഭാധ്യക്ഷനും ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) ജില്ലാ പ്രസിഡന്റുമായ പി. വിശ്വനാഥൻ, പുല്പള്ളി ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, മീനങ്ങാടി ഏരിയാ സെക്രട്ടറി ബി. സുരേഷ് എന്നിവരെയാണ് ജില്ലാകമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയത്. 27 അംഗ ജില്ലാകമ്മിറ്റിയാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ഇത് തുടരും. ഇതിനോടൊപ്പമാണ് നാലുപേരെക്കൂടി ക്ഷണിതാക്കളായി ഉൾപ്പെടുത്തിയത്. വിപുലീകൃത ജില്ലാകമ്മിറ്റിയുെട തുടർച്ചയായി 66 ലോക്കൽ കമ്മിറ്റികളിലും കുടുംബയോഗങ്ങൾ നടക്കും. ഒക്ടോബർ 24, 26 തീയതികളിൽ കീഴ്ഘടകളിൽ റിപ്പോർട്ടിങ് നടക്കും. മാനന്തവാടിയിൽ 24-ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനും 26-ന് കല്പറ്റയിൽ കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയും പങ്കെടുക്കും. സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പങ്കെടുക്കുന്ന റാലി നവംബറിൽ കല്പറ്റയിൽ നടത്തും. 25,000 പേർ റാലിയിൽ അണിനിരക്കും. തീയതി പിന്നീട് നിശ്ചയിക്കും.

ബഹുജന അടിത്തറയും ജനകീയബന്ധവും ശക്തിപ്പെടുത്താനും വിപുലീകൃത ജില്ലാകമ്മിറ്റിയിൽ തീരുമാനിച്ചു. ഇതിനായി ജനങ്ങളുമായി കൂടുതൽ സംവദിക്കും. ജെൻ-സി വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുമുള്ള പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കാനും തീരുമാനമായി. കേന്ദ്രസർക്കാരിന്റെ നവലിബറൽ സാമ്പത്തികനയങ്ങളും യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും ജില്ലയിലെ സാധാരണക്കാരായ ജനങ്ങളെയാണ് ബാധിക്കുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ജില്ലയിലെ പാർട്ടിക്കുള്ളിലെ പ്രദേശികപ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാകമ്മിറ്റി യഥാസമയം ഇടപെട്ടിട്ടുണ്ട്. വിഷയങ്ങൾ സംഘടനാപരമായിത്തന്നെ പരിഹരിക്കും. പൂതാടിയിൽ രണ്ടുപേരുടെ പിന്തുണയോടെ അവിശ്വാസം വിജയിക്കുമെന്നാണ് യു.ഡി.എഫ്. പരസ്യമായി പറഞ്ഞത്. പക്ഷേ, അങ്ങനെയൊരു സമീപനം ഉണ്ടായില്ല. അവിശ്വാസം പരാജയപ്പെടുകയും ചെയ്തു. പാർട്ടിയെ പരാജയപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. എല്ലാവരും പാർട്ടിക്കൊപ്പം നിൽക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ എം.എൽ.എ. പ്രതിനിധാനംചെയ്ത ഡിവിഷനായിട്ടുപോലും യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചെന്നും റഫീഖ് പറഞ്ഞു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനിലായിരുന്നു സി.പി.എം. വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം. വിപുലീകൃത സംസ്ഥാനകമ്മിറ്റി യോഗത്തിന്റെ തുടർച്ചയായാണ്‌ ജില്ലാകമ്മിറ്റി യോഗവും നടത്തിയത്.