കൊയിലാണ്ടി : നഗരസഭയിലെ പന്തലായനി നോർത്ത് (വാർഡ് നമ്പർ 11) വഴി കടന്നുപോകുന്ന പന്തലായനി-വിയ്യൂർ-നെല്യാടിറോഡ് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസുമായി കൂടിച്ചേരുന്നിടത്ത് അണ്ടർപാസിനുള്ള സാധ്യത തെളിയുന്നു.

To advertise here,

കുന്ന്യോറമലയ്ക്കും പന്തലായനി കൂമൻ തോടിനും ഇടയിലുള്ള സ്ഥലത്ത് ബൈപ്പാസ് നിർമാണത്തിന് മണ്ണിട്ട് ഉയർത്തി കൊണ്ടിരിക്കുകയാണ്.

എന്നാൽ അണ്ടർപാസ് നിർമിക്കാനുള്ള സ്ഥലം ഒഴിച്ചിട്ടാണ് ഇരുപുറവും മണ്ണിട്ട് ഉയർത്തുന്നത്. ഇവിടെ അണ്ടർപാസ് അനുവദിക്കുന്നതിനോട് എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർക്ക് എതിർപ്പൊന്നുമില്ല.ഇവിടെ അണ്ടർപാസ് അനുവദിച്ചു കൊണ്ട് ഓർഡർ ലഭിച്ചു കഴിഞ്ഞാൽ ഇതിനുളള പ്രവൃത്തി ആരംഭിക്കുമെന്നാണ് വിവരം.

ബൈപ്പാസ് വന്നതോടെ പന്തലായനി നെല്യാടി വിയ്യൂർ റോഡ് അടഞ്ഞിരിക്കുകയാണ്. ഇതു വഴി പന്തലായനി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വരുന്ന കുട്ടികളാണ് ദുരിതത്തിലായത്. കൊയിലാണ്ടി ടൗണിനെയും റെയിൽവേ സ്റ്റേഷനെയും വിയ്യൂർ, കീഴരിയൂർ, മേപ്പയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബൈപ്പാസ് വന്നതോടെ അടഞ്ഞത്. പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പന്തലായനി യു.പി. സ്‌കൂൾ, നഴ്‌സറി സ്‌കൂളുകൾ, ആരാധനാലയങ്ങൾ, റേഷൻകടകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രയ്ക്കായി ജനങ്ങൾ കാലങ്ങളായി ഈ റോഡ് ഉപയോഗിച്ചുവരുകയായിരുന്നു.

റോഡ് കെട്ടയടച്ചതോടെ പ്രദേശവാസികളുടെ യാത്ര ബുദ്ധിമുട്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുവശത്തുമുള്ള സർവീസ്റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിൽ സ്ഥലത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത്.