സുൽത്താൻബത്തേരി : ദേശീയപാതയുടെ ഓരങ്ങളിൽ ഉയരത്തിൽ അടിക്കാടുകൾ വളർന്ന് പന്തലിക്കുന്നത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. മൂലങ്കാവ് പെട്രോൾപമ്പുമുതൽ നായ്ക്കട്ടിവരെയുള്ള ഭാഗങ്ങളിലാണ് പാതയുടെ ഇരുവശങ്ങളിലും അടിക്കാടുകൾ നിറഞ്ഞിരിക്കുന്നത്. റോഡരികിലൂടെ കാൽനടയാത്രക്കാർക്ക് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പാതയോരംചേർന്ന് നടന്നാൽത്തന്നെ വാഹനങ്ങളിലുള്ളവർക്ക് ആളെ കാണാനാവാതെ അപകടമുണ്ടാകാനും സാധ്യതയേറെയാണ്. പലരും ഭാഗ്യംകൊണ്ടാണ് വാഹനം തട്ടാതെ രക്ഷപ്പെടുന്നത്. പാതയിലേക്ക് കടന്ന രീതിയിൽ കാടുകൾ വളർന്നത് പ്രത്യേകിച്ചും വളവുകളിൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മൂലങ്കാവ് 64-ലെ ബസ് സ്റ്റോപ്പുമുതൽ ഇല്ലിച്ചോടുവരെയുള്ള ഭാഗത്താണ് രണ്ടാൾപൊക്കത്തോളം ഉയരത്തിൽ അടിക്കാടുകൾ വളർന്നിരിക്കുന്നത്. സമീപത്തെ സ്‌കൂളിലേക്കുള്ള കുട്ടികൾക്ക് ബസ് കയറാനോ ഇറങ്ങാനോ ഉള്ള സ്ഥലംപോലുമില്ലാത്ത സ്ഥിതിയാണ്. ആളുകൾ പലപ്പോഴും ബസ്സിറങ്ങുന്നത് അടിക്കാടിനുള്ളിലേക്കാണെന്ന സ്ഥിതിയാണ്. ഇരുട്ടുവീഴുന്നതോടെ ഇത് കൂടുതൽ പ്രയാസം ജനങ്ങൾക്കുണ്ടാക്കുന്നു. കർണാടകയിൽനിന്ന്‌ തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളടക്കം കടന്നുപോകുന്ന പാതയാണിത്. റോഡ് പരിചയക്കുറവുള്ള ഡ്രൈവർമാർക്ക് അടിക്കാടുകൾ കാഴ്ചമറയ്ക്കുന്നത് കൂടുതൽ അപകടസാധ്യതയേറ്റുന്നുണ്ട്.

To advertise here,

വയനാട് വന്യജീവിസങ്കേതത്തോടുചേർന്നുള്ള പ്രദേശമായതിനാൽ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനും അടിക്കാടുകൾമൂലം സാധിക്കുന്നില്ല. വന്യമൃഗങ്ങൾ അടിക്കാടിനുള്ളിലുണ്ടെങ്കിൽപോലും ആളുകളുടെ ശ്രദ്ധയിൽപ്പെടില്ലെന്നത് അപകടഭീഷണിയേറ്റുന്നു. മുൻകാലങ്ങളിൽ പ്രദേശത്തെ അയൽക്കൂട്ട അംഗങ്ങളാണ് അടിക്കാട് വെട്ടി വൃത്തിയാക്കിയിരുന്നത്.

എന്നാൽ, നിലവിൽ വനംവകുപ്പ് കാടുവെട്ടാൻ അനുവദിക്കുന്നില്ലെന്നും പൊതുമരാമത്തുവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന മറുപടിയെന്നും നാട്ടുകാർ പറയുന്നു. വനാതിർത്തിയോടുചേർന്നുള്ള പ്രധാന പാതയോരങ്ങളിൽ നിശ്ചിത അകലംവരെ വനംവകുപ്പാണ് കാട് വെട്ടിത്തെളിക്കാറുള്ളതെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. പാതയോരത്തെ കാടുവെട്ടി വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. എത്രയുംവേഗം പ്രദേശത്തെ കാടുവെട്ടി നീക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.