കർഷകശബ്ദമായി ഇൻഫാം കർഷക മഹാസംഗമം

To advertise here,

തിരുവമ്പാടി : ഇ.എസ്.എ.യുടെ പേരിൽ കർഷകരുടെ ഒരു തുണ്ടുഭൂമിപോലും യു.ഡി.എഫ്. ഭരണകാലത്ത് നഷ്ടപ്പെടില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. വനംവകുപ്പിന് ഒരുസെന്റ് ഭൂമിപോലും അധികംവേണ്ടെന്ന് പ്രഖ്യാപിച്ച സർക്കാരാണിത്. മലബാർ കുടിയേറ്റ ചരിത്രരേഖകൾ ഡിജിറ്റൽ മ്യൂസിയത്തിലൂടെ സംരക്ഷിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഇൻഫാം (ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ്) താമരശ്ശേരി കാർഷികജില്ലയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി പാരിഷ് ഹാളിൽ നടന്ന കർഷക മഹാസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു.

മലയോര, കുടിയേറ്റ മേഖലയുടെ വികസനമുന്നേറ്റത്തിന് നാന്ദികുറിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പുനർനിർമാണനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫാം ദേശീയ രക്ഷാധികാരി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷനായി.

കുടിയേറ്റത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച മഹാസംഗമം കർഷകർ നേരിടുന്ന വിവിധപ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പരിഹാരമാർഗങ്ങൾ ചർച്ചചെയ്യുന്നതിനുമുള്ള വേദിയായി. വിവിധ പ്രദേശങ്ങളിൽനിന്നായി 1200-ലധികം കർഷകരാണ് സംഗമത്തിനെത്തിയത്.

ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, താമരശ്ശേരി രൂപത വികാരി ജനറാൾ മോൺ. അബ്രഹാം വയലിൽ, ഇൻഫാം താമരശ്ശേരി കാർഷികജില്ലാ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, സി.കെ. കാസിം എം.എൽ.എ., തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഇൻഫാം ദേശീയ ഡയറക്ടർ ഫാ. ജോസ് ചെറുകരക്കുന്നേൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.