പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാർ
സുൽത്താൻബത്തേരി : വർഷങ്ങളായി പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ ചീരാൽ-കല്ലുമുക്ക്-കൊഴുവണ റോഡ് നന്നാക്കാൻ നടപടിയില്ല. ഫണ്ട് അനുവദിച്ചതായുള്ള പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും റോഡ് നന്നാക്കുന്നതിനായി മെറ്റലോ ടാറോ ഇതുവരെയിട്ടില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നെന്മേനി പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡിൽ ചീരാൽമുതൽ ഒരുകിലോമീറ്ററോളം ജില്ലാപഞ്ചായത്തിന്റെ അധീനതയിലാണ്. ബാക്കി ഭാഗം പൊതുമരാമത്തുവകുപ്പ് ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യവും എങ്ങുമെത്തിയില്ല.
ചീരാൽ, ചുള്ളിയോട്, അമ്പലവയൽ, ബത്തേരി ഭാഗങ്ങളിലേക്കും തമിഴ്‌നാട് ഗൂഡല്ലൂരിലേക്കടക്കം വാഹനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. നിരന്തരം ആവശ്യത്തിനെതിരേ അധികൃതരുടെ അവഗണന തുടർന്നപ്പോൾ കഴിഞ്ഞവർഷം ജനകീയ കർമസമിതിക്ക് രൂപം നൽകി. ഇതേത്തുടർന്ന് എം.എൽ.എ. പത്തുലക്ഷം രൂപയും ജില്ലാപഞ്ചായത്തംഗം പത്തുലക്ഷം രൂപയും അനുവദിച്ചെങ്കിലും പണികൾ നടന്നില്ല. തുടർന്ന് വീണ്ടും ഫണ്ടനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ടെൻഡർ നടപടികളായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നന്നായില്ലെങ്കിലും ഇതിന്റെ പേരിൽ രാഷ്ട്രീയപ്പോരും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റർ ട്രോളുകളും നടക്കുന്നുണ്ട്. ജനകീയ കർമസമിതി വാർഷികയോഗം ചേർന്ന് സമരപ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനകളിലാണ്. റോഡ് കടന്നുപോകുന്ന 12, 13 വാർഡുകളിലെ അംഗങ്ങളും സി.പി.എം. പ്രതിനിധികളുമായ പ്രീതി സുരേന്ദ്രൻ, രമണി എന്നിവർ നയിക്കുന്ന നൈറ്റ് മാർച്ച് കേരളപ്പിറവിദിനത്തിൽ നടത്താനിരിക്കുകയാണ്. റോഡ് പൊതുമരാമത്തുവകുപ്പിന് വിട്ടുനൽകുന്നതിന് യു.ഡി.എഫ്. ഭരിക്കുന്ന നെന്മേനി പഞ്ചായത്തും ജില്ലാപഞ്ചായത്തും തയ്യാറാകണമെന്നാണ് നൈറ്റ് മാർച്ചിന്റെ ആവശ്യം. അതേസമയം പഴിചാരലല്ല പരിഹാരമാണ് വേണ്ടതെന്ന മുദ്രാവാക്യമുയർത്തി നവംബർ രണ്ടിന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ബൈക്ക് റാലിയും പഞ്ചായത്ത് ഓഫീസ് ഉപരോധവും തീരുമാനിച്ചിട്ടുണ്ട്. ഇടത്, വലതുമുന്നണികൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നത് അവസാനിപ്പിക്കുക, ഫണ്ട് വെച്ചതുകൊണ്ട് റോഡാവില്ല തുടങ്ങിയ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തുന്നുണ്ട്. അതേസമയം, യു.ഡി.എഫിലെ 14-ാം വാർഡംഗമായ കെ.വി. ശശി 10.5 ലക്ഷം രൂപ റോഡ് നവീകരണത്തിന് അനുവദിപ്പിച്ചപ്പോൾ റോഡിന്റെ ഭൂരിഭാഗം വരുന്ന വാർഡായ 13-ലെ അംഗം ആറ്ുലക്ഷം രൂപയും മറ്റൊരംഗം ഒരുതുകയും അനുവദിപ്പിച്ചില്ലെന്ന വാദമാണ് യു.ഡി.എഫ്. ഉയർത്തുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെ വാദപ്രതിവാദങ്ങൾ മുറുകുമ്പോഴും വർഷങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതിയായി റോഡ് എന്ന് നന്നാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
Published: 30 Oct 2026, 04:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented