തമിഴിലും ഹിന്ദിയിലും കത്തിത്തിളങ്ങുന്ന കാലത്ത് കെ.കെ.മലയാളത്തിൽ ആദ്യമായി ഒരു പാട്ടുപാടി. വയലറ്റ് എന്ന ആ സിനിമ റിലീസ് ആകാത്തതിനാൽ ആദ്യ മലയാളം പാട്ടും പുറത്തുവന്നില്ല. 2008-ൽ കെ.കെ. പാടിയ പാട്ട് മാതൃഭൂമി ആസ്വാദകരിലെത്തിക്കുകയാണ്.
ആ പാട്ടിനെ ചുറ്റിപ്പറ്റി വയലറ്റിന്റെ സംവിധായകൻ ശബരീഷിന് ഉണ്ടായ അനുഭവങ്ങൾ അവിസ്മരണീയമാണ്. ശബരീഷിന്റെ അമ്മ കുന്നത്ത് ശ്യാമളാദേവിയും കെ.കെ.യുടെ അമ്മ കനകവല്ലിയും സഹോദരങ്ങളുടെ മക്കളാണ്. ഈ ബന്ധത്തിന്റെ പേരിലാണ് തന്റെ ആദ്യസിനിമയിൽ പാടാനാകുമോ എന്ന് ശബരീഷ് കെ.കെ.യോട് ചോദിച്ചത്. കെ.കെ ഒരുപാട്ടിന് അഞ്ചുലക്ഷം പ്രതിഫലം വാങ്ങുന്ന കാലം. മുംബൈയിൽ വന്നാൽ ഒന്നോ രണ്ടോ പാട്ട് പാടാമെന്നായി കെ.കെ.
ശബരീഷും സംഗീതസംവിധായകൻ ഷമേജ് ശ്രീധറും മുംബൈയ്ക്ക് വണ്ടികയറി. സ്റ്റുഡിയോയും സംവിധാനങ്ങളുമെല്ലാം കെ.കെ. അവിടെ ഒരുക്കിയിരുന്നു.
തൃശ്ശൂരിലെ ജോഫി തരകന്റെ വരികൾക്ക് ഷമേജ് ശ്രീധർ ഈണമിട്ടപ്പോൾ കെ.കെ. ലയിച്ച് പാടി. മാതൃഭാഷയിലുള്ള ആദ്യഗാനം. കെ.കെ. ഒരു പാട്ടിന് വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിലൊന്നുപോലും ഇല്ലായിരുന്നു ശബരീഷിന്റെ കൈയിൽ. പോകാനൊരുങ്ങിയ കെ.കെ. ശബരീഷിന്റെ തോളിൽ കൈയിട്ടുകൊണ്ട് പറഞ്ഞു ബന്ധുക്കൾ ആണെന്ന് കരുതി പ്രതിഫലം തരാതെ പോകാമെന്ന് കരുതണ്ട. ശബരീഷ് പരുങ്ങുന്നതുകണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ നാട്ടിൽ വരുമ്പോൾ വിളിക്കും. തൃശ്ശൂരിലെ പത്തൻസ് ഹോട്ടലിൽനിന്ന് ഒരു മസാലദോശ വാങ്ങിത്തരണം. അതാണ് ഇതിനുള്ള പ്രതിഫലം!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..