101-ാം വയസിലും എല്ലുമുറിയെ പണിയെടുത്ത് ജീവിക്കാനാണ് രാരിച്ചനിഷ്ടം. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിലെ രാരിച്ചന്‍ നാട്ടുകാര്‍ക്ക് രാരിച്ചപ്പാപ്പനാണ്. പുതിയ ടെക്‌നോളജിയൊന്നും കൈയിലില്ലെങ്കിലും കൊപ്രച്ചേവിലിട്ട് നാളികേരം ഉണക്കാനും, ചിരട്ടയില്‍ നിന്ന് കൊപ്ര പുറത്തേക്കിടാനും പാപ്പന് നിമിഷനേരം മതി 

To advertise here,

ആദ്യകാലത്ത് തെങ്ങുകയറ്റമായിരുന്നെങ്കിലും നടുവേദനയാണ് രാരിച്ചപ്പാപ്പനെ കൊപ്രക്കച്ചവടത്തിലേക്കെത്തിച്ചത്. മകനും മകളുമുണ്ടെങ്കിലും ഈ പ്രായത്തിലും സ്വയമധ്വാനിച്ച് അന്നം കണ്ടെത്തുന്നതാണ് പാപ്പനിഷ്ടം. തേങ്ങ തൂക്കിയെടുക്കുന്ന കടകള്‍ ഇഷ്ടം പോലുണ്ടെങ്കിലും അടുപ്പക്കാര്‍ക്ക് പാപ്പനെ വിട്ടൊരു കളിയില്ല

നല്ല ഭക്ഷണപ്രിയനായ പാപ്പന് ബിരിയാണിയോട് മൊഹബത്ത്. വെളുപ്പിന് അഞ്ചരയ്ക്ക് തന്നെ ഉണരണം. വെറും വയറ്റില്‍ കിണറ്റിലെ വെള്ളം, ഒരു മണിക്കൂര്‍ കഴിഞ്ഞൊരു കട്ടന്‍. പാപ്പന്റെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്....ഈ പ്രായത്തിലും ഹെല്‍ത്തിയായിരിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ പാപ്പന്. മേലനങ്ങി പണിയെടുക്കുക, നന്നായി ഭക്ഷണം കഴിക്കുക.