രാജ്യത്തെ 30000ത്തോളം ഓണ്‍ലൈന്‍ ഇ കൊമോഴ്സ് ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു. ത്രോബിന്‍ എന്ന വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫ്ലിപ്കാര്‍ട്ട് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.  

To advertise here,

ടെലഗ്രാംആപ്പില്‍ വന്ന ഒരു ലിങ്കില്‍ നിന്നാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്.ത്രോബിന്‍ എന്ന വെബ്‌സ്‌റ്റൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിട്ടിയത് 30000ത്തോളം പേരുടെ ഫ്‌ലിപ്കാര്‍ട്ട് ലോഗ് ഇന്‍ ഐഡികളും പാസ് വേര്‍ഡുകളും.ഇവ സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.പാസ് വേര്‍ഡ് ടൈപ്പ് ചെയ്താല്‍ ഈ 30000 അക്കൗണ്ടുകളിലും ആര്‍ക്കും കയറാം. ഇ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് എന്തും വാങ്ങാം. ഇ വാലറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസിന് ഒ.ടി.പി വരാറില്ല എന്നതിനാല്‍ തട്ടിപ്പുകാര്‍ക്ക് നിസാരമായി വാലറ്റിലെ പണം തട്ടാം.

പണം നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമാണ് വ്യക്തിവിവരങ്ങളുടെ ചോര്‍ച്ച. ഒരൊറ്റ ക്ലിക്കില്‍ സ്ത്രീകളുടെയടക്കം അഡ്രസും ഫോണ്‍ നമ്പറും സൈറ്റില്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് വിവരങ്ങളും പാന്‍കാര്‍ഡും എന്നുവേണ്ട സര്‍വതും മറ്റൊരാള്‍ക്ക് ലഭ്യമാകും. ഇ കൊമേഴ്‌സ് സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ച് സോഷ്യല്‍മിഡിയയില്‍ തിരഞ്ഞാല്‍  വ്യക്തികളുടെ മുഖചിത്രമടക്കം നിസാരമായി കൈക്കലാക്കാം.ഇത്രയും വിവരങ്ങള്‍ ഉപയോഗിച്ച് വളരെയെളുപ്പത്തില്‍ വ്യാജരേഖപോലും ചമയ്ക്കാന്‍ കഴിയും.

വിശദമായ അന്വേഷണത്തില്‍ ടെലഗ്രാമിലെ ലിങ്കിന് പുറമേ മറ്റ് നാല് ഡൊമൈനുകളിലും വിവരങ്ങള്‍ ലഭ്യമാണ്. തട്ടിപ്പിന് ഇരയായ ഉത്തര്‍പ്രദേശ് സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരവും ഞെട്ടിപ്പിക്കുന്നതാണ്. പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ ' ഫ്‌ലിപ്കാര്‍ട്ട് അക്കൗണ്ടില്‍ നിന്ന് ജനുവരി 23ന് സാധനം ഓര്‍ഡര്‍ ചെയ്തിരുന്നു. ഇ വാലറ്റ് ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തിയത്.

എന്നാല്‍ ഞാന്‍ പോലും അറിയാതെ ആ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. അതോടെ ഇ വാലറ്റില്‍ മടങ്ങിയെത്തിയ പണമുപയോഗിച്ച് പശ്ചിമബംഗാളില്‍ നിന്ന് ആരോ മറ്റൊരുസാധനം വാങ്ങി. എന്റെ അക്കൗണ്ട് വിവരങ്ങള്‍ മാറ്റാര്‍ക്കോ ലഭിച്ചെന്ന് ബോധ്യമായതോടെ ഞാന്‍ പാസ് വേര്‍ഡ് മാറ്റി''യുവാവ് പറയുന്നു.

ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക്  ഈ തട്ടിപ്പിനെപ്പറ്റി അറിവുണ്ടാകണമെന്നില്ല. പിന്നെങ്ങനെയാണ് ഇത്രയും വലിയ തട്ടിപ്പ് നടക്കുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര തുടരും

Content Highlights : Personal Financial Data Of Over 30K E-Commerce Customers Leaked In India