
പ്രതീകാത്മക ചിത്രം
ഈ ആഴ്ചയാണ് തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്കരണങ്ങള്‍ നടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നാല് തൊഴില്‍ചട്ടങ്ങള്‍ (ലേബര്‍കോഡ്) വിജ്ഞാപനം ചെയ്തത്. തൊഴില്‍രംഗത്ത് പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് നടത്തിയ ഈ വിജ്ഞാപനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും തൊഴില്‍ സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. വിജ്ഞാപനങ്ങളില്‍ ആദ്യമായാണ് ഗിഗ് വര്‍ക്കേഴ്സിനെ ഉള്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ജീവനക്കാര്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ജീവനക്കാര്‍ക്കും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആരൊക്കെയാണ് ഗിഗ് വര്‍ക്കേഴ്സ്? ഇവര്‍ നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
- ആരൊക്കെയാണ് ഗിഗ് വര്‍ക്കേഴ്സ്
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രയോഗം ഭൂരിഭാഗം ആളുകള്‍ക്കും സുപരിചിതമായതെന്ന് പറയാം. കൈയിലൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില് എന്തും കണ്മുന്നില് എത്തുന്ന വിസ്മയത്തെ തുടക്കത്തില്‍ എല്ലാവരും സംശയത്തോടെ നോക്കിയെങ്കിലും പില്ക്കാലത്ത് രാജ്യത്തെ ഭൂരിഭാഗം ആളുകളും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി. ഇഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രവും എന്തിന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഒറ്റ ക്ലിക്കില്‍ കണ്മുന്നിലെത്തി. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ഭാഗമായി വലിയൊരു തൊഴില്‍സമൂഹം തന്നെ ഉയര്‍ന്നുവന്നു. പക്ഷേ, ഇവര്‍ എപ്പോഴും തൊഴില്‍ നിയമങ്ങളില്‍ നിന്നും തൊഴില്‍ സുരക്ഷയില്‍ നിന്നും അകന്നു കഴിയുന്നവരായിരുന്നു. ഈ തൊഴിലാളികളെയാണ് ഗിഗ് വര്‍ക്കേഴ്സ് എന്നത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചത്.
ഗിഗ് മേഖലയെ പ്രധാനമായും വെബിന്റെയും സ്ഥാനത്തിന്റെയും (ലോക്കേഷന്‍) അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം. ഇതില്‍ ഒന്നാമത്തേതില്‍ ഐ.ടി. മേഖലയിലെ സ്വതന്ത്ര സേവനദാതാക്കളാണ് (ഫ്രീലാന്‍സേഴ്സ്) കടന്നുവരുന്നത്. പലപ്പോഴും സ്വന്തം വീട്ടിലിരുന്ന് ജോലിചെയ്യാം എന്നതിനാല്‍ ഇത്തരം കമ്പനികളില്‍ ജോലി ചെയ്യുന്നവരെ ഗിഗ് തൊഴിലാളിയായി പൊതുജനത്തിന് തിരിച്ചറിയാന്‍ സാധിക്കില്ല. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള തൊഴിലാളികളെക്കാള്‍ ഇവര്‍ക്ക് പ്രതിഫലവും കൂടുതലാണ്. വാസ്തവത്തില്‍ ഇവരാണ് ഗിഗ് വ്യവസ്ഥയിലെ 'വൈറ്റ് കോളര്‍' തൊഴിലാളികള്‍.
സ്ഥാനം അഥവാ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഗിഗ് മേഖലയില്‍ പ്രധാനമായും മൂന്നുതരം സേവനങ്ങളാണുള്ളത്. റൈഡ് ഷെയറിങ് അഥവാ ഗതാഗതം (ഉദാ: ഉബര്‍, ഒല) വിതരണം (സ്വിഗ്ഗി, സൊമാറ്റോ) വീട്ടുജോലികള്‍ (ഉദാ: ജോബോയ്) എന്നിവയാണവ. ഇതില്‍ യൂണിഫോമുള്ള തൊഴിലാളികള്‍ ഡെലിവറി വര്‍ക്കര്‍ അഥവാ വിതരണക്കാര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഇവര്‍ മാത്രമാണ് ഗിഗ് തൊഴിലാളികള്‍ എന്നൊരു തെറ്റിദ്ധാരണ പരക്കേയുണ്ട്. സ്ഥാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ മൂന്ന് ഗണത്തില്‍ വരുന്ന തൊഴിലാളികളുടെ പ്രതിഫലം താരതമ്യേന കുറവും അസ്ഥിരവുമാണ്. ഗിഗ് മേഖലയില്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും ഇവരാണ്. ഞങ്ങളുടെ പഠനമനുസരിച്ച് ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും, തങ്ങള്‍ ഇത്തരമൊരു ജോലിചെയ്തു എന്ന് ബയോഡാറ്റയില്‍പ്പോലും പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്തവരാണ്.
- സമൂഹം ഉണരുന്നതിന് മുമ്പേ ഉണരുന്നവര്‍
നഗരങ്ങളുടെ പ്രധാന ഹോട്ടലുകള്‍ക്ക് മുന്നിലെല്ലാം സമൂഹം ഉണരുന്നതിന് മുന്നെ ഉണര്‍ന്ന് ഹെല്‍മെറ്റും ബൈക്കും യൂണിഫോമും ധരിച്ച് കയ്യിലെ സ്മാര്‍ട്ട് ഫോണില്‍ കണ്ണും നട്ടിരിക്കുന്ന കുറെ യുവജനങ്ങളെ നമുക്ക് കാണാന്‍ കഴിയും. തന്റെ ആദ്യ ഓര്‍ഡറിനായുള്ള കാത്തിരിപ്പാണത്. ബൈക്കിന്റെ ഇന്ധനച്ചെലവും നഗരങ്ങളിലെ ട്രാഫിക് ബ്ലോക്കുമെല്ലാം ബന്ധപ്പെട്ടാണ് ഇവരുടെ ഒരു ദിവസത്തെ വരുമാനം. രുചിയേറിയ ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്നവര് ചിലപ്പോള്‍ പ്രാതല്‍പോലും കഴിക്കാതെ ഭക്ഷണവുമായി എത്തുന്നവരാവും. വിരല്‍തുമ്പില്‍ ഇഷ്ടപ്പെട്ടതെല്ലാം ഒറ്റ ക്ലിക്കില്‍ കിട്ടുന്ന പുതിയ കാലത്ത് ഈ യുവജനങ്ങളുടെ കാഴ്ചയും നമുക്ക് സുപരിചിതമായി. സ്ഥിരം ജോലിക്കാരല്ലാത്തവര്, ഓര്‍ഡറുകള്‍ ഒരു ദിവസത്തെ വരുമാനം നിശ്ചയിക്കപ്പെടുന്നവര്‍-ഇത്തരക്കാരെ തൊഴില്‍സുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതാണ് പുതിയ തൊഴില്‍ നിയമത്തിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
ഗിഗ് പ്ലാറ്റ്ഫോമുകള് രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ഭ്രമിപ്പിക്കുന്ന പരസ്യം കണ്ട് അന്ന് എല്ലാവരും അത്ഭുതപ്പെട്ടു. നിങ്ങളുടെ തൊഴലുടമ നിങ്ങള്‍ തന്നെയാണ്, ഇഷ്ടമുള്ള സമയത്ത് ജോലി, പരിധിയില്ലാത്ത വരുമാനം. പക്ഷേ, യാഥാര്‍ഥ്യം പരസ്യങ്ങളില്‍ മാത്രമായിരുന്നു എന്നതാണ് സത്യം. കാരണം ആപ്പുകളാണ് എല്ലാം നിയന്ത്രിക്കുന്നത്. തൊഴിലാളികളെ കൊണ്ടുനടക്കുന്നതും ശിക്ഷിക്കുന്നതും ആപ്പുകളാണ്. ഗിഗ് പ്ലാറ്റ്ഫോമുകളായ ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്കും പറയാനുള്ളത് ഇക്കാര്യമാണ്. വേണമെങ്കില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യാം. പക്ഷേ, ആപ്പ് ശിക്ഷിക്കും, റേറ്റിംഗ് താഴെപ്പോകും. ഇത് ഓര്‍ഡറുകള്‍ ഇല്ലാതാക്കും. വരുമാനവും ഇല്ലാതാക്കും.
ഒരു ശരാശരി ഓണ്‍ലൈന്‍ ഭക്ഷണ/സാധന വിതരണക്കാരുടെ വരുമാനം ഇങ്ങനെയാണ്. 17 രൂപ മുതല്‍ 40 രൂപവരെ ഒരു ഡെലിവറിക്ക് കിട്ടും. പക്ഷേ, 200 മുതല്‍ 300 രൂപവരെ ഇന്ധനച്ചെലവ് വരും. മാസം ബൈക്ക് സര്‍വീസും ഫോണ്‍ റീച്ചാര്‍ജും മറ്റും വേറെ. എല്ലാ ചെലവും കഴിച്ച് 12-14 മണിക്കൂര്‍ ഒരു ദിവസം ജോലി ചെയ്താല്‍ 14000-18000 രൂപയാണ് വീട്ടിലേക്ക് കൊണ്ടുപോകാനാവുക. ഇത് ഉപയോഗിച്ച് വേണം കുടുംബം പുലരാന്‍. രാവിലെ ഇറങ്ങിയാല്‍ രാത്രി ഒമ്പതരവരെയെങ്കിലും ഓടേണ്ടി വരും പലര്‍ക്കും. എന്നാല്‍ മാത്രമേ ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിയൂ. ഇതിനിടയില്‍ വെയിലും മഴയും വിശപ്പുമെല്ലാം മറക്കും. ഓണ്‍ലൈന്‍ കച്ചവട സൈറ്റുകളുടെ കാര്യമാവുമ്പോള്‍ പീസ് കണക്കിനും സാലറി കണക്കിനും ആണ് അവര്‍ ജോലിക്കാരെ നിയോഗിക്കുന്നത്.
അല്‍ഗോരിതമാണ് ബോസ്
ഗിഗ് വര്‍ക്കേഴ്സിന് മനുഷ്യരല്ല നിയന്ത്രിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. പകരം അല്‍ഗോരിതം അവരുടെ ജോലിയും കൂലിയും നിശ്ചയിക്കും. ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിയത്, എത്ര ദൂരത്തേക്ക് അയക്കണം, ഇന്ന് എന്ത് ഇന്‍സെന്റീവ് കൊടുക്കണം, റേറ്റിംഗ് എങ്ങനെയായിരിക്കണം ഇക്കാര്യങ്ങളെല്ലാം അല്‍ഗോരിതം സൂക്ഷ്മമായി നിരീക്ഷിക്കും. അതുകൊണ്ടു തന്നെ മനുഷ്യ നിയന്ത്രണത്തേക്കാള്‍ സമ്മര്‍ദമാണ് ആപ്പുകള്‍ ജോലിക്കാര്‍ക്ക് മേല്‍ ഏല്പിക്കുന്നത്.
ഒറ്റ ക്ലിക്കില്‍ ഇഷ്ടപ്പെട്ടതെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ കൈകളിലെത്തുമ്പോള്‍ ഉപഭോക്താക്കള്‍ ഏറെ സന്തോഷവന്മാരാവും. പക്ഷേ, അഞ്ച് മിനുറ്റ് വൈകിയാല്‍ പോലും താഴ്ന്ന റേറ്റിംഗ് നല്കുന്നവരുണ്ടെന്ന് പറയുന്നു തൊഴിലാളികള്‍. ഭക്ഷണം കഴിക്കാതെ, ട്രാഫിക് ബ്ലോക്ക് വകവെക്കാതെ, ട്രാഫിക് നിയമങ്ങള്‍ പാലിക്കാനാവാതെയാണ് എല്ലാം കണ്മുന്നിലെത്തുന്നത് എന്ന് ആര്‍ക്കുമറിയില്ല. അന്യസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തൊഴില്‍രഹിതരായ ബിരുദദാരികള്‍, കോവിഡ് മൂലം പിരിച്ചുവിടപ്പെട്ടവര്‍ എന്നിവരെല്ലാം ഈ ഗിഗ് വര്‍ക്കേഴ്സ് പ്ലാറ്റ്ഫോമിലെ പ്രധാന ജോലിക്കാരാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്ന് വരുന്ന തൊഴില്‍മേഖലയായും ഗിഗ് പ്ലാറ്റ്ഫോമുകള് മാറിയിട്ടുണ്ട്.
പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഗിഗ് പ്ലാറ്റ്ഫോമുകള് വര്‍ധിച്ചതോടെ നഗര ദരിദ്രര്‍ എന്ന പുതിയൊരു വിഭാഗം കൂടി നമുക്കിടിയില്‍ വളര്‍ന്നുവന്നിട്ടുണ്ട് എന്നാണ്. അതായത് കയ്യില്‍ സ്മാര്‍ട് ഫോണും ബൈക്കുമെല്ലാം ഉണ്ടെങ്കിലും ജീവിത സാഹചര്യം ദുഷ്കരമായ അവസ്ഥയെ ആണ് നഗര ദരിദ്രര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ജോലിക്കാര്‍ക്ക് ലഭിക്കുന്ന പി.എഫ്, ഇന്‍ഷൂറന്‍സ്, ജോലി സുരക്ഷ, ശമ്പളത്തോടെയുള്ള ലീവ്, മെഡിക്കല്‍ അവധി, മെറ്റേണിറ്റി അവധി, പെന്ഷന്, മിനിമം കൂലി ഇവയെല്ലാം ഇത്തരം ജോലിക്കാരുടെ അവകാശമേ അല്ല. ജോലിക്കിടെ അപകടമോ മറ്റോ പറ്റിയെങ്കില്‍ അയാളെ മാറ്റി പുതിയ ആളെ എടുക്കുക എന്നതിനപ്പുറം ഒരു ഉത്തരവാദിത്തവും കമ്പനികളും നിറവേറ്റുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഗിഗ് വര്‍ക്കേഴ്സ് നിര്ണായകമാകുമ്പോഴും തൊഴില്‍ ചട്ടക്കൂടില്‍ നിന്ന് മറഞ്ഞിരിക്കുന്നവരുമാണ്.
ആവശ്യങ്ങള്‍ക്ക് ഏറെക്കാലത്തെ മുറവിളി
ഗിഗ് പ്ലാറ്റ്ഫോമുകളെ ആദ്യമായിട്ടാണ് തൊഴില്‍ചട്ട പരിധിയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ആവശ്യങ്ങള്‍ക്ക് ഏറെക്കാലത്തെ പ്രായമുണ്ട്. 2020-ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് ഗിഗ് വര്‍ക്കേഴ്സിനെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാലമത്രയും നടന്നിരുന്നില്ല. മിനിമം വേതനം, അപകട ഇന്‍ഷൂറന്‍സ്, ശമ്പളത്തോടെയുള്ള മെഡിക്കല്‍ അവധി, അല്‍ഗോരിതം അനുസരിച്ച് വേതന വ്യവസ്ഥയില്‍ പ്രത്യേക നിയമം, യൂണിയന് സംവിധാനം, അമിത വേഗതയിലുള്ള വിതരണത്തിന് നിയന്ത്രണം, സാമൂഹിക സുരക്ഷിതത്വം ഇക്കാര്യമെല്ലാം ഗിഗ് വര്‍ക്കേഴ്സിനും സാധ്യമാക്കണമെന്ന് പല പഠനങ്ങളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ ഏകദേശം 77 ലക്ഷം വരുന്ന ഗിഗ് വര്‍ക്കേഴ്സ് ഉണ്ടെന്നാണ് 2020-21 ലെ നീതി ആയോഗ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2029-30 ആകുമ്പോഴേക്കും അത് 2.35 കോടിയിലേക്ക് ഉയരാമെന്നും വ്യക്തമാക്കുന്നു. കേരളത്തില്‍ രണ്ടുലക്ഷത്തോളം ഗിഗ് തൊഴിലാളികളുണ്ടെന്നും അനുമാനിക്കുന്നു. പുതിയ വിജ്ഞാപനപ്രകാരം ജോലിക്കാര്‍ അപകട ഇന്‍ഷൂറന്‍സ്, ആരോഗ്യ സുരക്ഷ, മെറ്റേണിറ്റി ഇന്‍ഷൂറന്‍സ്, പെന്ഷന് എന്നിവയ്ക്കെല്ലാം അര്‍ഹരായിരിക്കും. ജോലിക്കാര്‍ക്ക് ആധാര്‍ ബന്ധിപ്പിച്ച പ്രത്യേക നമ്പര്‍ നല്‍കും. വിജ്ഞാപനം പ്രകാരം, തൊഴില്‍ദാതാക്കള്‍ അവരുടെ വാര്‍ഷിക വിറ്റുവരവിന്റെ 1-2% സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ഈ തുക, ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കോ സേവന തൊഴിലാളികള്‍ക്കോ നല്കുന്ന പ്രതിഫലത്തിന്റെ അഞ്ച് ശതമാനത്തില്‍ കവിയുകയുമരുത്. എന്നാല്‍, പുതിയ വിജ്ഞാപനം പ്രാവര്‍ത്തികമാവുമ്പോള്‍ കമ്പനികളുടെ ഓരോ ഓര്‍ഡറിനും രണ്ട് രൂപ മുതല്‍ മൂന്ന് രൂപ വരെ ചെലവ് ഉയരാമെന്നും ഇത് പ്രമുഖ കമ്പനികളുടെ വാര്‍ഷിക ബാധ്യതയില്‍ 150-200 കോടി രൂപയുടെ അധിക ഭാരം ഉണ്ടാക്കുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.
ആരോടും വിധേയത്വമില്ലാത്ത തൊഴിലുടമ
ഒരു തൊഴിലാളിക്ക് സ്വന്തം സൗകര്യമനുസരിച്ച് തൊഴില്‍സമയം തീരുമാനിക്കാമെന്നതാണ് ഗിഗ് മേഖലയുടെ ഏറ്റവും വലിയ ആകര്‍ഷണം. തൊഴിലുടമ-തൊഴിലാളി ബന്ധമോ കരാറോ നിലവിലില്ലാത്തതിനാല്‍ ഗിഗ് തൊഴിലാളികള്‍ക്ക് തൊഴില്ദാതാക്കളോടോ തിരിച്ചും വിധേയത്വമൊന്നുമില്ല. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണവിതരണശൃംഖലയില് ജോലിയെടുക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുന്ന ദിവസം 2000 രൂപവരെയെങ്കിലും പ്രതിഫലം ലഭിക്കുന്നുണ്ട്. എന്നാല്‍, ഈ പണലഭ്യതയ്ക്ക് ഒരു ഉറപ്പുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇവരുടെ സാമ്പത്തികനേട്ടം അഥവാ മിച്ചം തീര്‍ത്തും പ്രവചനാതീതമാണ്.
തൊഴില്‍ദാതാക്കളായ കമ്പനികള്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് നല്കുന്ന നിരക്കിലും വ്യത്യാസം വരുത്തിക്കൊണ്ടിരിക്കും. പ്രതിഫലത്തെക്കാള് ലഭിക്കുന്ന ഇന്സെന്റീവ്സാണ്, ഈ തൊഴിലാളികളുടെ പ്രധാന ആകര്‍ഷണം. തൊഴില്‍/വരുമാന ലഭ്യത ഇവരുടെ റേറ്റിങ് അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കപ്പെടുക. ഓരോ ഷിഫ്റ്റിനിടയിലും അരമണിക്കൂര്‍ വിശ്രമസമയമുണ്ടെങ്കിലും ഇവര്‍ക്ക് വിശ്രമിക്കാന്‍ ഒരിടമില്ല. ഉടമയെ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് ആവശ്യമായ ജോലി, ആവശ്യമുള്ള സമയത്ത് നടന്നുകിട്ടും. പ്രതിഫലം ഡിജിറ്റലായി കൈമാറ്റം ചെയ്യപ്പെടും എന്നല്ലാതെ തൊഴിലാളികളെ നേരിട്ട് കാണേണ്ട ആവശ്യംപോലുമില്ല.
Published: 28 Nov 2025, 02:40 pm IST
ABOUT THE AUTHOR

K P Nijeesh Kumar
nijeeshkuttiadi@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, രാഷ്ട്രീയം, വികസനം ഇഷ്ട വിഷയങ്ങൾ.
.
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented