
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ കൃത്രിമം കാണിക്കൽ, വ്യാജ വിലക്കിഴിവുകൾ എന്നിവ തടയുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇ-കൊമേഴ്സ് നിയമങ്ങളിൽ കർശന ഭേദഗതി വരുത്തി. കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കൊമേഴ്സ്) റൂൾസിൽ വരുത്തിയ ഈ ഭേദഗതികൾ 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി നേരിട്ട് ബന്ധിപ്പിക്കണം
2025-ൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ലഭിച്ച 17,71,622 പരാതികളിൽ 29 ശതമാനത്തോളം (5,11,196 പരാതികൾ) ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. ഈ സാഹചര്യത്തിൽ, പുതിയ മാറ്റമനുസരിച്ച് എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും സർക്കാരിന്റെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനുമായി നേരിട്ട് ബന്ധിപ്പിക്കണം. ഉപഭോക്താക്കൾ നൽകുന്ന പരാതികളുടെ പകർപ്പ് പരാതിക്കാരന് നൽകണം.
സെർച്ച് റിസൾട്ടുകളിൽ കൃത്രിമത്വം പാടില്ല
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ വെബിലെ തിരച്ചിലിനെ ബാധിക്കുന്ന രീതിയിലോ സെർച്ച് റിസൽറ്റുകളിൽ മാറ്റം വരുത്തുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. സെർച്ച് റിസൽറ്റുകളിൽ പണം നൽകി പ്രാമുഖ്യം നൽകുന്ന പോസ്റ്റുകൾക്ക് അത് സ്പോൺസർ ചെയ്തതാണെന്ന് വ്യക്തമാക്കുന്ന അറിയിപ്പുകൾ നൽകണം.
വ്യാജ വിലക്കിഴിവുകൾ അനുവദിക്കില്ല
ഇതുകൂടാതെ വ്യാജ വിലക്കിഴിവുകൾ കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ഇനി സാധിക്കില്ല. അതായത് വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിനു മുൻപ് ഉത്പന്നത്തിന്റെ വില വർധിപ്പിച്ച് വിൽപ്പനയ്ക്ക് വെക്കുകയും പിന്നീട് വീണ്ടും വിലകുറച്ച് വിലക്കിഴിവെന്ന രീതിയിൽ പരസ്യം ചെയ്യുകയും ചെയ്യുന്നത് ഇനി നടക്കില്ല. ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുമ്പോൾ, കുറച്ച വിലയ്ക്കൊപ്പം കഴിഞ്ഞ 30 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയും പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.
നിർബന്ധിച്ച് വാങ്ങിപ്പിക്കൽ നടപ്പില്ല
ഉത്പന്നങ്ങൾ വിറ്റുതീരാറായെന്നും പരിമിതമായ എണ്ണമേ ബാക്കിയുള്ളൂ എന്നെല്ലാമുള്ള, ഉപഭോക്താക്കളെ പർച്ചേസുകൾക്ക് നിർബന്ധിതരാക്കുന്ന 'ഡാർക്ക് പാറ്റേൺ' ഡിസൈനുകൾ തടയുന്നതിന് 2023-ലെ മാർഗനിർദേശങ്ങൾ പാലിക്കണം. കമ്പനികൾ വർഷംതോറും സ്വയം ഓഡിറ്റ് നടത്തുകയും കംപ്ലയൻസ് സർട്ടിഫിക്കറ്റ് പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയും വേണം.
കാലാവധിയും റിട്ടേൺ-റീഫണ്ട് വിവരങ്ങളും വ്യക്തമാക്കണം
ഉത്പന്നങ്ങളുടെ കാലാവധി, റിട്ടേൺ-റീഫണ്ട് നിബന്ധനകൾ, വാറന്റി, ഡെലിവറി വിവരങ്ങൾ എന്നിവ വ്യക്തമായി നൽകണം. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നിർമിച്ച രാജ്യത്തിന്റെ വിവരങ്ങളും ഇറക്കുമതി ചെയ്യുന്നയാളുടെ വിവരങ്ങളും വെളിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ വിവരങ്ങൾ ഉപയോഗിക്കുന്നതും അനുബന്ധമല്ലാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നതും തടഞ്ഞിട്ടുണ്ട്.
Content Highlights: E-Commerce Rules 2027: Mandatory Consumer Helpline Integration and Strict Transparency Guidelines Announced
Published: 10 Sept 2026, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented