ഉത്സവപറമ്പിലേക്ക് എത്തുന്ന നാടകവണ്ടിയുടെ പിറകേ ഓടുന്ന കുട്ടികള്‍. നാടകത്തിലെ അഭിനേതാക്കളെ ആരാധനയോടെ കണ്ടിരുന്ന നാടക പ്രേമികളായ നാട്ടുകാര്‍. ഗ്രീന്‍ റൂമിലേക്ക് നാടകപ്രവര്‍ത്തകര്‍ ചോദിക്കാതെതന്നെ ചായയും ഭക്ഷണവും എത്തിച്ചിരുന്ന നാടകാസ്വാദകര്‍. രാത്രിയില്‍ വീടടച്ച് അച്ഛനും അമ്മയും കുട്ടികളുമെല്ലാമായി പുല്‍പ്പായയും ചുരുട്ടി ഉത്സവപറമ്പിലേക്ക് നാടകം കാണാനായി പോയിരുന്നവര്‍. സ്റ്റേജിനുമുന്നില്‍, പൂഴിമണ്ണില്‍ നിലത്തിരുന്ന് നാടകമാസ്വദിച്ചിരുന്ന കാലം. ഇത് നാട്ടിന്‍പുറത്തെ കാഴ്ചകളാണെങ്കിലും ഓര്‍മകളില്‍ സന്തോഷം നിറയ്ക്കുന്ന ഒരു നാടകക്കാലം മലയാളിക്കുണ്ടായിരുന്നു. കാലത്തിന്റെ കെട്ടുകാഴ്ചയില്‍ നാടകത്തിന്റെ ശോഭ കെട്ടെങ്കിലും ഇന്ന് ഉത്സവ, പെരുന്നാള്‍ ആഘോഷങ്ങളില്‍ നാടകങ്ങള്‍ നിറയുകയാണ്. 

To advertise here,

ബിഹൈന്‍ഡ് ദി കര്‍ട്ടണ്‍

സിനിമയിലേതുപോലെ തന്നെ പ്രൊഫഷണല്‍ നാടകത്തിനും വലിയ ക്യാന്‍വാസിലുള്ള പിന്നാമ്പുറങ്ങളുണ്ട്. ദിവസങ്ങള്‍ നീളുന്ന പരിശീലനം, സംഗീത സംവിധാനം, രംഗപട ചിത്രീകരണം, വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും വിന്യാസങ്ങള്‍ അങ്ങനെ നീളുന്നു പിന്നാമ്പുറ കാഴ്ചകള്‍.

നാടകസമിതിയുടെ ആലോചനയില്‍ നിന്നാണ് പുതിയൊരു നാടകം പിറവിയെടുക്കുന്നത്. പുതിയൊരു നാടകം വേണമെന്ന ആശയം ഉടലെടുത്താല്‍ നാടകസമിതിക്കാര്‍ നാടകരചിയാതാക്കളെ സമീപിക്കും. ജനങ്ങളുടെ മനസില്‍ ആഴത്തിലിറങ്ങുന്ന കഥകള്‍ ചര്‍ച്ച ചെയ്യും. കഥ കണ്ടെത്തി കഴിഞ്ഞാല്‍ സംവിധായകനെ നിശ്ചയിക്കും. സംവിധായകനും നാടകരചിയാതാവും കഥ ചര്‍ച്ച ചെയ്ത് വേണ്ട മാറ്റങ്ങള്‍വരുത്തും. രചയിതാവ് തിരക്കഥ എഴുതി സംവിധായകന് നല്‍കും. നാടകസമിതിയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് വേഷങ്ങള്‍ നിശ്ചയിക്കും. വേഷങ്ങള്‍ക്ക് അനുസരിച്ച് ചില നടീനടന്മാര്‍ക്ക് മാറ്റങ്ങളും ഉണ്ടാകും. തുടര്‍ന്ന് ക്യാമ്പ് ആരംഭിച്ച് പരിശീലനം തുടങ്ങും. ആദ്യഘട്ട അഭിനയപരിശീലനത്തിന് ശേഷം സംഗീതസംവിധായകന്‍ ക്യാമ്പിലെത്തും. സീനുകള്‍ മനസിലാക്കി കഥയുടെ സാഹചര്യത്തിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം ഒരുക്കും. പിന്നീട് കഥയ്ക്ക് അനുസരിച്ചുള്ള രംഗപടങ്ങള്‍ വരയ്ക്കും. ഒരു പ്രൊഫഷണല്‍ നാടകത്തിന് 10-നു മുകളില്‍ രംഗപടങ്ങളുണ്ടാകും. സീനുകള്‍ക്കനുസരിച്ച് വെളിച്ചസംവിധാനങ്ങള്‍ നിശ്ചയിക്കും. പശ്ചാത്തലസംഗീതം, രംഗപടം, വെളിച്ചസംവിധാനം തുടങ്ങിയവ ഉപയോഗിച്ച് ദിവസങ്ങളോളം പരിശീലനം നടത്തും. ഇതോടൊപ്പം ശബ്ദവും വെളിച്ചവും പശ്ചാത്തലസംഗീതവും നിയന്ത്രിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരും പരിശീലനം നേടും. ഇവര്‍ ഒരോ സീനിലും വരുന്ന പശ്ചാത്തലസംഗീതത്തിന്റെ വിവരങ്ങള്‍ ബുക്കില്‍ എഴുതി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനൊടുവിലാണ് ഒരു പ്രാഫഷണല്‍ നാടകം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ആദ്യ അവതരണത്തിന് ശേഷം പ്രേക്ഷകരുടെ വിലയേറിയ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് വീണ്ടും ക്യാമ്പില്‍ ഒന്നോ രണ്ടോ ദിവസം പരിശീലനം നടത്തും. 

നാടകക്യാമ്പ് ഇന്നും ഗുരുകുല സമ്പ്രദായത്തില്‍

ഇന്നും ഗുരുകുല സമ്പ്രദായത്തിലാണ് പ്രൊഫഷണല്‍ നാടകങ്ങളുടെ പരിശീലന ക്യാമ്പുകള്‍ നടക്കുന്നത്. തിരക്കഥ രചന പൂര്‍ത്തിയാക്കി നടീനടന്മാരെ നിശ്ചയിച്ചുകഴിഞ്ഞാല്‍ ക്യാമ്പ് ആരംഭിക്കും. ഭക്ഷണം പാകം ചെയ്യാനും ആവശ്യത്തിനു കുടിവെള്ളവും ലഭിക്കുന്ന ഓഡിറ്റോറിയങ്ങളാകും ക്യാമ്പിനായി തിരഞ്ഞെടുക്കുന്നത്. പിന്നീട് ഇവിടെയാകും നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും താമസിച്ച് പരിശീലനം നടത്തുന്നത്. ഒരുമാസം മുതല്‍ ഒന്നരമാസത്തോളം നാടക ക്യാമ്പുകളില്‍ പരിശീലനം ഉണ്ടാകും. 
നടീനടന്മാരെ നിശ്ചയിച്ചുകഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ അവരവരുടെ ഭാഗങ്ങളും അതില്‍ വരുന്ന സംഭാഷണങ്ങളും പഠിക്കാനുള്ള അവസരം നല്‍കും. ബുക്കിലോ പേപ്പറിലോ സംഭാഷണങ്ങള്‍ വീണ്ടും എഴുതി എടുത്താകും നടീനടന്മാര്‍ നാടകം പഠിക്കുന്നത്. തുടര്‍ന്ന് സംവിധായകന്റെ നിര്‍ദേശ പ്രകാരം സ്റ്റേജില്‍ അവരവരുടെ ഭാഗങ്ങള്‍ അവതരിപ്പിക്കും. വേണ്ട മാറ്റങ്ങളും സംവിധായകന്‍ നിര്‍ദേശിക്കും. ഘട്ടംഘട്ടമായി രംഗപടവും വെളിച്ചസംവിധാനവും മേക്കപ്പും ഉപയോഗിച്ച് പരിശീലനം നടത്തും. ഒരു മാസംവരെ പരിശീലനം ഉണ്ടാകും.
ഒരു പ്രൊഫഷണല്‍ നാടകം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് 20 മുതല്‍ 22 ലക്ഷം രൂപ വരെ ചെലവ് ഉണ്ടാകുമെന്ന് നാടകനടനും അവാര്‍ഡ് ജേതാവുമായ പ്രദീപ് മാളവിക പറഞ്ഞു. ഇത്രയും തുക മുടക്കി നാടകം അവതരിപ്പിക്കുമ്പോള്‍ വേദികള്‍ ലഭിക്കുക എന്നതാണ് പ്രധാനം. അതിന് നല്ല കഥയും സംവിധായകനും നടീനടന്മാരും വേണമെന്ന് അദ്ദേഹം പറഞ്ഞു. 

മലയാള നാടക വേദിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭകള്‍ നിരവധിയാണ്. മനുഷ്യജീവിതത്തെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി നാടകവേദിയില്‍ അവതരിപ്പിച്ചവരാണ് അവര്‍.അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്, പാട്ടബാക്കി, നമ്മളൊന്ന്, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അശ്വമേധം, സര്‍വ്വേക്കല്ല്, തുലാഭാരം, വിശറിക്ക് കാറ്റു വേണ്ട, മുടിയനായ പുത്രന്‍, ഇതു ഭൂമിയാണ്, ക്രോസ്സ്ബെല്‍റ്റ് തുടങ്ങി നിരവധി നാടകങ്ങള്‍ കേരളീയ സമൂഹത്തെ മാറ്റിമറിച്ചു. അമേച്വര്‍ നാടകവും തെരുവ് നാടകവും പൊറാട്ട് നാടകവും ചവിട്ടു നാടകവും കാക്കാരിശ്ശി നാടകവും വെള്ളരിനാടകവുമെല്ലാം നാടകത്തിന്റെ വകഭേദങ്ങളായിരുന്നു. ഇവയ്ക്കെല്ലാം കേരളത്തില്‍ വേദികളുമുണ്ടായി. പ്രൊഫഷണല്‍ നാടകങ്ങള്‍ അരങ്ങ് കീഴടക്കിയപ്പോള്‍ മറ്റു നാടകപ്രസ്ഥാനങ്ങള്‍ക്ക് തളര്‍ച്ച നേരിട്ടെങ്കിലും പ്രോഫഷണല്‍ നാടകസംഘങ്ങള്‍ സമൂഹത്തോട് ചേര്‍ന്നുനിന്നു. നൂറുകണക്കിന് നാടകസമിതികള്‍ കേരളത്തിലെമ്പാടുമുണ്ടായതങ്ങനെയാണ്. അവയിലൂടെയെല്ലാം നിരവധി കലാകാരന്മാരും പിറവിയെടുത്തു. 

Inshort: Discover the journey of a professional Malayalam play, from script to stage. Explore the rigorous training, creative process, and costs involved.