തിരുവനന്തപുരം: സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം 2026-ന്റെ സമാപനച്ചടങ്ങിൽ വിവിധ പുരസ്‌കാരങ്ങളുടെ വിതരണം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. കലാകാരന്മാർക്ക് തൊഴിലും ഉപജീവനവും ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഗൗരവമായി ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

നാടകോത്സവത്തിലെ മികച്ച നാടകത്തിനുള്ള പുരസ്‌കാരം സൗപർണിക തിരുവനന്തപുരം അവതരിപ്പിച്ച പടയോട്ടം നേടി. കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച ഒരുക്കം മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. പടയോട്ടം സംവിധാനംചെയ്ത അശോക് ശശി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഭൂട്ടാനി എന്ന നാടകത്തിന്റെ രചനയ്ക്ക് മുരളി കൃഷ്ണ മികച്ച നാടക രചയിതാവായി തിരഞ്ഞെടുക്കപ്പെട്ടു.

ഒരുക്കം എന്ന നാടകത്തിലെ അഭിനയത്തിന് സോബി ആലപ്പുഴ മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഭൂട്ടാനിയിലെ അഭിനയത്തിന് ഉണ്ണി മഠത്തിലിനും പടയോട്ടത്തിലെ അഭിനയത്തിന് ബിമൽ ജോയിക്കും ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഒരുക്കം എന്ന നാടകത്തിലെ അഭിനയത്തിന് ജാസ്മിൻ ജോഷിയും പടയോട്ടം എന്ന നാടകത്തിലെ അഭിനയത്തിന് ഗ്രീഷ്മ ഉദയനും പങ്കിട്ടു. ഡാം എന്ന നാടകത്തിലെ അഭിനയത്തിന് വിജിത വിജയൻ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടി.

ഭൂട്ടാനി എന്ന നാടകത്തിന്റെ സംഗീത സംവിധാനത്തിന് അനിൽ മാള മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായി. നിലാവ് പറഞ്ഞത് എന്ന നാടകത്തിന്റെ സംവിധാനത്തിന് വേണു സി. കിഴക്കനേലിന് പ്രത്യേക ജൂറി പുരസ്‌കാരവും ശ്വാസം എന്ന നാടകത്തിലെ ഗാനരചനയ്ക്ക് രമേഷ് കാവിലിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശൻ പുരസ്‌കാര ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ചടങ്ങിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, എം.എൽ.എ വിഷ്ണുമോഹൻ, എം.എൽ.എയും സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാനുമായ സി. ആർ. മഹേഷ്, സംസ്‌കാര സാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ,പ്രിയങ്ക നായർ, സംസ്‌കാര സാഹിതി സംസ്ഥാന കൺവീനർ ആലപ്പി അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി ആനി വർക്കി, രാജേഷ് മണ്ണാന്മൂല,ഒ.എസ്. ഗിരീഷ്, ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.