ഏകദേശം ഇരുപത്തഞ്ച് വർഷത്തെ ഊഷ്മളമായ സൗഹൃദം, ആഴമുള്ള സ്നേഹം, സർഗാത്മക സംവാദം. പ്രായവ്യത്യാസം എന്തുതന്നെയായാലും, ഓംചേരിയെ പരിചയപ്പെട്ടിട്ടുള്ള പലർക്കും അദ്ദേഹം അത്രതന്നെ പ്രിയപ്പെട്ടവനായിരുന്നിരിക്കണം.

To advertise here,

1924-ൽ വൈക്കത്ത് ജനിച്ച ഓംചേരി എൻ. എൻ. പിള്ള — വിഖ്യാത നാടകകൃത്ത്, അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ, എഴുപത് വർഷത്തിലേറെ ഡൽഹിയുടെ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തിത്വം.

എളിയ സാഹചര്യങ്ങളുള്ള ഒരു പരമ്പരാഗത നായർ തറവാട്ടിൽ നിന്ന് വന്ന അദ്ദേഹത്തിന്, ആദ്യകാല വിദ്യാഭ്യാസം തുടരാൻ നിശ്ശബ്ദമായ ഒരു പോരാട്ടം തന്നെ നടത്തേണ്ടി വന്നു. മൂന്നാം ഫോറം പൂർത്തിയാക്കി നാലാം ഫോറത്തിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് അടയ്ക്കാൻ കഴിയാത്ത അവസ്ഥയായി. പഠനം തുടരുക തന്നെ അസാധ്യം. സ്കോളർഷിപ്പ് പരീക്ഷ എഴുതിയെങ്കിലും, അതിന്റെ ഫലം വരാൻ സമയമെടുക്കും. ഫീസ് അടച്ചില്ലെങ്കിൽ സ്കൂൾ രജിസ്റ്ററിൽ നിന്ന് പേര് വെട്ടിക്കളയും.

ഓംചേരിക്ക് സ്കോളർഷിപ്പ് കിട്ടുക തന്നെ ചെയ്തു. ആ സന്തോഷത്തിൽ, എന്നാൽ ആശങ്കകളോടെ, അദ്ദേഹം പുതിയ ക്ലാസ്സിലേക്ക് കയറിച്ചെന്നു. അപ്പോഴാണ് തന്റെ അധ്യാപകൻ കൃത്യസമയത്ത് ഫീസ് അടച്ചിരുന്നെന്നും, സ്കോളർഷിപ്പോടെ തടസ്സമില്ലാതെ പഠനം തുടരാമെന്നും മനസ്സിലാക്കുന്നത്.

 

അത്തരം ആകസ്മികമായ വഴിത്തിരിവുകൾ ജീവിതത്തിലുടനീളം ഒരു വരം പോലെ തന്നോടൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്ന് ഓംചേരി തന്നെ പറയുമായിരുന്നു. ജിജ്ഞാസുവായ യുവകവി. അസാധാരണമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു — കാലടിയിലെ ശ്രീ രാമകൃഷ്ണ ആശ്രമത്തിൽ താമസിച്ച് വേദാന്ത പഠനം. അതുപോലെ അറബിയും ഇസ്ലാമിക പഠനങ്ങളും. ലോ കോളേജിൽ നിയമ പഠനം. അങ്ങനെ പലതും.

എൽ. എൽ. ബിയ്ക്ക് പഠിക്കുമ്പോൾ എഴുതിയ 'നോട്ടീസ് വേണം' ആണ് ആദ്യനാടകം. മന്നത്ത് പദ്മനാഭൻ ഉൾപ്പെടെയുള്ള സാമുദായിക സാംസ്കാരിക നായകരെ വിമർശിച്ചുകൊണ്ടെഴുതിയ നാടകമായിരുന്നു അത്.

കേരളത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം അൻപതുകളുടെ തുടക്കത്തിൽ ഡൽഹിയിലേക്ക് പോയി; ഓൾ ഇന്ത്യ റേഡിയോയിൽ ചേർന്ന് അതിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ എഡിറ്ററായി ഉയർന്നു.

ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ഗോപാലന്റെ നിർദ്ദേശപ്രകാരം, അക്കാലത്ത് ഓംചേരി തന്റെ ആദ്യകാല നാടകങ്ങളിലൊന്നായ 'ഈ വെളിച്ചം നിങ്ങളുടേതാകുന്നു' എഴുതി. രാഷ്ട്രീയവും നാടകവും അപൂർവ്വമായി സംഗമിച്ച ആ അവതരണത്തിൽ കെ. സി. ജോർജ്, പി. ടി. പുന്നൂസ്, ഇ. കെ. ഇമ്പിച്ചി ബാവ, വി. പി. നായർ തുടങ്ങിയ പാർലമെന്റ് അംഗങ്ങൾ തന്നെ അരങ്ങിലെത്തി.

പിന്നീട് അദ്ദേഹം പെൻസിൽവാനിയ സർവ്വകലാശാലയിലും ന്യൂ മെക്സിക്കോ സ്റ്റേറ്റ് സർവ്വകലാശാലയിലും മാസ് കമ്മ്യൂണിക്കേഷനിൽ ഉപരിപഠനം നടത്തി. ഡൽഹിയിൽ മടങ്ങിയെത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ അധ്യാപകനായി ചേർന്നു.

1963-ൽ അദ്ദേഹം ഡൽഹി എക്സ്പെരിമെന്റൽ തിയേറ്റർ ആരംഭിച്ചു. അത് ധീരവും നൂതനവും സാമൂഹിക പ്രസക്തിയുള്ളതുമായ നാടകങ്ങൾക്കുള്ള വേദിയായി മാറി. അസാമാന്യ പ്രതിഭയും അന്വേഷണകൗതുകവുമുള്ള നാടകകൃത്ത്. ഒമ്പത് മുഴുനീള നാടകങ്ങളും എൺപതിലധികം ഏകാങ്ക നാടകങ്ങളും രചിച്ച് ഇന്ത്യൻ നാടകവേദിക്ക് സമ്പന്നവും ശാശ്വതവുമായ പാരമ്പര്യം ഓംചേരി സമ്മാനിച്ചു.

 

2010-ൽ ഓംചേരിക്ക് സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും 2022-ൽ കേരള സർക്കാരിൻ്റെ കേരള പ്രഭാ പുരസ്കാരവും ലഭിച്ചു.

ഡൽഹിയുടെ ‘മലയാളി ബാഗ്’

ഡൽഹിയിലെ മലയാളികളുടെ ജീവിതത്തെ തനതായ ചാരുതയോടെ നിറച്ച വ്യക്തിത്വമായിരുന്നു ഓംചേരി എൻ. എൻ. പിള്ള.

2009 മുതൽ ഞാൻ ഡൽഹിയിൽ ജോലി ചെയ്തിരുന്ന ഐ.ജി.എൻ.സി.എയും അദ്ദേഹം ജോലി ചെയ്തിരുന്ന ഭാരതീയ വിദ്യാഭവനും തമ്മിൽ അഞ്ച് മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആന്ധ്രാഭവനിൽ നിന്ന് വിഭവസമൃദ്ധമായ ഭക്ഷണം ഓർഡർ ചെയ്ത് അദ്ദേഹം എന്നെ വിളിക്കും. ഉറക്കെ സംസാരിച്ചും ചിരിച്ചും ഞങ്ങൾ നീണ്ട നേരം ഭക്ഷണം കഴിക്കും. പല വൈകുന്നേരങ്ങളിലും പ്രസ് ക്ലബ്ബിൽ കണ്ടുമുട്ടും.

മദ്യപിക്കാത്ത ഓംചേരിയുടെ ഓഫീസ് മുറിയിൽ, കള്ള് കുടിച്ചിരിക്കുന്ന ഒരാളുടെ ചിത്രം തൂങ്ങിക്കിടന്നിരുന്നു. “ആളുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനാണോ ഇത് വെച്ചിരിക്കുന്നത്?” ഞാൻ ഒരിക്കൽ ചോദിച്ചു. “ഞാൻ കുടിക്കാറില്ലെങ്കിലും, ആളുകൾ കുടിക്കുന്നത് കാണാൻ രസമാണ്,” നാടകകൃത്ത് പറയും. ഭാരതീയ വിദ്യാഭവനിൽ തന്നെ കാണാൻ വന്ന ഓരോരുത്തർക്കും വേണ്ടി അദ്ദേഹം എങ്ങനെ സമയം കണ്ടെത്തി എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളും പരിചയക്കാരും മാത്രമല്ല, ഒരു പക്ഷേ, ഡൽഹിയിലെത്തിയ മിക്ക മലയാളികളും ആ മുറിയിൽ എത്തിച്ചേർന്നിട്ടുണ്ടാവും. ഒരു അഭയ സങ്കേതം പോലെ.

2000-കളുടെ തുടക്കം. ജെ.എൻ.യുവിൽ നിന്ന് പി.എച്ച്.ഡി. കഴിഞ്ഞയുടൻ ഞാൻ ലക്ഷ്യമില്ലാതെ അലഞ്ഞിരുന്ന കുറച്ചു കാലം. "ഇനി എന്താണ് പരിപാടി?” ഓംചേരി ചോദിച്ചു. “ഒന്നുമില്ല. ഞാൻ കാശിക്ക് പോകുകയാണ്.” എന്റെ സഹോദരി അന്ന് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു. “ഇല്ല. സമയമായിട്ടില്ല.” തന്റെ സ്വതസിദ്ധമായ നർമ്മത്തോടെ അദ്ദേഹം എന്നെ ഡൽഹിയിൽ തന്നെ പിടിച്ചു നിർത്തി. ഡൽഹിയിലെ ചേരികളിൽ സഞ്ചരിക്കുന്ന മൈം തിയേറ്ററിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

1970-കളിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ പഠിപ്പിക്കുമ്പോഴാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രശസ്തമായ ‘ഗരീബി ഹഠാവോ’ എന്ന ദേശീയ പ്രചാരണ പരിപാടി രൂപകല്പന ചെയ്തത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഫീൽഡ് വർക്ക് നടത്തി, മഖൻ ദാസ്ഗുപ്തയോടൊപ്പംആർട്ട് വർക്കുകളുണ്ടാക്കി ആ പ്രചാരണം അത്യുജ്ജ്വലമായി നടപ്പാക്കി — ഒരു പ്രതിഫലവും വാങ്ങാതെ. സർക്കാർ സർവ്വീസിലായിരുന്നതിനാൽ, ഈ വിവരം അടുത്തിടെ വരെ ഒരു പരസ്യമായ രഹസ്യമായി തുടർന്നു. തന്റെ "ആകസ്മികം" എന്ന ഓർമ്മക്കുറിപ്പിലാണ് ഓംചേരി തന്നെ ഇത് ആദ്യമായി വെളിപ്പെടുത്തിയത്. 'ആകസ്മികം' 2020-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.

നാടകം, മാസ് കമ്മ്യൂണിക്കേഷനും പത്രപ്രവർത്തനവും, ഭാഷ, സാഹിത്യം, സംഗീതം... അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകൾ പലതായിരുന്നു. കേരള ക്ലബ്ബ്, കേരള സ്കൂൾ, ജനസംസ്കൃതി, ഡൽഹി എക്സ്പെരിമെന്റൽ തിയേറ്റർ, ജാഗരൺ, കഥകളി സെൻ്റർ, ഇന്ത്യ ഇൻ്റർനാഷണൽ സെൻ്റർ— ഇവിടങ്ങളിലെല്ലാം കലാ-സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങളുമായി അദ്ദേഹം എപ്പോഴും ഓടിനടന്നു. ഓംചേരിയുടെ 'തേവരുടെ ആന', 'ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു', 'കള്ളൻ കയറിയ വീട്', 'വഴിയിൽ ഭക്തൻമാരുണ്ട് സൂക്ഷിക്കുക' തുടങ്ങിയ നാടകങ്ങൾ ഡൽഹി അരങ്ങുകളിൽ ചിന്തയും ചിരിയും, യുക്തിയും പരിഹാസവുമായി വ്യാപിച്ചു.

ഓംചേരി കുടുംബം ഡൽഹിയുടെ മലയാളി ബാഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിന്റെ നാടൻ-ശാസ്ത്രീയ കലാരൂപങ്ങളെക്കുറിച്ച് ചർച്ച വരുമ്പോഴെല്ലാം, പ്രൊഫ. ഓംചേരിയും പ്രൊഫ. ലീല ഓംചേരിയും പ്രധാന റഫറൻസുകളായിരുന്നു. ഡൽഹിയുടെ കൊടും തണുപ്പിൽ പോലും, ലീല ഓംചേരി അനായാസമായി കേരള സാരി ധരിച്ച് നടന്നുവരും. അത് എന്നെ അല്പമല്ല അത്ഭുതപ്പെടുത്തിയിരുന്നത്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും മാത്രമല്ല, തലസ്ഥാന നഗരിയുടെ ഹൃദയത്തിൽ തന്നെ കേരളത്തിന്റെ ആത്മാവും സജീവ സംസ്കാരവും നിലനിർത്തിയവരായിരുന്നു അവർ.

മാസ് കമ്മ്യൂണിക്കേഷൻ രംഗത്തെ അതികായൻ. മാനേജ്മെന്റ് മേഖലയിലെ കൂർമ്മ ബുദ്ധി. ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾക്കിടയിൽ, ഞാൻ ഓംചേരിയെക്കുറിച്ച് ചിന്തിക്കും. വലിയ ഔദ്യോഗിക പ്രശ്നങ്ങളെ എത്ര ലാഘവത്തോടും ലാളിത്യത്തോടുമാണ് അദ്ദേഹം കൈകാര്യം ചെയ്തത്! ഒരിക്കൽ, ഒരു പ്രയാസഘട്ടത്തിൽ, ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. “എന്താ വലിയ ചിന്താഭാരമാണല്ലോ? ” അദ്ദേഹം ആരാഞ്ഞു. “അതെ.” “കുഴപ്പമില്ല. ഒരു പോംവഴിയുണ്ട്.” അദ്ദേഹം ഷെൽഫിൽ നിന്ന് ഒ. വി. വിജയൻ്റെ ബാലബോധിനി എന്ന കുട്ടിപ്പുസ്തകം എടുത്തു. ഞങ്ങൾ ഒരുമിച്ച് വായിച്ച് ചിരിച്ചു. ഉടനെ അദ്ദേഹം ഒ. വി. വിജയനെ വിളിച്ച് പറഞ്ഞു, “വിഷമിച്ച് വന്ന ഒരാളിതാ ചിരിച്ചുകൊണ്ട് മടങ്ങുകയാണ്. ബാലബോധിനിയാണ് ഒറ്റമൂലി.”

പ്രളയം — The Deluge

നാടക സംവിധായകൻ സാംകുട്ടി പട്ടംകരി ഓംചേരിയുടെ പ്രളയം എന്ന, ആധുനിക മലയാള നാടകചരിത്രത്തിലെ സുപ്രധാന നാടകം, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവിൽ അവതരിപ്പിച്ചപ്പോൾ, ഞാൻ അതിൽ മിസ് മേരിയായി അഭിനയിച്ചു. അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും നാടകാഭിനയം. ആണവ ഭീഷണിക്കും യുദ്ധങ്ങൾക്കുമെതിരെ ശക്തമായ സന്ദേശമുള്ള, നാടകപ്രേമികളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രമാണ് മേരി. അഭിനയത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഞാൻ, ഇത്ര പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ഏറ്റെടുക്കാൻ ധൈര്യപ്പെട്ടത് ഓംചേരിയുടെ സ്നേഹപൂർവ്വമായ നിർബ്ബന്ധം കൊണ്ടായിരുന്നു.

നാടകം സംവിധാനം ചെയ്യാൻ സാംകുട്ടി പട്ടംകരിയെ കേരളത്തിൽ നിന്ന് കൊണ്ടുവന്നു. ഡൽഹി ആസ്ഥാനമായുള്ള നടൻ അനിൽകുമാറും നാടക പ്രവർത്തകയും ചലച്ചിത്ര നടിയുമായ സജിത മഠത്തിലും ആർക്കിട്ടൈപ്പൽ നോഹയുടെയും മിസ്സിസ് നോഹയുടെയും വേഷങ്ങൾ ചെയ്തു. ഞാൻ തികച്ചും നവാഗത; വല്ലാത്ത ആശങ്ക.

“കലയ്ക്ക് ആ സിനിസിസം ധാരാളമുണ്ട്, അതുകൊണ്ട് നന്നായി വരും,” ഓംചേരി ചിരിച്ചുകൊണ്ട് പറഞ്ഞു. “ശരി, അതൊരു കോംപ്ലിമെൻ്റ് ആയി ഞാൻ എടുക്കുന്നു.” പക്ഷേ പ്രളയത്തിന്റെ റിഹേഴ്സലുകളിൽ, മേരി എന്നെ പലവിധത്തിൽ വെല്ലുവിളിച്ചു കൊണ്ടിരുന്നു — ചിന്തയുടെ മിന്നൽപ്പിണരുകൾ പോലെ, നിശ്ചയദാർഢ്യത്തിന്റെ ഇടിമുഴക്കം പോലെ. സത്യത്തിനും നീതിക്കും വേണ്ടി അചഞ്ചലമായി പോരാടുന്നവർക്ക് സംഭവിക്കുന്നതുതന്നെ മേരിക്കും സംഭവിക്കുന്നു. പ്രളയത്തിലെ മേരി ക്രിസ്തുവാണ് — കവി സച്ചിദാനന്ദൻ അന്ന് അങ്ങനെ എഴുതി. എല്ലാ വിശേഷണങ്ങളും അപര്യാപ്തമാണെന്ന് തോന്നിപ്പിക്കുന്ന അത്യുജ്ജ്വലമായ കഥാപാത്ര സൃഷ്ടിയാണ് ഓംചേരിയുടെ മേരി.

ഡൽഹിയിൽ രണ്ടോ മൂന്നോ വേദികളിൽ തുടർച്ചയായി ഞങ്ങൾ ആ നാടകം അവതരിപ്പിച്ചു. ജനസംസ്കൃതിയുടെ ബാനറിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ സംഘടിപ്പിച്ച ആദ്യ അവതരണം കാണാൻ മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ഉൾപ്പെടെയുള്ള പ്രമുഖർ എത്തി. പ്രളയം കാലാതീതമായ സംഭാവനയാണെന്നും അതിന്റെ പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണെന്നും കെ. ആർ. നാരായണൻ പറഞ്ഞു. മുൻ രാഷ്ട്രപതി പങ്കെടുത്ത അവസാനത്തെ പൊതുചടങ്ങായിരുന്നു അതെന്ന് ഞാൻ ഓർക്കുന്നു. പിന്നീട്, 2006 ജനുവരിയിൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ എട്ടാമത് ഭാരത് രംഗ് മഹോത്സവിൽ, നിഗൂഢമായ ബഹുമുഖ് തിയേറ്ററിൽ അത് വീണ്ടും അവതരിപ്പിക്കപ്പെട്ടു.

ഇപ്പോൾ, ഈ വരികൾ എഴുതുമ്പോൾ, ഞാൻ ഓർക്കുന്നു — എനിക്കും ഓംചേരിയുടെ പ്രളയം എന്ന നാടകത്തിനും ഏകദേശം ഒരേ പ്രായമാണ്. ഓംചേരി ആദ്യം അതൊരു കവിതയായിട്ടാണതെഴുതിയത്. പിന്നീട് ഇംഗ്ലീഷിൽ ഒരു ടി.വി. നാടകമായി, അതിനുശേഷം 1970-ൽ മലയാളത്തിൽ ഒരു മുഴുനീള നാടകമായി വികസിപ്പിച്ചു. 1972-ൽ പ്രളയം കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

മനുഷ്യന്റെ ദുരാഗ്രഹം, യുദ്ധഭ്രാന്ത്, ആണവ ദുരന്തം എന്നിവയെക്കുറിച്ച് സംസാരിക്കാൻ നോഹയെയും പെട്ടകത്തെയും പുനഃസൃഷ്ടിച്ച ഗഹനമായ ബൈബിൾ രൂപകം. എന്നാൽ ബൈബിൾ ബന്ധം അവിടെ അവസാനിക്കുന്നു. ആധുനികവും അത്യന്തം സമകാലികവും അതിശക്തവുമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് ആ നാടകം പ്രവർത്തിക്കുന്നത്. ടെലിവിഷൻ അതിൽ ഒരു പ്രധാന കഥാപാത്രമാണ് — പുറംലോകത്തിലേക്കുള്ള ജാലകം എന്ന നിലയിൽ മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച, യാഥാർത്ഥ്യത്തെ മാധ്യമവൽക്കരിക്കുകയും കൃത്രിമമായി നിയന്ത്രിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ എന്ന നിലയിൽ. മാസ് കമ്മ്യൂണിക്കേഷനിൽ നിന്നും പത്രപ്രവർത്തനത്തിൽ നിന്നും വന്ന ഓംചേരിക്ക് അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും അതിന്റെ സാധ്യതയും അതുണ്ടാക്കുന്ന മയക്കുന്ന കാഴ്ചയുടെ കളിയും കൃത്യമായി അറിയാമായിരുന്നു.

പ്രളയം എന്ന നാടകം ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ, പ്രശസ്ത നയതന്ത്രജ്ഞനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയുമായ കെ. പി. എസ്. മേനോൻ അതിന് ആമുഖം എഴുതി. 1945-ൽ ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിൽ ഒപ്പുവെച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം.

നാടകം രാജ്യത്തിനകത്തും പുറത്തും പല വേദികളിൽ അവതരിപ്പിക്കപ്പെട്ടു. 2002 ഓഗസ്റ്റിൽ ജപ്പാനിൽ നടന്ന അന്താരാഷ്ട്ര എത്തിക്സ് സമ്മേളനത്തെക്കുറിച്ച്, അവിടെ പ്രഭാഷകനായി പോയ ഓംചേരി എഴുതി, “ലോകത്തിലെ ആദ്യത്തെ ആണവ ദുരന്തത്തിന്റെ ഓർമ്മകൾ ഇപ്പോഴും പുതുമയോടെയിരിക്കുന്ന, മാനവരാശിയുടെ നിലനിൽപ്പിൻ്റെ അവസാന ചാൻസിനെക്കുറിച്ചുള്ള സൂചനകളായി സമാധാന സന്ദേശം നിരന്തരം പുറപ്പെടുവിക്കുന്ന ഇടം.” (Deluge എന്ന പ്രളയത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനത്തിൻ്റെ ആമുഖത്തിൽ).

അതിനുശേഷം ലോകമെമ്പാടും എത്രയെത്ര യുദ്ധങ്ങൾ നാം കണ്ടു! മനുഷ്യത്വത്തിന്റെ ഒരു പെട്ടകത്തിലും കയറി രക്ഷപ്പെടാൻ കഴിയാതെ പിടഞ്ഞ് മരിച്ച കുട്ടികൾ. തകർന്നടിഞ്ഞ ജനപഥങ്ങൾ. അവസാനിക്കാത്ത അഭയാർത്ഥി പ്രവാഹം... ഉക്രെയ്ൻ, ഗാസ... പിന്നെയും എവിടെയെല്ലാം ഉയർന്നു കൊണ്ടേയിരിക്കുന്ന യുദ്ധപ്പുക. അതെ, പ്രളയംഎന്ന നാടകം എന്നും പ്രസക്തമായി തന്നെ തുടരും.

ഒരുപാട് ഓർമ്മകളുണ്ട്. പിന്നീടാവാം. ഔദ്യോഗിക ജീവിതത്തിലും സാമൂഹിക-സാംസ്കാരിക മേഖലകളിലും നേതൃത്വപരമായ പങ്ക് വഹിച്ച ഓംചേരി, ഹൃദയം കൊണ്ട് ഒരു തികഞ്ഞ ഹ്യൂമനിസ്റ്റായിരുന്നു.

ഒരു ചേരിയിലും പെടാത്ത ആളാണ് ഓംചേരി - രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയായി അങ്ങനെ പറയുമായിരുന്നു. അദ്ദേഹം നാടകത്തിന്റെ, കലകളുടെ, സാഹിത്യത്തിന്റെ, തീർച്ചയായും മലയാളത്തിന്റെ ചേരിയിലായിരുന്നു... എല്ലാറ്റിനുമുപരി, സർവ്വലോക മാനവികതയുടെ ചേരിയിലും.