പീഠത്തിൽ പ്രധാന പ്രതിഷ്ഠ, ചുറ്റിലും ചുവപ്പ് നിറം; ആർത്തവത്തെ ആഘോഷമാക്കുന്ന അസ്സമിലെ ക്ഷേത്രം
മുഖത്ത് കുങ്കുമം ചാര്‍ത്തി കൈയിലും കഴുത്തിലും പൂമാലയും കടുംനിറത്തിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് നിരനിരയായി എത്തുന്ന ഭക്തര്‍. ചുവന്ന നിറം ഒരു പ്രതീകം പോലെ ചുറ്റും നിറയുന്ന കാഴ്ച. സഞ്ചാരികളുടെ മനസ്സുനിറയ്ക്കുന്ന ഒരു ക്ഷേത്രം. ആര്‍ത്തവത്തെ ആഘോഷമാക്കുന്ന അസ്സമിലെ കാമാഖ്യ ദേവീക്ഷേത്രം. ഗുവാഹാത്തിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്കുന്നില് സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഇന്ത്യയിലെ അന്‍പത്തൊന്ന് ശക്തിപീഠങ്ങളില്‍ ഒന്ന്. പ്രതിഷ്ഠയായി ഉഗ്രരൂപിണിയായ സതീദേവി.
ക്ഷേത്രമന്ദിരത്തിലെ ചെറുഗുഹയ്ക്കുള്ളില് ഒമ്പത് യോനീപീഠങ്ങളുടെ മധ്യത്തിലായി ഒരു യോനീപീഠത്തിലാണ് പ്രധാന പ്രതിഷ്ഠയായ ശ്രീചക്രം. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു. ദശമഹാവിദ്യമാരായ കാളി, താര, ചിന്നമസ്ത, ബഗളാമുഖി, ഭുവനേശ്വരി, ത്രിപുരസുന്ദരി (ഷോഡശി, ശ്രീവിദ്യ, പാര്‍വതി), ഭൈരവി, ധൂമാവതി, മാതംഗി (മഹാസരസ്വതി), കമല (മഹാലക്ഷ്മി) എന്നിവരുടേതാണ്. ആദിപരാശക്തിയുടെ പത്ത് പ്രധാന താന്ത്രിക രൂപങ്ങളാണിവ.
ദക്ഷയാഗ സമയത്ത് പരമശിവനെ ദക്ഷന് അപമാനിച്ചതില്‍ കോപിച്ച സതീ ദേവി യാഗാഗ്നിയില്‍ ചാടി ആത്മാഹൂതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന് കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് സതീ ദേവിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. ശിവനെ പിന്തിരിപ്പിക്കാനായി മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. യോനീഭാഗം വീണ പ്രദേശമാണ് കാമാഖ്യ എന്നാണ് വിശ്വാസം.
എട്ടു മുതല്‍ 17ാം നൂറ്റാണ്ടു വരെയുള്ള കാലയളവിലാണ് നിലവിലുള്ള ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണവും പുതുക്കലുകളും നടന്നിട്ടുള്ളതാണെന്ന് പറയപ്പെടുന്നു. അമ്പുബാച്ചി മേളയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു. അഭിവൃദ്ധിയുടെ അടയാളമായി ആ തുണിക്കഷണം ഭക്തജനങ്ങള്‍ പൂജിക്കുന്നു.
ക്ഷേത്രത്തിനുചുറ്റും പൂജാവസ്തുക്കള്‍ ഭക്ഷണങ്ങളും വില്‍ക്കുന്ന ധാരാളം കടകളുണ്ട്. അന്നദാനത്തിനായി കാത്തുനില്ക്കുന്നവരുടെ നീണ്ടനിരയുമുണ്ടാകും. കുറി തൊട്ട, കഴുത്തില്‍ ചുവപ്പുനൂല്‍ കെട്ടി ഒരുപാട് ആട്ടിന്‍കുട്ടികളേയും ഇവിടെ കാണാം. ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആണ്‍മൃഗങ്ങളെ ഇവിടെ ബലി നല്കുന്നു. പെണ്‍മൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്.
ആഗ്രഹസാഫല്യത്തിനും രോഗശമനത്തിനും പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയും നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. സന്താന സൗഭാഗ്യത്തിനായി നിരവധിയാണ് ഇവിടെ ഭജനമിരിക്കുന്നത്. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആറ് കിലോമീറ്ററും എയര്‍പോര്‍ട്ടില്‍ നിന്ന് 20 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം
Content Highlights: Kamakhya Temple: Exploring the Sacred Site of Desire and Fertility in Assam, India
Published: 16 Sept 2025, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented