ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അസമിലെ കാമാഖ്യ. നിരവധി ഭക്തരും സഞ്ചാരികളും 'നീലാചല്‍ കുന്നിലെ ശക്തിസ്വരൂപിണിയെ' കാണാനായി കാമാഖ്യയിലെത്താറുണ്ട്. നിരവധി സിനിമാ താരങ്ങളും ഇക്കൂട്ടത്തിലുണ്ടാവാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ സംയുക്തയാണ് കാമാഖ്യയില്‍ ദര്‍ശനം നടത്തിയിരിക്കുന്നത്. 

To advertise here,

ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്‌. തെലുങ്ക് ചിത്രമായ വിരുപാക്ഷ വീണ്ടും ചെയ്യുകയാണോ എന്നായിരുന്നു സംയുക്തയുടെ ചിത്രങ്ങള്‍ക്ക് ചില ആരാധകര്‍ നല്‍കിയ കമന്റ്. നീല കുര്‍ത്തിയണിഞ്ഞ് നെറ്റിയില്‍ തിലകവുമായാണ് സംയുക്ത ചിത്രങ്ങളിലുള്ളത്. 

കാമാഖ്യ ക്ഷേത്രം

അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു. അമ്പുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.

ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്‌നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന്‍ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്‌ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍നിന്ന് 20  കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.