എങ്ങും ചുവന്ന ചെമ്പരത്തിപ്പൂമാലകൾ. അസമിലെ നീലാചൽ മലകയറി കാമാഖ്യ ക്ഷേത്രപരിസരത്തെത്തിയപ്പോൾ ആദ്യം കണ്ണിലുടക്കിയത് അതാണ്. അടിമുടി ചുവപ്പിന്റെ ആഘോഷം. കടുംചുവപ്പു കുങ്കുമം. എവിടെയും ചുവപ്പും സ്വർണക്കസവുമുള്ള പുടവകളും മാലകളും ചരടുകളും.

To advertise here,

ക്ഷേത്രപരിസരത്ത് ധാരാളമായുള്ള ആടുകളുടെയും പ്രാവുകളുടെയും ദേഹത്ത് ചുവപ്പു കുങ്കുമം പൂശിയിരിക്കുന്നു. ചുവപ്പു വസ്ത്രധാരികൾ. പിന്നെ ബലിഗൃഹം... വശ്യസൗന്ദര്യമുള്ള നീലാചലിൽ ബ്രഹ്മപുത്രയുടെ സാമീപ്യത്തിൽ നിൽക്കുന്ന കാമാഖ്യാ ക്ഷേത്രത്തിലെ രീതികൾക്കുമുണ്ട് സവിശേഷതകളേറെ.

ഐതിഹ്യം ഇങ്ങനെ:

 

തന്റെ അച്ഛൻ ദക്ഷൻ, ഭർത്താവ് പരമശിവനെ അപമാനിച്ചതിനെത്തുടർന്ന് സതീദേവി അച്ഛന്റെ തന്നെ യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. സതീദേവിയുടെ ശരീരവുമായി താണ്ഡവമാടിയ ശിവനെ വിഷ്ണു കണ്ടു. ആ താണ്ഡവം ലോകത്തിനു നല്ലതല്ലെന്ന ബോധ്യത്തിൽ വിഷ്ണു തൊടുത്തുവിട്ട സുദർശനചക്രമേറ്റ് സതീദേവിയുടെ ശരീരം 51 ഭാഗങ്ങളായി ചിന്നിച്ചിതറി. ഇതിൽ യോനീഭാഗം വന്നു പതിച്ച സ്ഥലത്താണ് കാമാഖ്യാ ക്ഷേത്രം എന്നാണ് വിശ്വാസം.

 

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം 1560-കളിൽ കോച്ച് രാജവംശത്തിലെ രാജാവ് നരനാരായൺ ആണ് ഇന്നുള്ള രൂപത്തിൽ പുതുക്കിപ്പണിതതെന്നു കരുതുന്നു. ക്ഷേത്രത്തിന്റെ നിർമിതിയും ശ്രദ്ധേയമാണ്. തനത് നീലാചൽ ശൈലിയിലുള്ള നിർമാണത്തിൽ കല്ലും മരവും മണ്ണും ഉപയോഗിച്ചിരിക്കുന്നു.

പരമ്പരാഗതരീതിയിലുള്ള ബിംബങ്ങൾ ഇല്ലാത്ത ക്ഷേത്രത്തിൽ, പാറക്കല്ലിൽ ഉള്ള യോനീരൂപമാണ് പൂജിക്കുന്നത്. എല്ലാ വർഷവും ജൂൺ പകുതിക്കു ശേഷമാണ് ഇവിടെ പ്രധാനമായ ‘അംബുബാചി മേള’ നടക്കുക. ദേവി രജസ്വലയാകുന്നു എന്നാണ് വിശ്വാസം. ആദ്യ മൂന്നുദിവസം ക്ഷേത്രം അടച്ചിടും. നാലാം നാൾ തുറന്ന് ഉത്സവം.

ദീർഘനേരത്തെ വരിനിൽപ്പിനുശേഷമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കുക. വലിയ കരിങ്കല്ലിൽ തീർത്ത ഇടുങ്ങിയ കവാടത്തിലൂടെ കടക്കുമ്പോൾ ചെറിയ ഗുഹ പോലുള്ള സ്ഥലമാണ് ഗർഭഗൃഹം. അവിടെ പാറക്കല്ലിൽ യോനീരൂപം. പൂക്കളും കുങ്കുമവും സമർപ്പിച്ചിരിക്കുന്നു. ഒരു ചെറിയ നീരുറവയിൽ ഇന്ന് വെള്ളം ഒഴുകുന്നു. വിശ്വാസികൾ വെള്ളം തൊട്ടുതൊഴുന്നു. ഇവിടെയാണ് പൂജ.

പ്രകൃതിയുടെ മടിത്തട്ടിലുള്ള ക്ഷേത്രത്തിന്റെ പരിസരമാകെ കുളിരുന്ന തണുപ്പ്. കണ്ണിനു കുളിരായി നമ്മുടെ നാടൻ ചെമ്പരത്തിപ്പൂവും നീല ശംഖുപുഷ്പവും. ഇവിടെ പൂജയ്ക്ക് ഏറ്റവുമധികം എടുക്കുന്നത് ഈ പൂക്കളാണ്. ക്ഷേത്രപരിസരത്ത് ചെറുകുളങ്ങൾ. ആടുകൾക്ക് എവിടെയും സ്വൈരവിഹാരം. പ്രാവുകൾ മനോഹരമായ കൊത്തുപണികളുള്ള സ്തൂപങ്ങളിലും കൽക്കെട്ടുകളിലും സ്വസ്ഥമായ താവളം കണ്ടെത്തിയിരിക്കുന്നു. ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നവയാണ് ഇവ രണ്ടും.

ഏറ്റവും സന്തോഷം തോന്നിയ ഒരു കാഴ്ച കണ്ടു. മലമുകളിലെ ക്ഷേത്രത്തിനായി കെട്ടിടങ്ങൾ നിർമിച്ചപ്പോഴും വെട്ടാതെ നിർത്തിയിട്ടുള്ള മരങ്ങൾ. കുത്തനെ കൽപ്പടവുകൾ തീർത്തപ്പോഴും മുകളിൽ പോലും മരങ്ങൾ വെട്ടാതെ നിലനിർത്തി അവയ്ക്കു ചുറ്റുമായി നിർമാണം നടത്തിയിരിക്കുന്നു.

ഗുവാഹട്ടി വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്ററേയുള്ളൂ ക്ഷേത്രത്തിലേയ്ക്ക്. ട്രെയിൻ മാർഗവും ഇവിടെയെത്താം. ഗുവാഹട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8.3 കിലോമീറ്ററും കാമാഖ്യ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 6.70 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ബോർദുരി സമാജിനാണ് ക്ഷേത്രത്തിന്റെ ഭരണനിർവഹണച്ചുമതല. പ്രൈംമിനിസ്റ്റേഴ്സ് ഡെവലപ്മെൻറ് ഇനീഷ്യേറ്റീവ് ഫോർ നോർത്ത് ഈസ്റ്റ് റീജിയൻ (പിഎം ഡിവൈൻ)പദ്ധതി പ്രകാരം ‘മാ കാമാഖ്യ ആക്സസ് കോറിഡോറി’നായി 498 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. തീർഥാടകർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയും ടൂറിസത്തെ പിൻതുണയ്ക്കുകയുമാണ് ലക്ഷ്യം. കാമാഖ്യയിൽ അടിസ്ഥാനസൗകര്യവികസനത്തിനായും ഗതാഗതസൗകര്യമൊരുക്കുന്നതിനും പിൽഗ്രിമേജ് ആൻഡ് സ്പിരിച്വൽ ഹെറിറ്റേജ് ഡ്രൈവ് ('പ്രസാദ്') പ്രകാരവും സഹായം നൽകുന്നു.