ഒന്‍പതാം വയസിലാണ് രോഗം വന്ന് അഞ്ജുവിന്റെ രണ്ടുകാലുകള്‍ക്കും ബലമില്ലാതായത്. അതോടെ ഒറ്റയ്ക്കുനില്‍ക്കാന്‍ കഴിയാതെയായി. കൂട്ടുകാര്‍ ചുമലുകളില്‍ താങ്ങി സ്‌കൂളിലെത്തിച്ചു. പ്ലസ്ടു കഴിഞ്ഞതോടെ കല്ലിയൂരിലെ വീടിനുള്ളില്‍ വീല്‍ച്ചെയറിലായി അഞ്ജുവിന്റെ ജീവിതം. എന്നാല്‍ ഇന്ന് വാക്കിങ് സ്റ്റിക്കിന്റെയോ ക്രച്ചസിന്റെയോ സഹായത്തോടെ അഞ്ജുവിന് നടക്കാം. 

To advertise here,

അതിന് സഹായിച്ചത് വെള്ളായണി കാര്‍ഷിക കോളേജിലെ കമ്യൂണിറ്റിസയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയും. കൃഷിയും മനഃശാസ്ത്രവും സംയോജിപ്പിച്ച് ശാരീരിക-മാനസിക വികസനത്തിനുള്ള ശാസ്ത്രശാഖയാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി. കാഴ്ചക്കുറവ്, ഓട്ടിസം, കേള്‍വിത്തകരാര്‍, പഠനവൈകല്യം, സെറിബ്രല്‍ പാള്‍സി, സംസാരവൈകല്യം, വ്യക്തിത്വവൈകല്യം തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കാണ് ഈ തെറാപ്പി നല്‍കാറുള്ളത്. 

അഭിരുചി അനുസരിച്ച് ആളുകളെ കൃഷിയിലേക്കും മറ്റ് ജോലികളിലേക്കും നയിക്കും. സാമൂഹിക ഇടപെടലുകള്‍ വ്യക്തിത്വ വികാസത്തിനും സഹായകമാകും. 2017-ലാണ് ഒരേക്കര്‍സ്ഥലത്ത് പൂന്തോട്ടവും കൃഷിഭൂമിയും ഒരുക്കി വെള്ളായണി കാര്‍ഷിക കോളേജില്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി തുടങ്ങിയത്. ഒരു ബാച്ചിന് രണ്ടുവര്‍ഷംവരെ പരിശീലനം നല്‍കും. ഇതുവരെ അഞ്ചുബാച്ചുകളിലായി 100 കുട്ടികളെ മികവിന്റെ പാതയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.