വാഹനങ്ങളുടെ ജി.എസ്.ടി നിരക്കിൽ വലിയ കുറവ് ഉണ്ടായതോടെ ഉണർന്നിരിക്കുകയാണ് വാഹന വിപണി. 1,200 സിസി വരെയുള്ള പെട്രോള്‍ എന്‍ജിന്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്കും ജിഎസ്ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. വാഹന ജി എസ് ടി കുറഞ്ഞത് വാഹനവിപണിയെ ഉണർത്തുമെങ്കിലും ഡീലർമാർക്ക് കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനെതിരേ ജിഎസ്ടി കൗൺസിലിനേയും കേന്ദ്രമന്ത്രിയേയും കാണാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ഡീലർമാർ. ജിഎസ്ടി നിരക്കിലെ കുറവ് വാഹനവിപണിയേയും ഡീലർമാരേയും എത്തരത്തിലാണ് സ്വാധീനിക്കുകയെന്ന് പറയുകയാണ് കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റർ രഞ്ജിത്ത്.

To advertise here,

ഇടത്തരം കാറുകള്‍, നാലു മീറ്ററിലേറെയുള്ള വലിയ കാറുകള്‍, എസ്യുവികള്‍ എന്നിവയ്ക്ക് 40 ശതമാനമാണ് പുതിയ നിരക്ക്. ഇവയ്ക്ക് നിലവില്‍ സെസ് ഉള്‍പ്പെടെ 45-50 ശതമാനമായിരുന്നു. ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ച് ശതമാനമാണ് നിരക്ക്. 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ നിരക്ക് 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറയും. എന്നാല്‍, 350 സിസിക്കു മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 40 ശതമാനമായി നിരക്ക് ഉയരും.

ടാറ്റ മോട്ടോഴ്‌സ്, റെനോ, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ മുമ്പുതന്നെ വിലയില്‍ വരുന്ന മാറ്റവും അറിയിച്ചിരുന്നു. മാരുതി പോലെയുള്ള കമ്പനികള്‍ കഴിഞ്ഞ ദിവസമാണ് വിലയിലെ മാറ്റം അറിയിച്ചത്. ജിഎസ്ടി പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന വില കുറവ് വാഹന വിപണിയെ ഉണർത്തുമെന്നാണ് വിദഗ്ധാഭിപ്രായം.