വിശ്വസംസ്‌കൃതിയുടെ അടയാളമായി അബുദാബിയില്‍ ആദ്യ ശിലാക്ഷേത്രം ഭക്തര്‍ക്കും സഞ്ചാരികള്‍ക്കുമായി ഒരുങ്ങിക്കഴിഞ്ഞു. പരമ്പരാഗത ഭാരതീയ വാസ്തുശില്പ വൈഭവം കോറിയിട്ട ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ അവകാശപ്പെടാനുണ്ട്. ഗള്‍ഫ് കുടിയേറ്റ കാലം മുതല്‍ ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി യു.എ.ഇയിലെത്തിയ ദശലക്ഷക്കണക്കിന് ആളുകളില്‍ ഇസ്ലാമും ക്രിസ്ത്യാനിയും ഹൈന്ദവരും സിഖുകാരുമെല്ലാമുള്‍പ്പെടും. അവരിവിടെ ഒരുമിച്ച് ഒരു മുറിയില്‍ സഹോദരന്മാരായി അധിവസിക്കുകയും ചെയ്തു. തൊഴില്‍ സംബന്ധമായ ഓട്ടങ്ങള്‍ക്കിടയിലും സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വിശ്വാസസംഹിതകളെ മുറുകെപ്പിടിക്കുന്നവര്‍ തന്നെയായിരുന്നു ഭൂരിഭാഗവും. അവധി ദിനങ്ങളിലും വിശേഷദിവസങ്ങളിലുമെല്ലാം പ്രാര്‍ഥനകള്‍ക്ക് വേണ്ടിയും അവര്‍ സമയം കണ്ടെത്തി. ഇത്തരത്തില്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ക്കും പങ്കുവെക്കലുകള്‍ക്കുമുള്ള വേദികളാണ് യു.എ.ഇയിലെ വിവിധ വിശ്വാസി സമൂഹങ്ങള്‍ക്കായുള്ള ഓരോ ദേവാലയങ്ങളും. ആ പ്രാര്‍ഥനാ സങ്കല്‍പ്പത്തിനുമപ്പുറം ശില്പകലയും നിര്‍മ്മിതിയിലെ പുതുമകളും കൊണ്ട് വിശ്വ സഞ്ചാരികള്‍ക്ക് കൂടി അദ്ഭുതക്കാഴ്ച്ചകള്‍ സമ്മാനിക്കാന്‍ അബുദാബി ഉയര്‍ത്തിപ്പിടിക്കുന ഉല്‍കൃഷ്ടമായ സൃഷ്ടിയാണ് ആദ്യ ഹൈന്ദവ ശിലാക്ഷേത്രം.

To advertise here,