കെട്ടിപ്പൊക്കിയ ഉയരപ്പാതയിൽ വൻഗർത്തം, സർവ്വീസ് റോഡിൽ വലിയ വിള്ളലുകൾ. ദേശീയപാത ഇടിഞ്ഞുതാഴ്ന്നുള്ള അപകടങ്ങൾ തുടർക്കഥയാവുകയാണ് കേരളത്തിൽ. കഴിഞ്ഞ മേയ് 19ന് മലപ്പുറം കൂരിയാട്ടായിരുന്നു ആദ്യ അപകടം. ഇതിന്റെ തനിയാവർത്തനമായിരുന്നു കൊല്ലം മൈലക്കാടും കണ്ടത്. ഭാഗ്യംകൊണ്ട് മാത്രം രണ്ടിടത്തും ആളപായമുണ്ടായില്ല. ദേശീയ പാതകളിലൂടെ യാത്ര ചെയ്യേണ്ട ജനങ്ങളുടെ മനസ്സിൽ ഈ അപകടങ്ങളുണ്ടാക്കിയ ഭയം ചെറുതല്ല. നാളെയിനി എന്ത് ധൈര്യത്തിൽ തങ്ങളെല്ലാം ഇതുവഴി യാത്ര ചെയ്യുമെന്ന ചോദ്യം നികുതിദായകരമായ ജനം ചോദിച്ചുപോകും. എന്താണ് ദേശീയപാത 66ൽ സംഭവിക്കുന്നത്? നിർമാണ വേളയിൽ റോഡുകളുടെ സുരക്ഷ ഉറപ്പാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്?

To advertise here,

അശാസ്ത്രീയ നിർമാണവും ഡിസൈനിലെ പിഴവുകളും കാരണം ദേശീയപാതയിൽ പ്രശ്‌നങ്ങളുണ്ടായത് കൊല്ലത്തും മലപ്പുറത്തും മാത്രമല്ല. മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തി തകരുകയും റോഡിൽ വിള്ളലുകൾ വീഴുകയും ചെയ്ത സംഭവങ്ങളും നിരവധിയുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാതാ 66ന്റെ പണി പൂർണതോതിൽ പൂർത്തിയാകും മുമ്പാണ് ഈ അപകടങ്ങളെല്ലാം. അടുത്തവർഷത്തോടെ പാത പൂർണസജ്ജമാകും. പക്ഷേ, അപകടം തുടർക്കഥയാകുമ്പോൾ, മഴ ധാരാളം ലഭിക്കുന്ന കേരളം പോലൊരു ഭൂപ്രകൃതിയിൽ അതിനുള്ള യാതൊരു മുന്നൊരുക്കവും നടത്താതെയാണോ ദേശീയപാത നിർമിക്കേണ്ടതെന്ന ചോദ്യവും ശക്തമായി ഉയരുന്നു.

കേരളത്തിലെ ദേശീയപാതയുടെ പണി ഏറ്റെടുക്കുന്നത് കൂടുതലും സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികളാണ്. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കൃത്യമായി അറിയാതെ കാര്യമായ പഠനങ്ങളില്ലാതെ നിർമാണത്തിലേക്ക് കടക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ദേശീയപാതയെയും സർവീസ് റോഡുകളെയും വേർതിരിച്ച് വൻമതിൽകെട്ടി അതിൽ മണ്ണുനിറച്ച് ഉയരപ്പാത നിർമിക്കുന്ന സ്ഥലങ്ങളിലാണ് പതിവായി അപകടങ്ങളുണ്ടാകുന്നത്. വയലുകളും ചതുപ്പുനിലങ്ങളും നീരൊഴുക്കുമുള്ള സ്ഥലങ്ങളിലാണ് പാത ഇടിഞ്ഞുതാഴുന്നത്. മലപ്പുറത്തും കൊല്ലത്തും വലിയ അപകടമുണ്ടായത് ഇങ്ങനെയുള്ള പ്രദേശത്താണ്. രണ്ടിടത്തും മണ്ണ് പരിശോധനയടക്കമുള്ള കാര്യങ്ങളിൽ ഗുരുതരമായ അലംഭാവമുണ്ടായി. സുരക്ഷിതമായ മറ്റിടങ്ങളെക്കാൾ ശക്തമായ അടിത്തറയൊരുക്കി മാത്രം നിർമാണം നടത്തേണ്ടിയിരുന്ന ഇടങ്ങളായിരുന്നു ഇവ.

കൂരിയാട് അപകടത്തിലും നമ്മുടെ സംവിധാനങ്ങൾ പാഠം ഉൾക്കൊണ്ടില്ല എന്നത് ഗൗരവതരമാണ്. കൊല്ലത്ത് അപകടമുണ്ടായ ഭാഗത്തും മതിയായ പരിശോധനയില്ലാതെയാണ് കരാർ കമ്പനിയുടെ നിർമാണമെന്ന വിവരമാണ് പുറത്തുവരുന്നത്. ചതുപ്പുപ്രദേശത്തെ മണ്ണ് മൃദുവായിരിക്കും. നികത്താനായി നല്ല മണ്ണ് ഉപയോഗിക്കണം. അതിൽ ചെളിചേർന്നാൽ ഫ്രിക്ഷൻ കിട്ടില്ല. ചെളി ചേരുമ്പോൾ വെള്ളം ഒഴുകിപ്പോകുകയുമില്ല. ഉറച്ച മണ്ണായിരുന്നെങ്കിൽ കൊല്ലത്തെ ഇപ്പോഴത്തെ പണിയുടെ രീതി കുഴപ്പമില്ല. പക്ഷേ, അത് അങ്ങനെയുള്ള പ്രദേശമല്ലാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് വിദഗ്ധാഭിപ്രായം.

ആഴത്തിൽ ചെളിനിറഞ്ഞ ചതുപ്പിന് മീതേ 30 അടി ഉയരത്തിൽ മണ്ണിട്ടുയർത്തി പാത നിർമിച്ചതാണ് ഇടിഞ്ഞുതാഴാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ദുർബലമായ പ്രദേശമാണെന്നത് കണക്കിലെടുത്ത് വേണ്ടത്ര ഉറപ്പോടെ അടിത്തറ നിർമിക്കാനുള്ള ശ്രദ്ധയും കരുതലും കമ്പനി കാണിച്ചില്ല. മണ്ണിന്റെ ബലക്ഷയം കാരണം ഭാരം താങ്ങാനാവാതെ പടിപടിയായി സംരക്ഷണഭിത്തിയുടെ അകം ഇടിഞ്ഞുതാഴ്‌ന്നെന്നാണ് ദേശീയപാത അതോറ്റിയുടെ വിലയിരുത്തൽ. അന്തിമ പഠന റിപ്പോർട്ട് വന്നാൽ കമ്പനിയുടെ കൂടുതൽ അലംഭാവവും പുറത്തുവരാം.

അപകടത്തിന് പിന്നാലെ കരാർ കമ്പനിക്കെതിരേ കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അപകടമുണ്ടാകുമ്പോൾ മാത്രം കരാറുകാർക്ക് താത്കാലിക വിലക്കേർപ്പെടുത്തുകയോ കൺസൾട്ടൻസിയിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുകയോ ചെയ്തതു കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. നിർമാണത്തിൽ കൃത്യമായ നിരീക്ഷണവും പരിശോധനകളും ദേശീയപാത അതോറിറ്റി നടത്തണം. മൈലക്കാടിന് സമാനമായി ചതുപ്പുനിറഞ്ഞ ഭാഗത്ത് നിർമാണം നടക്കുന്ന മറ്റിടങ്ങളിലും അടിയന്തരമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. ഇതിനോടകം നിർമാണം പൂർത്തിയായ അപകടസാധ്യതാ പ്രദേശത്തും കൃത്യമായ പരിശോധനകൾ നടക്കേണ്ടിയിരിക്കുന്നു. ആവശ്യമായ സ്ഥലങ്ങളിൽ കൂറ്റൻ എർത്ത് റീടെയിനിങ് ചുമരുകൾക്ക് പകരം കോൺക്രീറ്റ് തൂണിന്മേലുള്ള വയഡക്ട് നിർമിക്കാനും തയ്യാറാകണം.