ന്ത്യയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും ക്രൂരമായ ഒന്നാണ് ഭാഗൽപ്പുരിൽ കുറ്റവാളികളായി പിടിക്കപ്പെട്ടവരുടെ കണ്ണ് ചൂഴ്ന്നും കണ്ണിൽ ആസിഡ് ഒഴിച്ചും അവരെ എന്നേക്കും അന്ധരാക്കിയത്. നാല്പത്തിയേഴു വർഷംമുൻപ് നടന്ന ഈ സംഭവം ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ ശിരസ്സ് കുനിപ്പിച്ചു. ധീരരായ ചില മാധ്യമപ്രവർത്തകരാണ് ഈ ക്രൂരത പുറത്തുകൊണ്ടുവന്നത്. അന്ന് അന്ധരാക്കപ്പെട്ട ഹതഭാഗ്യരിൽ രണ്ടുപേർമാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. അതിലൊരാളെ ബിഹാറിൽവെച്ച് മാതൃഭൂമി പ്രതിനിധികൾ കണ്ടെത്തി. അവരിലൂടെ പറയുന്ന ഈ യഥാർഥസംഭവത്തിൽ അന്ന് അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും പത്രത്തിലൂടെ ഈ ക്രൂരതയ്ക്ക് എതിരേ പോരാടിയ അരുൺ ഷൂരിയെപ്പോലുള്ള പത്രാധിപരുമെല്ലാം വരുന്നുണ്ട്. ഒന്നിലധികം ലക്കങ്ങളിലൂടെ ഞങ്ങൾ അത് അവതരിപ്പിക്കുന്നു

To advertise here,

രംഗം 1

ഒരൊറ്റ...കുത്ത്. പച്ചമാംസം കീറി ഇരുമ്പുകമ്പി ക്രൂരവേഗത്തിൽ പാഞ്ഞുകയറിയപ്പോൾ ഇടതുകണ്ണിൽനിന്ന് ചോര ചിതറിത്തെറിച്ചു. വെളിച്ചത്തെ കൊന്ന് ഇരുട്ടിലാഴ്ത്താൻ ആ ഒരൊറ്റക്കുത്ത് മതിയായിരുന്നു. എന്നിട്ടും നിർത്തിയില്ല. ചണച്ചാക്കുകൾ തുന്നുന്ന ഇരുമ്പുസൂചി കൃഷ്ണമണി തകർത്ത് പലവട്ടം കയറ്റിയിറക്കി. പിന്നെയും കുത്തി, പിന്നെയും...

ഇക്കാലമത്രയും മുഖത്ത് പതിഞ്ഞിരുന്ന് ഈ ലോകംകണ്ട ഇടതുകണ്ണ്, കൊടുംവേദനയാൽ ഈരേഴുപതിന്നാല് ലോകവും കാണുമ്പോഴേക്ക്, ഇറച്ചിക്കടയിൽനിന്ന് ഞെട്ടിത്തെറിക്കുംപോലെ ചോര നാലുപാടും തെറിച്ചു. തീർന്നില്ല, ഉരുക്കുമുഷ്ടികൾതീർത്ത കൈച്ചങ്ങലകളിൽ കാലുംകൈയും കുടുക്കിക്കിടത്തി, വലതുകണ്ണിലും 'തക്വ' എന്ന ഇരുമ്പുസൂചികൊണ്ട് ആഞ്ഞുകുത്തുമ്പോൾ അനിൽ യാദവ് കൊടുംവേദനയുടെ ഇരച്ചുകയറ്റത്തിൽ അലറിക്കരഞ്ഞു. അലർച്ച പുറത്തറിയാതിരിക്കാൻ പോലീസ് ഏമാന്മാർ അവന്റെ വായ തുണികുത്തിക്കയറ്റി അടച്ചു. 'കുത്തേ, സാലേ' വിളികളുടെ തെറിക്കല്ലേറുകളുമായി യൂണിഫോമിട്ട ചെന്നായ്ക്കൾ വീണ്ടും വീണ്ടും അവന്റെ കണ്ണുകൾ കമ്പികൊണ്ട് കുത്തിപ്പുറത്തെടുത്തപ്പോൾ ജീവൻ പറിയുന്ന വേദനയിൽ അവൻ ബോധരഹിതനായി, തകർന്നുതരിപ്പണമായി ബിഹാറിലെ രജൗൺ പോലീസ് സ്റ്റേഷന്റെ തിണ്ണയിൽ അനാഥനായിക്കിടന്നു.

മണിയനീച്ചകൾ കണ്ണുകളിലെ മുറിവുകളിൽ ചോര തിരഞ്ഞെത്തുമ്പോഴേക്ക് പോലീസുകാർ ഒരു ഡോക്ടറെ കൊണ്ടുവന്നു. ചോരക്കനാലുകളായി മാറിയ രണ്ടുകണ്ണുകളും ഡോക്ടർ പരിശോധിച്ചു. എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോയെന്ന് അനിൽ യാദവിനോട്, അയാളുടെ കണ്ണുകളുണ്ടായിരുന്ന പ്രദേശം ലക്ഷ്യമാക്കി വിരലുകൾ അനക്കി ഡോക്ടർ ചോദിച്ചു. 'ഇത്തിരിയെന്തോ കാണാ'മെന്ന്, വേദനപ്പുഴുക്കൾ നീന്തുന്നതിനിടയിൽ അനിൽ പറഞ്ഞതോടെ അടുത്തശിക്ഷ വൈകിയില്ല. പാത്രത്തിൽ തയ്യാറാക്കിവെച്ചിരുന്ന നേർപ്പിക്കാത്ത ആസിഡ് സിറിഞ്ചിലാക്കി പൊട്ടിയൊലിക്കുന്ന കണ്ണുകളിൽ ഡോക്ടർ കുത്തിവെച്ചു. അലറിത്തീർക്കാനാകാത്ത വേദനയിൽ അനിൽ പുകയുമ്പോൾ, 'ഗംഗാജലമാണ്, നിന്റെ പാപങ്ങളെല്ലാം കഴുകിക്കളയുന്ന'തിനുവേണ്ടിയാണ് കുത്തിവെച്ചതെന്നായിരുന്നു പൊട്ടിച്ചിരികളോടെ പോലീസുകാരുടെ പ്രതികരണം.

അനിൽ യാദവ് എന്ന 28 വയസ്സുകാരനിൽ മാത്രമായി ഈ ക്രൂരതയുടെ പാപക്കടൽ അടങ്ങിയില്ല. തെക്കൻ ബിഹാറിലെ ഭാഗൽപ്പുരിലും പരിസരങ്ങളിലുമുള്ള പത്തോളം പോലീസ് സ്റ്റേഷനുകളുടെ ചുവരുകൾക്കുള്ളിൽ അടക്കിപ്പിടിച്ച അലറിക്കരയലുകൾക്കിടയിൽ 31 മനുഷ്യരുടെ കണ്ണുകൾ ഈവിധം ഭ്രാന്തുപിടിച്ച അധികാരം കുത്തിപ്പൊട്ടിച്ചു. കരച്ചിലുകൾക്കും കൊടിയ വേദനകൾക്കുംമുന്നിൽ അവർ ആർത്തുചിരിച്ചു. കോടതികളും നിയമസംവിധാനങ്ങളും തോറ്റിടത്ത് നീതി ഞങ്ങൾ നടപ്പാക്കിയെന്ന് അലറിവിളിച്ചു. ഈ മനുഷ്യമൃഗങ്ങൾക്കു പിന്തുണയുമായി ജനങ്ങളിലൊരുവിഭാഗം ആഹ്ലാദക്കൊടി ഉയർത്തി തെരുവിലിറങ്ങി

പതിനെട്ടിനും നാൽപത്തിയഞ്ചിനും ഇടയിൽ പ്രായമുണ്ടായിരുന്ന 31 പേരാണ് ഇരുമ്പുകമ്പിയും ആസിഡുംകൊണ്ടുള്ള കണ്ണില്ലാത്ത ക്രൂരതയ്ക്കുമുന്നിൽ പിടഞ്ഞുപിടഞ്ഞ് തകർന്നത്. ഇവരിലേറെയും രജൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടവരായിരുന്നു. കത്തിഹാർ, സബോർ, നാഥ്‌നഗർ, നഗോചിയ, കോൾഗോംഗ്, മുജാഹിദ്പുർ, സുൽത്താൻഗഞ്ജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ടവരും ഇതിലുണ്ടായിരുന്നു. എല്ലായിടത്തും സംഭവിച്ചത് ഏറക്കുറെ ഒരേ പീഡനമുറകൾ. മനുഷ്യരെ പിടിച്ചുകെട്ടി കൊടുംക്രൂരതയുടെ കൊടുമുടികയറ്റി വേദനയുടെ കമ്പികൾ കോർത്ത് കണ്ണില്ലാത്തവരാക്കി സ്വയം ശിക്ഷ നടപ്പാക്കുകയായിരുന്നു അധികാരിവർഗം. ചാക്കുസൂചിയോ സൈക്കിൾ ചക്രത്തിന്റെ കമ്പികളോകൊണ്ട് കണ്ണുകൾ തുളച്ചുതീർത്ത ചോരക്കുഴികളിൽ അവർ ആസിഡ് നിറച്ചു. മുറിവുകളിൽനിന്ന് ചലവും ചോരയും ഒഴുകിയപ്പോൾ വീണ്ടും ക്രൂരമർദനം. കണ്ണില്ലാത്ത ക്രൂരതയുടെ ഉടമകളായ പോലീസുകാർ വീരപുരുഷന്മാരായി. അവർക്ക് നാട്ടുകാരിൽ ചിലർ പാരിതോഷികങ്ങൾ കാഴ്ചവെച്ചു.

രംഗം 2, കാലം 2026

ഇടമുറിയാതെ കനത്തമഴപെയ്ത ഒരുദിവസം. കിഴക്കൻ പ്രദേശങ്ങളുടെ പതിവുതെറ്റിക്കാതെ നേരത്തേ സന്ധ്യക്ക് വഴിമാറുന്ന പകൽ. വൈകീട്ട് അഞ്ചുമണിക്കുതന്നെ കുറ്റാക്കൂരിരുട്ട്. പശു-കാളകളുടെ ചാണകംവീണ് വഴുക്കൽപിടിച്ച റോഡുകൾ. കണ്ണൊന്നു തെന്നിയാൽ കാൽ തെന്നി വീഴുമെന്നുറപ്പ്. ഭാഗൽപ്പുരിലെ പത്രപ്രവർത്തക സുഹൃത്ത് പരിചയപ്പെടുത്തിത്തന്ന നാട്ടുകാരൻ വഴികാട്ടിയായി കാറിൽ ഒപ്പംകയറിയത് ഭാഗ്യം. അല്ലെങ്കിൽ, ഇടംവലം തിരിയാൻ വഴി വിട്ടുതരാത്ത നഗരക്കുരുക്കിൽനിന്ന് പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങിയേനെ. വണ്ടിയിൽ ഞാനും ചീഫ് ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണികൃഷ്ണനും വഴികാട്ടിയും. പുറത്ത് കൊടുംമഴയും ഇരുട്ടും. വാഹനമൊരുവിധം ഓടി ഇരുട്ട് പെറ്റുകിടക്കുന്ന ഒരു ചേരിക്കുമുന്നിൽ യാത്രനിർത്തി. കാറിനുപുറത്തേക്കുവെച്ച കാൽ ചാണകത്തിൽ തെന്നി ഒരു പകുതിവീഴ്ചയുടെ മട്ടിലായി. എന്നിട്ടും പിടിച്ചുകയറി പതുക്കെ നടന്ന് വഴികാട്ടി വിരൽചൂണ്ടിയ കുടിലിനകത്തേക്കുകയറി. മണ്ണെണ്ണ വെളിച്ചത്തിൽ നാലഞ്ചുപേർ. മൊബൈൽ ഫോൺ ലൈറ്റ് തെളിയിച്ചപ്പോൾ വലിയവെളിച്ചം കണ്ട് അടുത്ത കുടിലിലെ ചിലർകൂടി എത്തി.

ഒപ്പമുണ്ടായിരുന്ന നാട്ടുകാരൻ ഞങ്ങളെ അവർക്ക് പരിചയപ്പെടുത്തി. അകത്തെ മുറിയിൽനിന്ന് അന്ധനും അവശനുമായ സാലിഗ്രാമിനെ മകൾ കൈപിടിച്ച് പുറത്തേക്കുകൊണ്ടുവന്നു. താനൊരിക്കലും നേരിൽക്കണ്ടിട്ടില്ലാത്ത മകൾ ഗീതാദേവിയുടെ കൈകളിൽ പിടിച്ച്, അപ്പോൾമാത്രം നടക്കാൻ പഠിച്ച കുഞ്ഞിനെയെന്ന മട്ടിൽ നടന്നെത്തിയ സാലിഗ്രാം, തന്റെ കളഞ്ഞുപോയ യൗവനത്തിന്റെയും മധ്യവയസ്സിന്റെയും പ്രേതകാലത്തിന്റെ ദുരിതവാഹിയായിരുന്നു. കാലങ്ങളായി വെളിച്ചം തിരിച്ചറിഞ്ഞിട്ടില്ലാത്ത കൺകുഴികളിൽ മൊബൈൽ വെളിച്ചത്തിലും ഇരുട്ട്. ചാണകംമെഴുകിയ നിലത്തിട്ട ചെറുകസേരയിൽ സാലിഗ്രാം ഇരുന്നു. തൊട്ടടുത്തായി ഭാര്യ ശാന്തിദേവി നിന്നു, ഒരുമിച്ച് ദുരന്തംപങ്കിട്ട രണ്ടുജീവിതങ്ങൾ. അജ്ഞാതരും അദൃശ്യരുമായ ഞങ്ങളോട് സാലിഗ്രാം സ്വന്തം ദുരിതകഥ പറഞ്ഞുതുടങ്ങി. വിതുമ്പലും വിമ്മിട്ടവും കണ്ടം തുണ്ടമാക്കിയ വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു. ചില വാക്കുകൾ തൊണ്ടയിൽ കുടുങ്ങി:

'ഞാൻ ഒരു സൈക്കിൾറിക്ഷക്കാരനായിരുന്നു. ഭാഗൽപ്പുർ-ദെരായി പ്രദേശത്തായിരുന്നു ഞാൻ റിക്ഷ ഓടിച്ചിരുന്നത്. രാവിലെ ഒൻപതുമണിയോടടുത്ത സമയത്ത് ഞങ്ങൾ ആറേഴ് റിക്ഷക്കാർ ഒരു കലുങ്കിനു മുകളിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു പോലീസ് വണ്ടി വന്നു. എന്നെ പിടിച്ച് പോലീസ് വണ്ടിയിൽ കയറ്റി. കൈകാലുകൾ കെട്ടി. കാരണമൊന്നുമില്ല. എനിക്കപ്പോൾ 22 വയസ്സായിരുന്നു. എന്നെ നേരേ നിസാം പോലീസ് സ്റ്റേഷനിലേക്കുകൊണ്ടുപോയി. കൈകാലുകൾ ചേർത്തുകെട്ടി. തലങ്ങും വിലങ്ങും തല്ലി. പിന്നെ തറയിൽ മലർത്തിക്കിടത്തി. കാലുകളും കൈകളും പോലീസുകാർ പൂട്ടിട്ടപോലെ പിടിച്ചു. ഒരാളെന്റെ കണ്ണുകൾ ബലമായി തുറന്നുപിടിച്ചു. മറ്റൊരു പോലീസുകാരൻ 'തക്വ' ഉപയോഗിച്ച് എന്റെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു. ഞാൻ അലറിക്കരഞ്ഞു. ബോധംപോയി. കുറെക്കഴിഞ്ഞ് ഒരു ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് പരിശോധിച്ചു. പിന്നെ ഗംഗാജലമെന്നുപറഞ്ഞ് ആസിഡ് ഒഴിച്ചു. അവിടെനിന്ന് എന്നെ ബങ്കയിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി...-ആ ദിവസത്തെ ആദ്യ പകുതിയിലായിരുന്നു സാലിഗ്രാം ഒടുവിലായി ഈ ലോകത്തെ കണ്ടത്. പിന്നെ ഇരുട്ടായി ലോകം. മക്കളായ ശോഭാദേവിയും ഗീതാദേവിയും പിറന്നത് സാലിഗ്രാം അന്ധനായശേഷമായിരുന്നു. അതിനാൽ ഇതുവരെ ഇരുവരെയും അയാൾ കണ്ടിട്ടേയില്ല. മൂത്തയാൾ ഭർത്താവിന്റെ വീട്ടിലാണ് താമസം. ''ഞാനാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടിൽ കഴിയുന്നത്'' -മകൾ ഗീതാദേവി പറഞ്ഞു.

ഭാഗൽപ്പുർ പോലീസ് അന്ധരാക്കിയ 31 പേരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളാണ് സാലിഗ്രാം. മരിച്ചവരെക്കുറിച്ച് ജീവിച്ചിരിക്കുന്നവർ അസൂയപ്പെടുമെന്ന പഴയ വ്യാഖ്യാനം കടമെടുത്താൽ, 75 വയസ്സിനുള്ളിൽ നാല്പതുവർഷവും ദുരിതത്തിലാണ്ടുപോയ ജീവിതം. എന്തിനായിരുന്നു ഈ ശിക്ഷയെന്നുപോലും തിരിച്ചറിയാതെ ഇരുട്ടിൽപ്പരതി ശേഷിച്ച ജീവിതം ഈ മനുഷ്യൻ ജീവിച്ചുതീർക്കുന്നു.

എന്തിനാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്?

എന്തിനാണ് പോലീസ് എന്നെ പിടിച്ചതെന്നറിയില്ല. പിടികൂടിയ ഉടൻ പോലീസ് എന്നെ പിടിച്ച് വണ്ടിയിലിട്ടു. പോലീസുകാർ എന്റെ രണ്ടുകൈയും പുറകിൽ കെട്ടിവെച്ചു. നേരേ സ്റ്റേഷനിലേക്കുകൊണ്ടുപോയി. പിന്നെ ഭയങ്കര തല്ലായിരുന്നു. അതിനുശേഷമാണ് കണ്ണ് കുത്തിപ്പൊട്ടിച്ചത്. എന്തിനാണവരിത് ചെയ്തത്? പിടികൂടിയ ഉടൻ ഞങ്ങളെ വെടിവെച്ച് കൊല്ലുകയായിരുന്നു ഇതിലും ഭേദം!

ക്രൂരതയ്ക്കുശേഷം സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അത് കിട്ടിയോ?

മാസം 500 രൂപ പെൻഷൻ അനുവദിച്ചു. പിന്നീട് അത് 750 രൂപയായി കൂട്ടി. ഇത്രയും വർഷങ്ങൾക്കുശേഷവും 750 രൂപതന്നെ. എന്നാൽ, അതുതന്നെ കിട്ടുന്നില്ല. കുറെ വർഷങ്ങളായി ഈ പൈസ കിട്ടിയിട്ട്. പ്രമേഹം ഉൾപ്പെടെ എല്ലാ അസുഖങ്ങളും ഉണ്ട്. മരുന്നിനുതന്നെ മാസം അയ്യായിരം രൂപ ചെലവുണ്ട്. എനിക്ക് ആൺമക്കളില്ല. ഒരു മരുമകനുണ്ട്. അവനെങ്കിലും ഒരു സർക്കാർജോലി കൊടുക്കണം.

തിരഞ്ഞെടുപ്പുസമയത്ത് ആരെങ്കിലും താങ്കളുടെ അടുത്തുവന്നോ? ഏതെങ്കിലും നേതാക്കൾ വന്നോ ? സർക്കാർ ഉദ്യോഗസ്ഥരാരെങ്കിലും വന്നോ?

'ആരും വന്നിട്ടില്ല '

ബാക്കി മകളാണ് പറഞ്ഞത്: ആര് വരാൻ. സർക്കാർ തരാമെന്നുപറഞ്ഞ പെൻഷൻപോലും തരുന്നില്ല. അവർ തിരിഞ്ഞുനോക്കുന്നില്ല. ഞങ്ങൾ എന്തുചെയ്യും ? ഭക്ഷണം, മരുന്ന് എന്നതിനൊക്കെ പണം വേണ്ടേ. ആര് തരും.

സാലിഗ്രാം: ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.

(കണ്ണില്ലാത്ത ഈ മനുഷ്യന്റെ വാക്കുകൾ കേൾക്കാൻ ഭരണസംവിധാനങ്ങൾക്ക് മനസ്സില്ല. അധികാരം അടിച്ചേൽപ്പിച്ച ഇരുട്ടിൽ നോക്കി 75 വയസ്സുകാരനായ സാലിഗ്രാം പറഞ്ഞുകൊണ്ടേയിരിക്കും- ഇല്ലാത്ത കണ്ണീർ വറ്റുംവരെ...)

അന്ധകാണ്ഡം അഥവാ കണ്ണില്ലാത്ത ക്രൂരത

വായിച്ച് നടുങ്ങാനായി ഭാവനയിൽ നിന്നൊരുക്കിയ അപസർപ്പക കഥയല്ലിത്. സിനിമയ്ക്ക് പിന്നീട് കഥയായെങ്കിലും ഇപ്പറഞ്ഞതൊരു സിനിമാക്കഥയുമല്ല. വാക്കുകൾകൊണ്ട് വിവരിക്കാനാകാതെ അക്ഷരങ്ങൾ തളർന്നുനിൽക്കേ, ഇത് നടന്ന സംഭവമെന്ന് പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്തുക എളുപ്പവുമല്ല. അന്ന്, വികസനവെളിച്ചം എത്തിനോക്കാത്ത ബിഹാറിലെ ഭാഗൽപ്പുരിലും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലെ നാട്ടുഗുണ്ടകളെയും പിടിച്ചുപറിക്കാരെയും മോഷ്ടാക്കളെയും കൊലപാതകംപോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെയും അടിച്ചമർത്താൻ ഒരുസംഘം പോലീസുകാരും നാട്ടുകാരും ചേർന്ന് ഗൂഢമായി തയ്യാറാക്കിയ പ്രാകൃതശിക്ഷാ രീതിയാണ് കണ്ണുകുത്തിപ്പൊട്ടിച്ച് ആസിഡൊഴിക്കൽ. 1979 ജൂലായ് മുതൽ 1980 ഒക്ടോബർ വരെ നടമാടിയ ഈ ക്രൂരനാടകത്തിന് പോലീസ് നൽകിയ പേര് 'ഓപ്പറേഷൻ ഗംഗാജൽ !' നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും പരാതികളെത്തുടർന്ന് പലയിടങ്ങളിൽനിന്ന് പല ദിവസങ്ങളിലായി പിടികൂടിയ ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിൽവെച്ചാണ് അന്ധരാക്കിയത്. അന്ധരാക്കിയവരെ പിന്നീട് ഭാഗൽപ്പുർ ജില്ലാ ജയിലിലേക്ക് വിചാരണത്തടവുകാരെന്ന പേരിൽ കൊണ്ടുവന്നപ്പോഴാണ്, പോലീസുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവം പുറത്തെത്തിയത്.

രണ്ട് യുവപത്രപ്രവർത്തകരുടെയും കാക്കിക്കുള്ളിൽ മനുഷ്യത്വം അവശേഷിച്ച ഒരു ജയിൽ സൂപ്രണ്ടിന്റെയും നീതിബോധമുള്ള ഒരു യുവ അഭിഭാഷകന്റെയും ഒന്നോ രണ്ടോ പോലീസുകാരുടെയും ജീവൻ പണയംവെച്ചുള്ള പോരാട്ടമാണ് ഇരുട്ടിലരങ്ങേറിയ ഈ ക്രൂരനാടകം വെളിച്ചത്തേക്കു കൊണ്ടുവന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ യുവലേഖകനായിരുന്ന അരുൺ സിൻഹയും സൺഡേ മാഗസിന്റെ യുവലേഖകനായിരുന്ന എസ്.എൻ.എം. അബ്ദിയുമാണ് ലോകത്തെ നടുക്കിക്കൊണ്ട് ഈ ക്രൂരതയെക്കുറിച്ച് ആദ്യമായി റിപ്പോർട്ടുകളിലൂടെ ഉറക്കെ വിളിച്ചുപറഞ്ഞത്. നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾക്കുമുന്നിൽ, സഹപ്രവർത്തകരുടെ ഭീഷണികളും അധികാരവ്യവസ്ഥയുടെ ഇരുമ്പുമറകളും മാനിക്കാതെ സത്യസന്ധമായി നിലയുറപ്പിച്ച ഭാഗൽപ്പുർ ജയിൽ സൂപ്രണ്ട് ബച്ചു ലാൽ ദാസിന്റെ ധീരമായ നിലപാടാണ് എക്കാലത്തേക്കുമായി കുഴിച്ചുമൂടുമായിരുന്ന സത്യം പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കിയത്. പിൽക്കാലജീവിതത്തിൽ ബച്ചു ലാൽ ദാസ് നേരിട്ട പീഡനപർവത്തിന്റെ തുടക്കവും അവിടെയായിരുന്നു.

വാർത്ത ശേഖരിക്കാനെത്തിയ പത്രപ്രവർത്തകരോട് മനുഷ്യവിരുദ്ധമായ ജയിൽ ചട്ടങ്ങളുടെ തീട്ടൂരമുയർത്താതെ ബച്ചുലാൽ ദാസ് സത്യത്തിന്റെ വാതിലുകൾ തുറന്നു. ക്രൂരരായ പോലീസുകാർ നടത്തിയ നരനായാട്ടിന്റെ രേഖകൾ നേരിട്ടറിയിക്കാൻ അന്ധരായ മനുഷ്യരെ അദ്ദേഹം അവർക്കുമുന്നിൽ അണിനിരത്തി. സൺഡേ മാഗസിന്റെ കവർ സ്റ്റോറി (ആസിഡ് ഇൻ ദ ഐസ്)യിൽ എസ്.എൻ.എം. അബ്ദി ഇതേക്കുറിച്ച് എഴുതിയതിങ്ങനെ:

അന്ധരാക്കപ്പെട്ട 20 വിചാരണത്തടവുകാരെ നേരിൽക്കാണാൻ ജയിൽസൂപ്രണ്ട് ബച്ചു ലാൽ ദാസ് എന്നെ അനുവദിച്ചു. അവരെ ജയിൽ വാർഡുകളിൽനിന്ന് അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. പരസ്പരം നൽകിയ പിന്തുണയുടെ സഹായത്തോടെ അവർ സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നുവന്നു. ആ ഓഫീസ് മുറിയുടെ തറയിൽ അവർ ഇരുന്നു. അവരുടെ കൺകുഴികൾ അടച്ചുവെച്ചിരുന്നു. നടക്കുന്നതിനിടയിൽ വീണുപോയ രണ്ടുപേർ തങ്ങളുടെ കാൽമുട്ടുകൾ തടവിക്കൊണ്ടിരുന്നു. ഞാനെന്തിനാണ് ഇങ്ങനെ ഒരുപാട് ചോദ്യങ്ങളവരോട് ചോദിക്കുന്നതെന്നോ, അതുകൊണ്ടെന്താണ് പ്രയോജനമെന്നോ അവർക്ക് അറിയുമായിരുന്നില്ല. അവരെല്ലാവരും പാവങ്ങളും നിരക്ഷരരുമായിരുന്നു. പോലീസ് അവകാശപ്പെടുന്നതുപോലെ ഒരുപക്ഷേ, അവർ കൊലപാതകികളോ കൊള്ളക്കാരോ ആയിരുന്നിരിക്കാം. പക്ഷേ, കണ്ണുകളുണ്ടായിരുന്ന സ്ഥാനത്ത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി അവരിരിക്കുന്ന ആ രംഗം, എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും ദുഃഖകരമായ ദൃശ്യമായിരുന്നു. 20 അന്ധരായ മനുഷ്യർ- ഓരോ അന്ധതയും പോലീസ് തികഞ്ഞ ബോധ്യത്തോടെ, മനഃപൂർവം സൃഷ്ടിച്ചതായിരുന്നു. അന്ധരാക്കപ്പെട്ടവരുമായി എന്റെ കൂടിക്കാഴ്ച 15 മിനിറ്റാണ് നീണ്ടുനിന്നത്. അനുവദിക്കപ്പെട്ട ആ ഒരുമണിക്കൂറിനുള്ളിൽ അവർക്ക് തങ്ങളുടെ ബന്ധുക്കളുമായും കാണേണ്ടതുണ്ടായിരുന്നു. ജയിലിൽനിന്ന് പുറത്തേക്കുവരുമ്പോൾ, ഭാര്യമാരും അമ്മമാരും തങ്ങളുടെ അന്ധരായ ഭർത്താക്കന്മാരുടെയും മക്കളുടെയും കൈകൾ കൂട്ടിപ്പിടിച്ച് കരയുന്നതുകണ്ടു. അവിടെ പരസ്പരാലിംഗനങ്ങളുണ്ടായില്ല. സ്ത്രീകൾ ഭ്രാന്തെടുത്തതുപോലെ അലറിക്കരയുമ്പോൾ, ജയിലിനുള്ളിൽനിന്ന് ആ തടവുകാർ അതൊന്നും കാണാൻകഴിയാതെ വെറുതേ പുറത്തേക്ക് നോക്കുംപോലെ നിന്നു. യൂണിഫോമിട്ട പോലീസുകാർക്ക് നടുവിലായിരുന്നു ഈ കൂടിക്കാഴ്ചകൾ.

ക്രൂരതയുടെ ലോകം

അന്നത്തെ സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അറിവോടെ ഒരുസംഘം പോലീസുകാർ നടപ്പാക്കിയ പ്രാകൃതശിക്ഷാരീതി ഭാഗൽപ്പുർ എന്ന സിൽക്ക് നഗരത്തെ കൊടുംക്രൂരതയുടെ നാടായി അടയാളപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ നാടായിരുന്നു അന്ന് ഭാഗൽപ്പുർ. ജാതിവൈരവും ഉപജാതിസംഘർഷങ്ങളും പതിവായ ഭാഗൽപ്പുരിൽ ക്രമസമാധാനപാലനം ദുഷ്‌കരമാവുകയും ജനങ്ങളുടെ പഴി വ്യാപകമാവുകയും ചെയ്തപ്പോൾ മുഖംരക്ഷിക്കാൻ പോലീസ് കണ്ടെത്തിയ എളുപ്പമാർഗമായിരുന്നു കുറ്റവാളികളെ കണ്ടെത്തിയാൽ ഉടൻ അവരെ അന്ധരാക്കുകയെന്ന ശിക്ഷാമാർഗം. ഇരകൾക്ക് നീതി ഉറപ്പാക്കാനായി പിൽക്കാലത്ത് ഏകാംഗസൈന്യമായി നിയമപോരാട്ടത്തിനിറങ്ങിയ അഡ്വ. രാം കുമാർ മിശ്ര അക്കാലത്തെക്കുറിച്ച് ഓർമ്മിക്കുന്നത് ഇങ്ങനെയാണ്: ''ഭാഗൽപ്പുരും പരിസരങ്ങളും അത്യന്തം ക്രൂരമായ കുറ്റകൃത്യങ്ങളുടെ പ്രദേശമായിരുന്നു അന്ന്. കൈലാഷ് മണ്ഡൽ, സുധാമ മണ്ഡൽ തുടങ്ങിയ കടുത്ത കുറ്റവാളികൾ അക്കാലത്ത് സമൂഹത്തിന്റെ ഭീതിയായിരുന്നു. പണത്തിനായി അവർ ആളുകളെ തട്ടിക്കൊണ്ടുപോയി. ആവശ്യപ്പെട്ട പണം ലഭിക്കാത്തപക്ഷം ഉടലിൽനിന്ന് 'ആറ് ഇഞ്ച് കുറയ്ക്കുക' എന്ന വിചിത്രപ്രഖ്യാപനം നടത്തി തട്ടിയെടുക്കപ്പെട്ടവരെ അവർ കൊന്നുതള്ളി. കുറ്റകൃത്യങ്ങളുടെ രാഷ്ട്രീയവത്കരണംമൂലം ഭരണകൂടം പൂർണമായും അശക്തമായിരുന്നു. ഭൂമിതർക്കങ്ങൾ, മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കുറ്റങ്ങൾ, രാഷ്ട്രീയ ആധിപത്യം, ജാതിവൈരാഗ്യം, ഗ്യാങ് യുദ്ധങ്ങൾ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാൽ ഭാഗൽപ്പുർ ഭയന്ന് വിറങ്ങലിച്ചിരുന്നു.'' എന്നാൽ, ഈ കുറ്റവാളികളെ നിയന്ത്രിക്കാനെന്നപേരിൽ പോലീസ് അതിനെക്കാൾ കടുത്ത കുറ്റകൃത്യമാണ് നടപ്പാക്കിയതെന്ന് അഡ്വ. രാം കുമാർ മിശ്ര തുടർന്നുപറയുന്നു: ''കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനുപകരം കുറ്റവാളികളെ പിടികൂടാനെന്നപേരിൽ പോലീസ്, രാഷ്ട്രീയ പ്രവർത്തകർ, ഇടനിലക്കാർ എന്നിവർ ചേർന്ന് 'ഗംഗാജൽ ഓപ്പറേഷൻ' എന്ന പേരിൽ ക്രൂരമായ മാർഗം സ്വീകരിച്ചു. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, നീണ്ടുനിൽക്കുന്ന നീതിന്യായ നടപടികൾ, പോലീസിന്റെ നിരാശ, കുറഞ്ഞ ശിക്ഷാനിരക്ക്, ഉടൻ നീതി നടപ്പാക്കണമെന്ന പൊതുജന പിന്തുണ തുടങ്ങിയ ഘടകങ്ങളായിരുന്നു ഈ ഹീനമായ നടപടികൾക്കുള്ള പൊതുന്യായീകരണം.'' -പോലീസിന്റെ ക്രൂരതയ്‌ക്കെതിരേ ഇരകൾക്കായി ഇപ്പോഴും ഫീസ് വാങ്ങാതെ പോരാട്ടം തുടരുന്ന അഭിഭാഷകൻ രാം കുമാർ മിശ്ര മാതൃഭൂമിയോട് പറഞ്ഞു.

കുറച്ചുപേരുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് കൊടുംശിക്ഷ നൽകിയാൽ, അതിൽ പേടിച്ച് മറ്റുള്ളവർ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുമെന്ന വിചിത്രവീക്ഷണത്തിൽനിന്ന് ഉടലെടുത്ത നടപടി ഭാഗൽപ്പുരിനെ ഭയഭൂമിയാക്കി മാറ്റി. പോലീസ് മാത്രമല്ല, കുറ്റവാളികളെ വളഞ്ഞിട്ട് പിടികൂടുന്ന ആൾക്കൂട്ടങ്ങളും ഇതേ ശിക്ഷാരീതി ചിലയിടങ്ങളിൽ പകർത്തി സ്വയം പോലീസും കോടതിയുമായി. ഒരിടത്തു മാത്രമല്ല, പലയിടങ്ങളിലും കുരുതികൾ അരങ്ങേറി. രഹസ്യങ്ങളുടെ പുതപ്പിട്ട് സംഭവങ്ങൾ മൂടിവെക്കാൻ പോലീസും അധികാരികളും രാഷ്ട്രീയനേതൃത്വവും ഒരുമിച്ചു. പാവപ്പെട്ടവരും താഴ്ന്നജാതിക്കാരും പാർശ്വവത്കരിക്കപ്പെട്ടവരുമായിരുന്നു ക്രൂരതയുടെ ഇരകൾ. അവരെ അന്ധരാക്കിയ അധികാരത്തിന് മേൽജാതിയുടെയും സമ്പന്നതയുടെയും സ്വാധീനത്തിന്റെയും പശ്ചാത്തലവും. അതുകൊണ്ടുതന്നെ ഈ ക്രൂരതയ്ക്ക് കുടപിടിക്കാൻ നാട്ടിലെ ജന്മിവർഗം ഉത്സാഹത്തോടെ അണിനിരന്നു.

ആദ്യത്തെ കണ്ണ് കുത്തിപ്പൊട്ടിക്കൽ ക്രൂരത ഭാഗൽപ്പുരിൽ നടന്നത് 1979 ഒക്ടോബർ 25-നാണ്. ഇരയായത് സാഹ്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചരാബർ ഗൗൺ സ്വദേശിയായ അർജുൻ ഗോസ്വാമി. അന്ന് ഭാഗൽപ്പുർ പോലീസ് സൂപ്രണ്ടായിരുന്ന ആർ.ബി. റാമിന്റെ അറിവോടെയായിരുന്നു ക്രൂരകൃത്യം നിർവഹിച്ചത്. ക്രൂരതയ്ക്ക് ഇരയായ അർജുനെ തൊട്ടടുത്തദിവസം ആശുപത്രിയിലേക്കുമാറ്റി, കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എന്നാൽ, ആദ്യത്തെ ഈ ക്രൂരതയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾപോലും അറിഞ്ഞില്ല. രണ്ടാമത്തെ ഇര സൻഹൗള സ്വദേശിയായ ശൈലേഷ് താന്തിയായിരുന്നു. ഡി.ഐ.ജി. ഗജേന്ദ്ര നാരായൺ ഇതേക്കുറിച്ച് പോലീസ് സൂപ്രണ്ട് ആർ.ബി. റാമിനോട് വിശദീകരണം തേടിയെങ്കിലും തടയാൻ ഒരു നടപടിയും ഉണ്ടായില്ല. മൂന്നാമത്തെ ഇര സലേംപുർ സ്വദേശിയായ മന്തു ഹരിജൻ 1980 ജനുവരിയിൽ സമാനസാഹചര്യത്തിൽ അന്ധനായി. അക്കാലത്ത് ഇതിന് സംഘടിതസ്വഭാവമോ സംവിധാനങ്ങളുടെ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.

എന്നാൽ, 1980 ഫെബ്രുവരിയിൽ ധർമശാലയിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽവെച്ചാണ് കണ്ണുകുത്തിപ്പൊട്ടിക്കൽ ശിക്ഷയ്ക്ക് 'ഓപ്പറേഷൻ ഗംഗാജൽ' എന്ന പേര് ഔദ്യോഗികമായി നൽകിയത്. ഇതനുസരിച്ച് ഓപ്പറേഷൻ ഗംഗാജലിന്റെ ആദ്യത്തെ ഇര ഉമേഷ് യാദവാണ്. 1980 ഫെബ്രുവരി 15-ന് മായാഗഞ്ജ് സ്വദേശിയായ ഉമേഷ് യാദവിന്റെ കണ്ണുകളിൽ ആസിഡ് ഒഴിച്ചുകൊണ്ട് ഈ ഓപ്പറേഷൻ ആരംഭിച്ചു. 1980 ജൂൺ 10-ന് നഗാചിയ സ്വദേശിയായ മംഗൻ മിയാന്റെ കണ്ണുകൾ സൈക്കിൾചക്രത്തിന്റെ കമ്പികൾകൊണ്ട് കുത്തിപ്പൊട്ടിച്ച് ചോരതെറിക്കുന്ന ആ മുറിവിൽ ആസിഡ് ഒഴിച്ചു. ഇങ്ങനെ ഓപ്പറേഷൻ തുടർന്നു.

ഇതിനിടെ പോലീസ് സൂപ്രണ്ട് ആർ.ബി. റാം സ്ഥലംമാറി. 1980 ഏപ്രിൽ 26-ന് ബിഷ്ണു ദയാൽ റാം എന്ന ബി.ഡി. റാം പുതിയ പോലീസ് സൂപ്രണ്ടായി ചുമതലയേറ്റു. അപ്പോഴേക്കും 12 പേരെ അന്ധരാക്കി ഇരുട്ടിലടച്ചിരുന്നു. ഗംഗാജൽ ഓപ്പറേഷൻ സംബന്ധിച്ച മുഴുവൻവിവരങ്ങളും ബി.ഡി. റാമിനെ സഹ ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ പുതിയ റാം ഓപ്പറേഷൻ തുടരാൻ അനുമതിനൽകി. റാമിന്റെ അധികാരകാലത്ത് മംഗൻ മിയാൻ, കമൽ താന്തി, അനിൽ യാദവ്, നന്ദലാൽ ഗോസ്വാമി, രാമൻ ബിന്ദ്, ദിംഹ സ്വദേശിയായ സലിഗ്രാം സാഹു, തുടങ്ങിയവർ ഇതേ രീതിയിൽ അന്ധരാക്കപ്പെട്ടു. ഇങ്ങനെ കുറച്ചുമാസങ്ങൾക്കുള്ളിൽ 31 യുവാക്കൾ ഇരുട്ടിന്റെ ക്രൂരമായ തടവറയിലായി.

കണ്ണുകുത്തിപ്പൊട്ടിക്കൽ സംഭവങ്ങളിലെല്ലാം പോലീസിന് പ്രാദേശികസഹായം വ്യാപകമായി ലഭിച്ചിരുന്നു. പ്രദേശത്തെ ഡോക്ടർമാരിൽ ചിലർ സഹായഹസ്തവുമായി ഈ ക്രൂരതയ്ക്ക് താലംപിടിച്ചു. അത്തരമൊരു രംഗം ഇന്ത്യൻ എക്‌സ്പ്രസ് ലേഖകൻ അരുൺ സിൻഹ അന്നത്തെ തന്റെ റിപ്പോർട്ടുകളിൽ ഉദ്ധരിച്ചിരുന്നു.

ഭീകരതയുടെ ഉറവിടങ്ങളിൽ പരസ്പരപരിചയമില്ലാതെ, വെവ്വേറെ സഞ്ചരിച്ച് അരുൺ സിൻഹയും എസ്.എൻ.എം. അബ്ദിയും ക്രൂരതയുടെ നഖചിത്രങ്ങൾ പുറത്തുകൊണ്ടുവന്നതോടെ രാജ്യം നടുങ്ങി. ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രവും സൺഡേ മാഗസിനും ഭാഗൽപ്പുർ അന്ധതയെക്കുറിച്ച് 1980 നവംബർമുതൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ലോകത്തെയും വിറപ്പിച്ചു. ലോകമാധ്യമങ്ങൾ ഈ റിപ്പോർട്ടുകൾ ഏറ്റെടുത്തതോടെ ലോകത്തിനുമുന്നിൽ രാജ്യം തലതാഴ്ത്തി. ബി.ബി.സി.യും ന്യൂയോർക്ക് ടൈംസുംടൈം മാഗസിനും വിശദമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഇന്ത്യ-ബ്ലൈൻഡിങ് ജസ്റ്റിസ് എന്നായിരുന്നു ടൈം മാഗസിൻ 1980 ഡിസംബർ 15-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്. ഭാഗൽപ്പുർ ക്രൂരതയെച്ചൊല്ലി ഇന്ത്യൻ പാർലമെന്റ് തിളച്ചു. കേന്ദ്രത്തിലെ ഇന്ദിരാഗാന്ധി സർക്കാരിനും ബിഹാറിലെ ജഗന്നാഥ് മിശ്ര സർക്കാരിനുമെതിരേ പ്രതിപക്ഷം തീയെറിഞ്ഞു. ദിവസങ്ങളോളം പാർലമെന്റിന്റെ ഇരുസഭകളും ഇളകിമറിഞ്ഞു. സംഭവമറിഞ്ഞ് താൻ ശാരീരികമായി രോഗാതുരയായി (ഫെൽറ്റ് ഫിസിക്കലി സിക്ക്) എന്നായിരുന്നു ഇന്ദിരാഗാന്ധി പാർലമെന്റിൽ പ്രതികരിച്ചത്. ''കേട്ടപ്പോൾത്തന്നെ ഞാൻ ശാരീരികമായി അസ്വസ്ഥയായി. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ഒരാൾക്ക് ഇത്തരമൊരു ക്രൂരത ചെയ്യാൻ കഴിയുമെന്ന് എനിക്ക് മനസ്സിലാക്കാനാകുന്നില്ല'' -ഇന്ദിരയുടെ വാക്കുകൾക്കും പാർലമെന്റിനെ അടക്കാനായില്ല. പ്രതിപക്ഷ സമ്മർദത്തെത്തുടർന്ന് 15 പോലീസ് ഉദ്യാഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഇരയായവർക്ക് പതിനയ്യായിരം രൂപവീതമുള്ള നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. അതുകൊണ്ടൊന്നും വിഷയം അവസാനിച്ചില്ല.

അതേസമയം, സസ്‌പെൻഡുചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ പിന്തുണച്ച് ഭാഗൽപ്പുരിൽ അയ്യായിരത്തോളം പേർ പങ്കെടുത്ത പ്രകടനം നടന്നു! അവർ റെയിൽപ്പാതകളും റോഡുകളും ഉപരോധിച്ചു. ചിലയിടങ്ങളിൽ പണിമുടക്കുഭീഷണിയും ഉയർത്തി. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നതായിരുന്നു അവരുടെ മുറവിളി ! ''പോലീസ് ഇത്തരത്തിൽ ശിക്ഷിക്കാൻ തുടങ്ങിയതിനുശേഷമാണ് റോഡുകൾ സുരക്ഷിതമായത്. അല്ലെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് പുറത്തിറങ്ങാൻപോലും കഴിയുമായിരുന്നില്ല. കത്തിചൂണ്ടി നിങ്ങളുടെ വാച്ചും പഴ്‌സുമൊക്കെ തട്ടിയെടുക്കും. നിങ്ങൾ എതിർത്താൽ അവർ കൊന്നുകളയും'' -പിന്തുണച്ച നാട്ടുകാർ ന്യായവാദങ്ങൾ നിരത്തി. ഇതിനിടയിൽ, പത്രപ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തിനൽകിയെന്ന് ആരോപിച്ച് ബച്ചു ലാൽ ദാസിനെ അധികാരികൾ വേട്ടയാടാനും തുടങ്ങി.