മുത്തങ്ങയിലെ പോലീസ് വേട്ടയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുൽത്താൻ ബത്തേരിയിലെ കെ.കെ സുരേന്ദ്രൻ എന്ന റിട്ടയേർഡ് അധ്യാപകൻ. അന്ന് പോലീസ് സുരേന്ദ്രന്റെ നട്ടെല്ലിനിട്ട് ബൂട്ടിട്ട് ഭീകരമായി ചവിട്ടി. ചെവി അടിച്ചു പൊട്ടിച്ചു. 23 വർഷത്തിനു ശേഷം മുത്തങ്ങയിൽ വിധി പറഞ്ഞപ്പോൾ അന്നത്തെ നടുക്കുന്ന ഓർമയിലാണ് ഇന്നും സുരേന്ദ്രൻ.

To advertise here,

ഗീതാനന്ദന്റെ ഡയറിയിൽ കണ്ട പച്ചമഷി കൊണ്ടുള്ള കെ.കെ സുരേന്ദ്രന്റെ നമ്പറായിരുന്നു ഈ അധ്യാപകനെ കേസുമായി ബന്ധപ്പെടുത്താൻ പോലീസ് കണ്ടെത്തിയ പ്രധാന തെളിവ്. എന്നാൽ അന്ന് സംഭവം നടക്കുമ്പോൾ തിരുവനന്തപുരത്തെ അധ്യാപക സംഘടനാ പരിപാടിയിലായിരുന്ന കെ.കെ സുരേന്ദ്രന് പക്ഷെ നേരിട്ടത് ഭീകരമായ മർദനമായിരുന്നു. ഇതിനെ കുറിച്ച് കെ.കെ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെ.

തന്നെ പിടിച്ചുകൊണ്ടുപോയി ഭീകരമായി നട്ടെല്ലിനിട്ട് ചവിട്ടുന്ന സമയത്ത് ഞാൻ വളരെ ദയനീയമായിട്ട് എസ്ഐ വിശ്വംഭരനോട് എനിക്ക് മുത്തങ്ങ സമരവുമായിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറയുന്നുണ്ട്. ഞാൻ ഈ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നിനക്ക് ബന്ധമില്ലാതെ എങ്ങനെയാടാ ഡേഷ് മോനെ നിന്റെ പേരും ഫോൺ നമ്പറും ഗീതാനന്ദന്റെ ഡയറിയിൽ പച്ചമഷിയിൽ വരുന്നത് എന്ന് പറഞ്ഞിട്ടാണ് പിന്നീട് ചവിട്ടിയത്. ആകെ രണ്ടുതവണയാണ് മുത്തങ്ങ സമരഭൂമിയിൽ പോയത്. അത് ഈ സമരത്തിന്റെ ആവശ്യത്തിനുമായിരുന്നില്ല. അന്ന് കുറെ ആദിവാസി വിദ്യാർഥികൾ സമരമുഖത്തുണ്ടായിരുന്നു.

അവർക്ക് പരീക്ഷ എഴുതാനുള്ള എന്തെങ്കിലും ഒരു സംവിധാനം ശരിയാക്കി കൊടുക്കണം എന്ന്് കരുതിയാണ് അന്ന് പോയത്. ഇക്കാര്യം ഗീതാനന്ദനുമായി സംസാരിച്ചിരുന്നു. അന്നാണ് ഗീതാനന്ദൻ തന്റെ ഡയറിയിൽ ഫോൺ നമ്പർ കുറിച്ചത്. ഞാൻ അറ്റസ്റ്റ് ചെയ്യാനൊക്കെ ഉപയോഗിക്കുന്ന പച്ചമഷിപ്പേന എപ്പോഴും കയ്യിൽ കരുതും. ഗീതാനന്ദന്റെ കയ്യിൽ പേനയില്ലാത്തത് കൊണ്ട് ഈ പേനകൊണ്ട് എഴുതുകയായിരുന്നു.

ഇതാണ് വലിയൊരു തെളിവായിട്ട് പോലീസുകാർ കണ്ടെത്തിയത്. അത് വെച്ചിട്ട് പിന്നീട് കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു. ഞാൻ അവിടെ പോയി ക്ലാസ് എടുക്കുമെന്നും ആയുധ പരിശീലനവുമായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുമെന്നൊക്കെ പറഞ്ഞുണ്ടാക്കി.

ഡയറ്റിൽ നിന്ന് ജീപ്പിലാണ് പിടിച്ചുകൊണ്ടുപോയത്. പോന്ന പോക്കിൽ തന്നെ വിശ്വംഭരൻ എന്ന പോലീസുകാരൻ മർദിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എന്നെ അന്ന് അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരിൽ ചിലർക്ക് അറിയാമായിരുന്നു. അവർ തടഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയിട്ടാണ് മർദനം ആരംഭിക്കുന്നത്.

ദേവരാജൻ എന്ന പോലീസുകാരനാണ് ആദ്യം വയറിനിട്ട് ഇടിക്കുന്നത്. അത് കഴിഞ്ഞതിന് ശേഷം റൈറ്ററുടെ റൂമിൽ കൊണ്ടുപോയി നിർത്തിയിട്ട് രണ്ടു പോലീസുകാർ ചേർന്ന് കൈക്ക് ബലമായി പിടിച്ചു. വിശ്വംഭരൻ ബൂട്ടിട്ട് പുറത്തിട്ട് ചവിട്ടി. അവിടെയുള്ള ബാക്കിയുള്ള പോലീസുകാരും ആവശ്യം പോലെ മർദിച്ചു.

ഭീകരമായ അനുഭവമായിരുന്നു. ഇതിന് ശേഷം രണ്ട് ചെവിയിലും കാറ്റ് കയറ്റി ചെവി അടിച്ച് പൊട്ടിച്ചു.അധിക്ഷേപ വാക്കുകളായിരുന്നു അതിലും സഹിക്കാൻ പറ്റാത്തത്. നീയും പണിയൻ ആണോടാ നിന്റെ അമ്മയ്ക്കുണ്ടായ മക്കളൊക്കെ പോലീസുകാരുടെ താണോ അതുകൊണ്ടാണോ നീ പോലീസുകാരനെ വെട്ടാൻ ക്ലാസ് എടുത്തത് ഇങ്ങനെയുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. അതൊന്നും ഒരു കാലത്തും മറക്കില്ല.

കെ.കെ സുരേന്ദ്രനെ മർദിക്കുക മാത്രമല്ല അന്നത്തെ പോലീസ് ചെയ്തത്. തീവ്രവാദിയും രാജ്യദ്രോഹിയുമാക്കി മുദ്രകുത്തി. കുഞ്ഞുങ്ങളെ നെക്സലൈറ്റിന്റെ കുട്ടികളെന്ന് വിളിച്ചു. അതായിരുന്നു തന്നെ ഏറ്റവും വലിയ രീതിയിൽ തന്നെ വിഷമിപ്പിച്ചതെന്നും കെ.കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുട്ടികളൊക്കെ അന്ന് അന്ന് ഒമ്പതാം ക്ലാസിലും മൂന്നാം ക്ലാസിലും ഒക്കെ പഠിക്കുകയായിരുന്നു. ഈ ഒരു സമയത്താണ് അവരുടെ അച്ഛൻ ഇങ്ങനെ തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വ്യാപകമായ പ്രചാരണമുണ്ടായത്.

പോലീസുകാരും പരമാവധി പ്രചരിപ്പിച്ചു.അതൊക്കെ ആലോചിക്കുമ്പോൾ എത്ര നഷ്ടപരിഹാരം കിട്ടിയിട്ടും എന്ത് കാര്യമെന്ന് ചിന്തിച്ച് പോവും. സിബിഐ ആണ് കേസ് തനിക്ക് കേസുമായി ഒര ബന്ധവുമില്ല എന്ന് കണ്ടെത്തിയത്. അങ്ങനെയാണ് മോചിതനാകുന്നതും ജോലിയടക്കം തിരിച്ചുകിട്ടുന്നതും. പക്ഷെ അന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ഇപ്പോഴും കിട്ടിയിട്ടില്ല.

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സുപ്പിയടക്കം തന്നെ തീവ്രവാദിയായിട്ട് തന്നെയാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ജോലി തിരിച്ച് കിട്ടിയപ്പോൾ പോസ്റ്റിങ്ങ് കോട്ടയത്തായി. പിന്നീട് വലിയ നിയമ പോരാട്ടം അടക്കം നടത്തിയാണ് വയനാട്ടിലേക്ക് തിരിച്ചെത്തുന്നത്.

അകാരണമായിട്ടായിരുന്നു അന്ന് മർദനമേറ്റതും കേസിൽ പ്രതി ചേർത്തതും ഞാൻ ജയിൽവാസം അനുഭവിക്കേണ്ടി വന്നതും എന്റെ ഇയർഡ്രം പൊട്ടിയതുമൊക്കെ. പോലീസിന്റെ വമ്പൻ പരാജയം. അതുകൊണ്ട് തന്നെയാണ് ഞാൻ പോലീസുകാർക്കെതിരെ ക്രമിനൽ കേസ് ഫയൽ ചെയ്തതും.