തിരുവനന്തപുരം സ്വദേശിയായ ആറാം ക്ലാസുകാരി ശ്രേയയ്ക്ക് ഒരു ആഗ്രഹം തോന്നി. തന്റെ പേരിനൊപ്പം പ്രിയപ്പെട്ട മറ്റൊരു പേര് കൂടി ചേർക്കണം. ആ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർക്ക് അതിയായ സന്തോഷം. ഒപ്പം ചെറിയൊരു നോവും. തനിക്ക് പുതുജീവൻ പകർന്ന കുഞ്ഞിന്റെ പേര് ഇനിയെന്നും തന്റെ പേരിനൊപ്പം ഉണ്ടാകണമെന്നാണ് ശ്രേയയുടെ ആഗ്രഹം. ആ പേര് ആലിൻ ഷെറിൻ എബ്രഹാം.

To advertise here,

ഈ പേരും മുഖവും മലയാളികൾ എങ്ങനെ മറക്കും. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുണ്ടായിരുന്ന ആലിൻ ഷെറിന്റെ വൃക്കകളിൽ ഒന്നാണ് ശ്രേയയ്ക്ക് പുതുജീവൻ നൽകിയത്. തിരുവനന്തപുരം ചെറിയകൊല്ലയിലെ വീട്ടിൽ ആലിൻ ഷെറിന്റെ ചിത്രങ്ങൾ ശ്രേയ ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിന്റെ ഭാഗമായ ആ കുഞ്ഞിനോടുള്ള സ്നേഹമാണ് ആറാം ക്ലാസുകാരിയുടെ മനസിൽ ഇത്തരമൊരു ആഗ്രഹത്തിന് പിന്നിൽ.

ശ്രേയയുടെ ആഗ്രഹം അറിഞ്ഞപ്പോൾ ആലിൻ ഷെറിന്റെ മാതാപിതാക്കളുടെയും കണ്ണുകൾ നിറഞ്ഞു. തിരുവനന്തപുരത്ത് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനിടെ ആലിൻ ഷെറിന്റെ മാതാപിതാക്കൾ ശ്രേയയെ ചേർത്തുപിടിച്ച് സ്നേഹമറിയിച്ചു. ജീവൻ പകർന്ന കുഞ്ഞിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് ആ സ്നേഹം എന്നും കൂടെക്കൊണ്ടുനടക്കാനാണ് ശ്രേയയുടെ ആഗ്രഹം.