കൊറിയൻ ഡ്രാമകളും സംഗീതവും സീരിസുമെല്ലാം ഇന്നത്തെ യുവത്വത്തിനിടയിൽ ഹരമായിക്കൊണ്ടിരിക്കേയാണ് ചോറ്റാനിക്കരയിലെ പതിനാറുകാരി ആദിത്യയുടെ മരണവും. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു പെൺകുട്ടിയുടെ കുറിപ്പ്. എന്നാൽ കൊറിയൻ സുഹൃത്ത് മിഥ്യയാണോ സത്യമാണോയെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കൊറിയൻ ഭാഷ തനിയെ പഠിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. ബിടിഎസ് ബ്രാൻഡിനോടക്കം താത്പര്യമുണ്ടായിരുന്നു. എന്നാൽ ആദിത്യക്ക് ഒരു കൊറിയൻ സുഹൃത്ത് ഉണ്ടെന്നോ മറ്റ് വിവരങ്ങളോ വീട്ടുകാർക്ക് അറിയുമായിരുന്നില്ലെന്നാണ് ആദിത്യയുടെ അമ്മ പറയുന്നത്.

To advertise here,

ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചത്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തന്റെ കുട്ടിയുടെ മരണത്തിന്റെ കാരണം കണ്ടെത്താനാകണം, അവളെ ആരെങ്കിലും പറഞ്ഞ് പറ്റിച്ചതാണെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആ പോരാട്ടത്തിലാണ് ഇന്ന് ആദിത്യയുടെ കുടുംബം.