നവംബർ 1, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിന് 68-ാം പിറന്നാൾ. 1956-ലായിരുന്നു ഇന്നുകാണുന്ന കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. മലയാള നാടിന്റെ ആ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.
ബ്രിട്ടീഷ് ഭരണകാലത്ത് കേരളം ഭരണപരമായി നാല് പ്രദേശങ്ങളായായിരുന്നു വിഭജിക്കപ്പെട്ടിരുന്നത്. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറും കൊച്ചി തിരുവിതാംകൂർ നാട്ടുരാജ്യങ്ങളും മൈസൂർ രാജ്യത്തിന്റെ തെക്കൻ കാനറ ജില്ലയുടെ ഭാഗമായിരുന്നു കാസർകോട് താലൂക്കും. ഈ വിഘടിച്ചുകിടന്നിരുന്ന നാല് പ്രദേശങ്ങളെ സംയോജിപ്പിച്ചാണ് ഇന്നത്തെ കേരള സംസ്ഥാനം രൂപവത്കരിക്കുന്നത്.
1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടതെങ്കിലും ഭാഷാ അടിസ്ഥാനത്തിൽ ഒന്നിപ്പിക്കണമെന്ന ആവശ്യം 1917 മുതലേ ഉയർന്നിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലായിരുന്നു ആദ്യമായി ഇത്തരമൊരു ആവശ്യം ഉയരുന്നത്. 1920 ൽ നാഗ്പൂരിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ഭാഷ അടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപവത്കരിക്കാനുള്ള തീരുമാനമുണ്ടാകുകയും തുടർന്ന് മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ചേർന്ന് കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി, കെപിസിസിക്ക് രൂപം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ മലയാളം ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ സംയോജിപ്പിച്ച് ഒരു സംസ്ഥാനം സ്ഥാപിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി.
ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ 1928-ൽ എറണാകുളത്ത് നടന്ന കൊച്ചിൻ സ്റ്റേറ്റ് കോൺഫറൻസിൽ പാസാക്കിയ ഐക്യകേരള പ്രമേയം സംസ്ഥാന രൂപവത്കരണത്തിന് ശക്തി പകർന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ 'ഐക്യ കേരളം' രൂപീകരിക്കണമെന്ന് ആവശ്യം കൂടുതൽ ശക്തമായി.
സ്വാതന്ത്ര്യത്തിനുശേഷം, 1949 ജൂലൈ 1-ന്, തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയന്റെ ബി സംസ്ഥാനമായി തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപീകരിച്ചു. തിരുവിതാംകൂർ രാജാവ് തിരുകൊച്ചിയുടെ രാജ്പ്രമുഖനായി. തിരുവിതാംകൂർ രാജാവ് 'രാജ്പ്രമുഖസ്ഥാനം' ആഗ്രഹിച്ചപ്പോൾ കൊച്ചിരാജാവ് 'ഉപരാജപ്രമുഖസ്ഥാനം' സ്വീകരിക്കാതെ ജനങ്ങളുടെ നന്മയ്ക്കായ് എല്ലാ അവകാശങ്ങളും ത്യജിക്കുകയാണ് ചെയ്തത്. 1949 നവംബറിൽ കെ.പി. കേശവമേനോന്റെ അധ്യക്ഷതയിൽ പാലക്കാട് നടന്ന ഐക്യകേരള സമ്മേളനം ഐക്യകേരള രൂപവത്കരണവും രാജപ്രമുഖപദവി റദ്ദ് ചെയ്യലും ആവശ്യപ്പെട്ടു.
ഫസൽ അലി തലവനായും സർദാർ കെ.എം. പണിക്കർ, പണ്‌ഡിറ്റ് ഹൃദയനാഥ് കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത് 1953-ലാണ്. 1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരള സംസ്ഥാന രൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. ഒടുവിൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരു-കൊച്ചി സംസ്ഥാനത്തെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും, ലാക്കാഡീവ് & മിനിക്കോയ് ദ്വീപുകൾ ഒഴികെയുള്ള മലബാറിലെ പ്രദേശങ്ങളും മദ്രാസ് സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ച് 1956 നവംബർ 1-ന് സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് ആധുനിക കേരള സംസ്ഥാനം രൂപവത്കരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കി.
തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാംകൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കർണാടകത്തിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം ചേർക്കപ്പെടുകയും ചെയ്‌തു.
നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണ സമയത്ത് വെറും 5 ജില്ലകളാണുണ്ടായിരുന്നത്. പിന്നീട് കാലക്രമേണ ഒരോ ജില്ലകൾ രൂപം കൊള്ളുകയായിരുന്നു.
Content Highlights: A look into history of kerala
Published: 01 Nov 2024, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented