കഴിഞ്ഞ ദിവസമാണ് കശ്മീരിന്റെ റെയില്‍വേ ഗതാഗതത്തില്‍ നിര്‍ണായകമാകാന്‍ പോവുന്ന ബാരാമുള്ള-ഉറി ലൈനിന്റെ ഡിപിആറും സര്‍വേയും പൂര്‍ത്തിയായി കഴിഞ്ഞതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിനെ അറിയിച്ചത്. ബാരാമുള്ള നഗരത്തില്‍നിന്ന് അതിര്‍ത്തി പ്രദേശമായ ഉറിവര നീളുന്ന 46 കിലോ മീറ്റര്‍ തീവണ്ടി ഗതാഗതം കശ്മീരിന്റെ ടൂറിസം, സാമ്പത്തിക വികസനം, തൊഴിലവസരം എന്നീമേഖലകളിലെല്ലാം വന്‍ മുന്നേറ്റം നടത്താന്‍ വഴിവെക്കുന്നതാണെന്നും വിലയിരുത്തുന്നുണ്ട്.

To advertise here,

നിലവില്‍ വടക്കന്‍ കശ്മീരിലെ അവസാന റെയില്‍വേ സ്റ്റേഷന്‍ ബാരാമുള്ളയിലാണ്. ഉറിയുമായി ബന്ധിപ്പിച്ചാല്‍ കഠിനമായ ശൈത്യകാലത്ത് പോലും അതിര്‍ത്തി ജില്ലയിലേക്ക് റെയില്‍ ഗതാഗതം ഉറപ്പാക്കാനാവും. രാജ്യസഭയില്‍ സത്പാല്‍ ശര്‍മയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റെയില്‍വേമന്ത്രി. പുതിയ ബാരാമുള്ള-ഉറി പാതയുടെ സര്‍വേയും ഡിപിആറും കൂടാതെ 118 കിലോമീറ്റര്‍ ബനിഹാല്‍-ബാരാമുള്ള റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള സര്‍വേയും പൂര്‍ത്തിയായതായും ഡിപിആര്‍ തയ്യാറാക്കിയതായും അദ്ദേഹം സഭയെ അറിയിച്ചു. നിലവില്‍, ബനിഹാളില്‍നിന്ന് വടക്കന്‍ കശ്മീരിലെ ബാരാമുള്ള വരെ 135.5 കിലോ മീറ്റര്‍ ദൂരത്തിലാണ് ട്രെയിന്‍ ഓടുന്നത്.

ഡിപിആര്‍ തയ്യാറാക്കിയ ശേഷം, ഒരു പദ്ധതിക്ക് അനുമതി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചന നടത്തുകയും നീതി ആയോഗില്‍നിന്നും ധനകാര്യ മന്ത്രാലയത്തില്‍നിന്നും ആവശ്യമായ അംഗീകാരങ്ങള്‍ നേടുകയും വേണം. പദ്ധതികളുടെ കൃത്യമായ സമയപരിധി ബന്ധപ്പെട്ടവരുടെ വിലയിരുത്തലുകളെയും അംഗീകാരങ്ങളെയും ആശ്രയിച്ചിരിക്കുന്നതായും അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട ബാരാമുള്ള-ഉറി റെയില്‍വേ ലൈനില്‍ മൂന്ന് റോഡ് അണ്ടര്‍-ബ്രിഡ്ജുകളും (ആര്‍യുബി) ഒമ്പത് റോഡ് ഓവര്‍-ബ്രിഡ്ജുകളും (ആര്‍ഒബി) ഉള്‍പ്പെടും. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യം ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഉറി പട്ടണം പാകിസ്താന്‍ സൈന്യത്തിന്റെ ഭീഷണിയിലായിരുന്നു.

പുതിയ ബാരാമുള്ള-ഉറി റെയില്‍വേ ലൈന്‍ ബാരാമുള്ള, ഷീരി, ഗാന്റ്മുള്ള, ബോണിയാര്‍, ലിംബര്‍, നൗഗ്രാം, ലഗാമ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ബാരാമുള്ളയിലും ഉറിയിലും പ്രധാന സൈനിക സ്ഥാപനങ്ങള്‍ ഉള്ളതിനാലും അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാലും ഉറിയിലേക്കുള്ള റെയില്‍വേ ലൈന്‍ തന്ത്രപരമായ പ്രാധാന്യമുള്ളതാണ്. നിയന്ത്രണരേഖയിലും കശ്മീരിലെ മറ്റ് മുന്‍നിര പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്ന സൈനികരുടെ നീക്കത്തിന് ഉറിയിലേക്കുള്ള ട്രെയിനുകള്‍ സഹായിക്കുമെന്നും ബന്ധപ്പെട്ടവര്‍ കണക്കു കൂട്ടുന്നുണ്ട്.

ഉറിയിലേക്കുള്ള റെയില്‍വേ ലൈന്‍ അതിര്‍ത്തി പ്രദേശത്തെ വ്യാപാരത്തിനും സഹായകമാകും. ചരക്കുകള്‍ ഡല്‍ഹിയിലെത്താന്‍ ഇപ്പോള്‍ പത്ത് ദിവസത്തോളമെടുക്കും. എന്നാല്‍ റെയില്‍വേ യാഥാര്‍ഥ്യമായാല്‍ 24 മണിക്കൂറിനുള്ളില്‍ ചരക്കുകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാവും. കഴിഞ്ഞ ജൂണില്‍, 272 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് കമ്മീഷന്‍ ചെയ്തിരുന്നു. ഇതോടെയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് കശ്മീര്‍ താഴ്‌വരയിലേക്ക് നേരിട്ടുള്ള റെയില്‍വേ സര്‍വീസ് ആരംഭിച്ചത്.

  • എന്തുകൊണ്ട് ബാരമുളള-ഉറി ലൈന്‍ തന്ത്രപ്രധാന മേഖലയാവുന്നു

നിയന്ത്രണരേഖയ്ക്ക് ഏറ്റവും അടുത്താണ് ബാരമുള്ള-ഉറി ലൈന്‍ എന്നതുകൊണ്ടു തന്നെ ഇത് ഇന്ത്യയുടെ സൈനിക വികസനത്തിനും ഏറെ നിര്‍ണായകമാവും. സൈന്യത്തെ പെട്ടെന്ന് വിന്യസിക്കാനും സൈനിക സാമഗ്രികളുടെ നീക്കത്തിനും റെയില്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പമാവുമെന്നാണ് കരുതുന്നത്. മാത്രമല്ല പ്രതികൂല കാലാവസ്ഥയെ മറികടക്കാനും സാധിക്കും. കശ്മീരിന്റെ നട്ടെല്ലായ കര്‍ഷകരുടെ ജീവിതത്തിനും വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കശ്മീര്‍ ജനതയുടെ പ്രധാന വരുമാനമാണ് ആപ്പിള്‍, അക്രോട്ട്(വാൾനട്ട്) കൃഷിയും ടൂറീസവും. നിലവില്‍ റോഡ് ഗതാഗതത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍, റെയില്‍വേ യാഥാര്‍ഥ്യമാകുന്നതോടെ ചെലവു കുറക്കാനാവുമെന്നും രാജ്യാന്തര മാര്‍ക്കറ്റിനെ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്രയിക്കാനാവുമെന്നും കണക്കുകൂട്ടുന്നു. നിര്‍മാണ സാമഗ്രികളും ഇന്ധനവും എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെ ഇത് മേഖലയിലെ സമ്പൂര്‍ണവികസനത്തിന് വഴിവെക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയാണ് കശ്മീരിലെ പ്രധാന വെല്ലുവിളിയെങ്കിലും ഇതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള റെയില്‍വേ ലൈനാണ് പദ്ധതിയിലുള്ളത്. വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ദൂരസ്ഥലങ്ങളില്‍ ചികിത്സയ്ക്ക് പോവേണ്ടവര്‍ എന്നിവരുടെയെല്ലാം ചിരകാല ആവശ്യത്തിനു കൂടിയാണ് പുതിയ റെയില്‍ പദ്ധതിയിലൂടെ കേന്ദ്രം പരിഹാരം കണ്ടെത്താന്‍ ആലോചിക്കുന്നത്. സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള പ്രദേശിക വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ വലിയ രീതിയിലുള്ള തൊഴിലവസരങ്ങള്‍ കൂടിയാണ് ഇവര്‍ക്ക് മുന്നില്‍ തുറക്കുക.

  • ചെറുതല്ല വെല്ലുവിളി

കാശ്മീരിലെ മലകളും നദികളും ചെറിയ പാതകളെപ്പോലും സാങ്കേതികമായി ദുഷ്‌കരമാക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍മാസം കമ്മിഷന്‍ ചെയ്ത യുഎസ്ബിആര്‍എല്‍ (ജമ്മു-ബാരമുള്ള വലിയ സംരംഭം) പദ്ധതി ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ റെയില്‍വേ പ്രോജക്റ്റുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നുണ്ട്. നീളമുള്ള തുരങ്കങ്ങള്‍, ധാരാളം പാലങ്ങള്‍, ദുഷ്‌കരമായ ഭൂമിശാസ്ത്രം, ശൈത്യകാലത്തെ കനത്ത മഞ്ഞുവീഴ്ച എന്നിവയെല്ലാം കാരണം സമയവും ചെലവും വര്‍ധിച്ചു. ബാരാമുള്ളയില്‍നിന്ന് ഉറിയിലേക്കുള്ള വിപുലീകരണവും ഈ പരിമിതികളില്‍നിന്ന് ഒഴിവാക്കപ്പെടില്ല. അലൈന്‍മെന്റില്‍ നദീതീരത്തുള്ള വെള്ളപ്പൊക്ക ഭാഗങ്ങള്‍ കടക്കണം, മണ്ണിടിച്ചില്‍ സാധ്യതയുള്ള ചരിവുകള്‍ ഒഴിവാക്കണം ഇങ്ങനെ വെല്ലുവിളികള്‍ ഏറെയാണ്. ശക്തമായ ഡ്രെയിനേജ്, ചരിവ് സ്ഥിരപ്പെടുത്തല്‍ നടപടികള്‍, തുരങ്കങ്ങള്‍, വയഡക്ടുകള്‍ എന്നിവയെല്ലാം ഡിസൈനില്‍ ഉള്‍പ്പെടുത്തണം.

മറ്റ് പ്രദേശങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധങ്ങളും വിപണിയിലേക്കുള്ള പ്രവേശനവും താമസക്കാരും പ്രാദേശിക വ്യാപാരികളും സ്വാഗതം ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പഴവര്‍ഗങ്ങളും മറ്റും കേടാകുന്നത് കുറയ്ക്കാനും ഗതാഗത ചെലവ് കുറയ്ക്കാനുമുള്ള വാഗ്ദാനം പ്രയോജനകരമാണ്. പ്രാദേശിക സംരംഭകര്‍ക്ക് സ്റ്റേഷനുകള്‍ ചെറുകിട ബിസിനസ് വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

സുരക്ഷാ സേനക്ക് ലോജിസ്റ്റിക്‌സിലും സൈനിക വിന്യാസത്തിലും പ്രവര്‍ത്തനപരമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ പ്രാദേശിക ആശങ്കകള്‍ യാഥാര്‍ഥ്യമാണ്: ഭൂമി ഏറ്റെടുക്കലിലും മറ്റും തര്‍ക്കങ്ങള്‍ ഉണ്ടാകാം. നഷ്ടപരിഹാരം, നിര്‍മാണ സമയത്തെ തടസ്സങ്ങള്‍, നദീതീരങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഉണ്ടാകാവുന്ന പാരിസ്ഥിതിക നാശം എന്നിവയെക്കുറിച്ചെല്ലാം ജനങ്ങള്‍ ആശങ്കാകുലരാണ്. ഇത് പരിഹരിച്ച് മുന്നോട്ടുപോവുകയെന്നതും വെല്ലുവിളിയാണ്.

  • വെല്ലുവിളിയുടെ 30 വര്‍ഷങ്ങള്‍

1995 മാര്‍ച്ചിലാണ് ഉധംപുരിനേയും കശ്മീര്‍ താഴ്‌വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (യുഎസ്ബിആര്‍എല്‍) പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നത്. കശ്മീര്‍ ലൈന്‍ എന്നും ഇതറിയപ്പെടുന്നുണ്ട്. ഇതില്‍ 118 കിലോ മീറ്ററിലുള്ള ഖാസിഗുണ്ട്-ബാരാമുള്ള സ്‌ട്രെച്ച് 2009-ല്‍ കമ്മിഷന്‍ ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായി 18 കിലോ മീറ്ററിലുള്ള ബാനിഹാള്‍-ഖാസിഗുണ്ട് സ്‌ട്രെച്ച് 2013 ജൂണ്‍ മാസത്തിലും 25 കിലോ മീറ്റര്‍ ദൂരമുള്ള ഉധംപുര്‍-കത്ര സെക്ഷന്‍ 2014 ജൂലായ് മാസത്തിലും യാഥാര്‍ഥ്യമായി.

2024 ഫെബ്രുവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 48.1 കിലോ മീറ്റര്‍ ദൂരത്തിലുള്ള ബാനിഹാള്‍-സംഘല്‍ദാന്‍ സ്ട്രെച്ചായിരുന്നു പദ്ധതിയുടെ നിര്‍ണായക ഘട്ടമായി മാറിയത്. ഇതിലാണ് പ്രധാന ആകര്‍ഷണമായ ചെനാബ് പാലം. 359 മീറ്റര്‍ ഉയര്‍ത്തില്‍ സ്ഥിതിചെയ്യുന്ന മേല്‍പ്പാലം ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ അധികം ഉയരത്തിലാണ് നിലനില്‍ക്കുന്നത്. വിവിധ കാരണങ്ങള്‍കൊണ്ട് കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം നീണ്ടുപോയ പദ്ധതി ഈ വര്‍ഷം യാഥാര്‍ഥ്യമായി.

സ്ഥലത്തിന്റെ പ്രത്യേകതകളും ആഴത്തിലുള്ള മലയിടുക്കുകളാല്‍ നിറഞ്ഞ സവിശേഷതകളും കാരണം പദ്ധതിയിലെ കത്ര-ബനിഹാല്‍ ഭാഗത്തെ 111-കിലോ മീറ്റര്‍ ദൂരംവരുന്ന പ്രവൃത്തികള്‍ ശ്രമകരവും അപകടകരവുമായിരുന്നു. നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു ഈ റെയില്‍പാതയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം വെല്ലുവിളിയായി. എന്നാല്‍, ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ എന്‍ജിനീയറിങ് അഭിമാനം ഉയര്‍ത്തുന്ന ചെനാബ് പാലവും അന്‍ജി പാലവും അടക്കം നിര്‍മ്മിച്ച് ഈ പാത സഞ്ചാരയോഗ്യമാക്കുകയായിരുന്നു.