40% മരണനിരക്ക്, ചികിത്സയില്ല, വാക്സിനില്ല, പക്ഷേ എളുപ്പത്തിൽ പകരില്ല; ഹാന്റാ വൈറസിനെ ഭയക്കണോ?
അർജൻറീനിയൻ തീരത്ത് നിന്ന് പുറപ്പെട്ട ഡച്ച് ക്രൂയിസ് കപ്പലിലെ യാത്രക്കാരിൽ സ്ഥിരീകരിച്ച രോഗവും തുടർന്നുണ്ടായ മരണങ്ങളും ലോകം ഭീതിയോടെയാണ് നോക്കികാണുന്നത്. രോഗത്തിന് കാരണമായ ഹാന്റാ വൈറസ് അത്ര ചില്ലറകാരനല്ല... നാലപത് ശതമാനത്തോളമാണ് മരണനിരക്ക്, ചികിത്സയോ മരുന്നോ വാക്സിനോ ഇല്ല... ആഗോള മഹാമാരിയായി മാറാൻ സാധ്യത കുറവാണെന്ന് പറയുമ്പോഴും വീണ്ടുമൊരു വൈറസ് ലോകത്തെ പിടിമുറക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
150 യാത്രികരുമായി യാത്ര പുറപ്പെട്ട എം.വി. ഹോൺഡിയസിലുണ്ടായിരുന്ന ഡച്ച് ദമ്പതികൾക്കാണ് ആദ്യം യാത്രക്കിടെ ശ്വാസതടസമടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. പിന്നീട് അത് പനിയും ഛർദിയുമായി രോഗം മൂർച്ഛിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഒപ്പമുണ്ടായിരുന്ന ഏഴുപേർക്ക് കൂടി രോഗം പകർന്നു. പിന്നാലെ കപ്പൽ ദക്ഷിണാഫ്രിക്കൻ തീരത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ ആദ്യം രോഗം സ്ഥിരീകരിച്ച ദമ്പതികളിലൊരാൾ മരിച്ചു. മറ്റേയാൾ ഗുരുതരാവസ്ഥയിലായി. ദക്ഷിണാഫ്രിക്കൻ നേവിയുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഹാൻറാവൈറസ് ആണ് മരണകാരണമെന്ന് സ്ഥിരീകരിക്കുന്നത്. നിലവിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്, എട്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഹാന്റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസാണ് കപ്പലിൽ പടർന്നിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇനി ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യമെന്തെന്നാൽ, രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ കപ്പലിൽ നിന്ന് ഇറങ്ങിയ 23 യാത്രക്കാർ അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയിട്ടുണ്ട് എന്നതാണ്. സ്വിറ്റ്സർലൻഡിൽ മടങ്ങിയെത്തിയ ഒരാൾക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. കപ്പലിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകർന്നിട്ടുണ്ടോ എന്ന് ലോകാരോഗ്യ സംഘടന സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. എങ്കിലും, കൊറോണ വൈറസിനെപ്പോലെ ഒരു ആഗോള മഹാമാരിയായി ഇത് മാറാൻ സാധ്യതയില്ലെന്നും പൊതുജനങ്ങളിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നുമാണ് റിപ്പോർട്ടുകൾ.
എന്താണ് ഹാന്റാ വൈറസ്?
സാധാരണ എലികൾ പോലുള്ള ജീവികളിൽ കാണപ്പെടുന്ന വൈറസാണ് ഹാന്റാ വൈറസ്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പർശിക്കുകയോ, അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റാ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.
ഇതിപ്പോൾ പുതുതായി കണ്ടുപിടിച്ച രോഗം അല്ല. 1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് വൈറസിന് ഹാന്റാ എന്ന പേരുലഭിക്കുന്നത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
സാധാരണ പനിക്കുസമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങി അവസ്ഥ ഗുരുതരമാകും. രോഗം മൂർച്ഛിക്കുന്ന അവസരത്തിൽ രക്തക്കുഴലുകൾ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ വൃക്ക തകരാറിലാവുകയോ ചെയ്യാം. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കും. ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. വൈറസിനെതിരെ ഒരു മരുന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. രോഗികളെ വെൻറിലേറ്ററിലിടുക രോഗലക്ഷണങ്ങൾ ചികിൽസിക്കുക, രോഗം മാറുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുക എന്നതല്ലാതെ വേറെ പ്രതിരോധങ്ങളില്ല. ഏകദേശം 30% മുതൽ 40% വരെ മരണനിരക്ക് ഉള്ളതിനാൽ വെല്ലുവിളിയും കൂടുതലാണ്.
കൊറോണ വൈറസിനെപ്പോലെ ഇത് വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരില്ല. മനുഷ്യരില് നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഹാന്റ വൈറസുകൾക്ക് വളരെ കുറവാണ്. അർജന്റീന, ചിലെ അടക്കം തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണു ഈ വൈറസ് കൂടുതൽ കണ്ടുവരുന്നതെന്നു ലോകാരോഗ്യസംഘടന പറയുന്നു.
വൈറസിനെ പേടിച്ച് യാത്രകൾ ഒഴിവാക്കേണ്ട സാഹചര്യമൊന്നും നിലവിലില്ല. എലികൾ കൂടുതലുള്ള ചുറ്റുപാടുമായി സമ്പർക്കം ഒഴിവാക്കുക, പതിവായി കൈ കഴുകുക, പനി, ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാം.
Content Highlights: Hantavirus variant identified on MV Hondius cruise ship. Transmission is typically via contact with rodent waste, not easily person-to-person. Mortality rate for pulmonary syndrome is high (up to 40%). No specific vaccine or cure exists; supportive care is the primary treatment. WHO confirms low risk of global pandemic compared to COVID-19.
Published: 07 May 2026, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented