വിരമിച്ചാലും പിഎഫ് അക്കൗണ്ടിൽനിന്ന് സ്ഥിരവരുമാനം? EPFO-യുടെ പുതിയ SWP എങ്ങനെ പ്രയോജനപ്പെടുത്താം?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾ വിരമിക്കുമ്പോൾ പി.എഫ്. സമ്പാദ്യം ഇനി ഒറ്റയടിക്ക് പിൻവലിക്കേണ്ടതില്ല. പകരം മാസത്തിലോ, മുന്നുമാസം കൂടുമ്പോഴോ അല്ലെങ്കിൽ ആറു മാസത്തിലൊരിക്കലോ ഒക്കെ ഗഡുക്കളായി പിൻവലിക്കാം. ഒരു സ്ഥിരവരുമാനം പോലെ. അതുപോലെ ഫണ്ടിൽ ബാക്കിയുള്ള തുകയ്ക്ക് റിട്ടേൺ ലഭിക്കുകയും ചെയ്യും. ഇതാണ് പുതിയ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പദ്ധതി. വ്യാഴാഴ്ചയാണ് ഇ.പി.എഫ്.ഒ. കേന്ദ്ര ട്രസ്റ്റീ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
ഇനി നേരത്തെയുള്ളത് പോലെ പണം ഒരുമിച്ച് പിൻവലിക്കാൻ കരുതിയിരുന്നവർ അതിന് കഴിയില്ലേ എന്നും ആശങ്ക വേണ്ട. പദ്ധതി താത്‌പര്യമുള്ളവർ മാത്രം തിരഞ്ഞെടുത്താൽ മതി. അല്ലാത്തവർക്ക് മുഴുവൻ തുകയും ഒരുമിച്ച് പിൻവലിക്കാം.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനിലും പണം പിൻവലിക്കാൻ 3 വ്യത്യസ്ത ഓപ്ഷനുകളുണ്ട്.
ഒന്നാമത്തേത് ഫുൾ സ്വാപ് ആണ്. അതായത് പിഎഫ് അക്കൗണ്ടിലുള്ള മുഴുവൻ സമ്പാദ്യവും ഒറ്റയടിക്ക് പിൻവലിക്കാതെ, അക്കൗണ്ടിൽ തന്നെ നിലനിർത്തിക്കൊണ്ട് മാസത്തിലോ, മൂന്നുമാസത്തിലോ, ആറുമാസം കൂടുമ്പോഴോ ഒരു നിശ്ചിത തുക ഗഡുക്കളായി പിൻവലിക്കാം. അക്കൗണ്ടിൽ ബാക്കിയുള്ള തുക ഇപിഎഫ് സിസ്റ്റത്തിൽ തന്നെ തുടരും. അതിന് ഇപിഎഫ് പലിശയും ലഭിച്ചുകൊണ്ടിരിക്കും. വിരമിക്കലിന് ശേഷം പെട്ടെന്ന് വലിയൊരു തുകയുടെ ആവശ്യമില്ലാത്തവർക്കും, പെൻഷന് പുറമെ ഓരോ മാസവും ചെലവുകൾക്ക് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ ഓപ്ഷനാണിത്.
നിങ്ങൾക്ക് കുറച്ച് പൈസയുടെ അത്യാവശ്യമുണ്ട്, അതിന് പക്ഷേ നിങ്ങളുടെ പിഎഫ് സമ്പാദ്യം മൊത്തം ആവശ്യമില്ല എന്നാണെങ്കിൽ നിങ്ങൾക്ക് രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കാം. അതായത് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി ഒരു പങ്ക് തുക ഒറ്റയടിക്ക് പിൻവലിക്കും, ബാക്കി അക്കൗണ്ടിൽ തന്നെ നിർത്തി SWP വഴി ഗഡുക്കളായി പിൻവലിക്കാം. വിരമിക്കുന്ന സമയത്ത് വായ്പ അടച്ചുതീർക്കാനുള്ളവർക്കും, മക്കളുടെ വിവാഹം അല്ലെങ്കിൽ വീട് നവീകരണം തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യതകൾ ഉള്ളവർക്കും ഈ രീതി തിരഞ്ഞെടുക്കാം. അടിയന്തര ആവശ്യവും കഴിയും ഭാവിയിൽ ഒരു വരുമാനവും ആവും.
പലിശ തുക മാത്രം പിൻവലിക്കുന്നതാണ് മൂന്നാമത്തെ ഓപ്ഷൻ. പിഎഫ് അക്കൗണ്ടിലെ പ്രധാന നിക്ഷേപ തുക മുഴുവനായി അക്കൗണ്ടിൽ നിലനിർത്തും. എന്നിട്ട് അതിന് ലഭിക്കുന്ന പലിശ തുക മാത്രം സമയബന്ധിതമായി പിൻവലിക്കും. ഉദാഹരണത്തിന് 50 ലക്ഷം രൂപ ബാലൻസുള്ള ഒരാൾക്ക് 8.25% പലിശ നിരക്കിൽ പ്രതിമാസം ഏകദേശം 34,000 രൂപ പലിശയായി മാത്രം പിൻവലിക്കാം. പലിശ തുക കൊണ്ട് മാത്രം ഒരു മാസത്തെ ചിലവുകൾ നടത്താനാകുന്നവർക്കും പ്രധാന സമ്പാദ്യം മൊത്തമായി മക്കൾക്കും മറ്റും കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഇതൊരു നല്ല ഓപ്ഷനാണ്.
ഇനി നിങ്ങൾ ഇതിലേതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുത്താലും അത് ഏത് ഘട്ടത്തിലും നിർത്തലാക്കി തുക പൂർണ്ണമായി പിൻവലിക്കാനും സാധിക്കും.
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാനിന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1) വിരമിച്ചതിനുശേഷം വലിയ തുക പെൻഷനോ മറ്റ് വരുമാനമോ ഇല്ലാത്ത ജീവനക്കാർക്ക് ഇത് ഉപകാരപ്പെടും. അവർക്ക് പെൻഷന് പുറമെ കൃത്യമായ ഒരു വരുമാന സ്രോതസ്സ് ഉറപ്പാക്കാനാവും
2) വലിയൊരു തുക ഒറ്റയടിക്ക് കൈയിൽ കിട്ടുമ്പോൾ എവിടെ നിക്ഷേപിക്കണം എന്നറിയാതെ തെറ്റായ സാമ്പത്തിക തീരുമാനങ്ങളിൽ ചെന്നുപെടുന്നവരുണ്ട്, അത് ഒഴിവാക്കാനാവും
3) ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളേക്കാളും അന്യൂയിറ്റി പ്ലാനിനേക്കാളും കൂടുതലാണ് ഇപിഎഫ് പലിശ. അതുകൊണ്ട് കൂടുതൽ പണം ഇതുവഴി ലഭിക്കും.
4) സിസ്റ്റമാറ്റിക് പിൻവലിക്കൽ പദ്ധതി തിരഞ്ഞെടുത്ത അംഗം മരിച്ചാൽ, നോമിനിക്കോ ആശ്രിതർക്കോ ബാക്കി തുക ഒറ്റയടിക്ക് വാങ്ങാനോ അല്ലെങ്കിൽ ഗഡുക്കളായി വാങ്ങുന്നത് തുടരാനോ കഴിയും. അതായത് സാമ്പത്തിക സുരക്ഷിതത്വം കുടുംബത്തിനും ലഭിക്കും.
5) ഓരോരുത്തർക്കും അവരവരുടെ സ്വാതന്ത്ര്യം അനുസരിച്ച് ഇഷ്ടമുള്ള പ്ലാൻ തിരഞ്ഞെടുക്കാം.
ഇപ്പോൾ 55 വയസ്സിലേറെ പ്രായമുള്ളവരും അഞ്ചുലക്ഷം രൂപയിലേറെ പി.എഫിൽ നിക്ഷേപമുള്ളവരുമായ 6.32 ലക്ഷം അംഗങ്ങളാകും ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കൾ.
പിഎഫുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങൾ കൂടെ നോക്കാം. അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ് 25%-ൽ നിന്ന് 10% ആയി കുറച്ചിട്ടുണ്ട്. ഇതിലൂടെ അംഗങ്ങൾക്ക് അക്കൗണ്ടിലുള്ള തുകയുടെ 90% വരെ ഭാഗികമായി പിൻവലിക്കാം. അതുപോലെ ജോലി നഷ്ടപ്പെട്ട് തൊഴിലില്ലാതെ ഇരിക്കുന്നവർക്ക് പിഎഫ് തുക പൂർണ്ണമായി പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധി 12 മാസത്തിൽ നിന്ന് 2 മാസമായും കുറച്ചു.
ഗിഗ്, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷ നൽകാൻ പ്രത്യേക ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത പേറോൾ സിസ്റ്റങ്ങളെ ആശ്രയിക്കാതെ, UANനുമായി ബന്ധിപ്പിച്ച ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വഴി നേരിട്ട് Voluntary Contributions നടത്താനാകും. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ടിപ്പുകൾ പോലുള്ള ചെറിയ തുകകൾ നേരിട്ട് ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും ഇതിലൂടെ സൗകര്യമുണ്ടാകും.
Content Highlights: EPFO introduces Systematic Withdrawal Plan (SWP) for phased PF withdrawal. Members can choose monthly, quarterly, or half-yearly installments like a fixed income. Remaining balance in the PF account continues to earn interest. Three withdrawal options available: Full Swap, Partial Withdrawal with SWP, and Interest-only Withdrawal. Minimum balance requirement reduced from 25% to 10%, allowing up to 90% partial withdrawal. Waiting period to withdraw full PF due to job loss reduced from 12 months to 2 months.
Published: 20 Nov 2026, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented