ന്യൂഡൽഹി: വിരമിച്ചവർക്ക് പി.എഫ് തുക കൃത്യമായ ഇടവേളകളിൽ പിൻവലിക്കാൻ അനുവദിക്കുന്ന സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാനിന് (SWP) ഇ.പി.എഫ്.ഒ അംഗീകാരം നൽകി. പിഎഫിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് പ്രൊവിഡന്റ് ഫണ്ട് ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന സുപ്രധാന തീരുമാനങ്ങൾക്കാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകാരം നൽകിയത്. സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ എന്നപുതിയ സംവിധാനത്തിലൂടെ വിരമിക്കുമ്പോൾ പി.എഫ് നിക്ഷേപം ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം നിശ്ചിത കാലയളവിലേക്ക് തവണകളായി കൈപ്പറ്റാൻ അംഗങ്ങൾക്ക് സാധിക്കും.
വിരമിച്ചവർക്ക് പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, അല്ലെങ്കിൽ അർദ്ധവാർഷികം എന്നിങ്ങനെ തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പണം പിൻവലിക്കാനുള്ള ഇടവേളകൾ തിരഞ്ഞെടുക്കാം. പിൻവലിക്കാതെ അക്കൗണ്ടിൽ ബാക്കിയുള്ള തുകയ്ക്ക് തുടർന്നും ഇ.പി.എഫ്.ഒ പലിശ ലഭിക്കും. വിരമിച്ചശേഷം സ്ഥിരവരുമാനം ഉറപ്പാക്കാനും നിക്ഷേപ നഷ്ടസാധ്യതകൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ഈ പദ്ധതിയിൽ ചേരുന്നത് പൂർണ്ണമായും അംഗങ്ങളുടെ താല്പര്യത്തിന് അനുസരിച്ചായിരിക്കും. തവണകളായി പണം പിൻവലിക്കണമെന്ന് നിർബന്ധമില്ല. തവണകൾ കൈപ്പറ്റുന്നതിനിടെ അംഗം മരിച്ചാൽ നോമിനിക്കോ ആശ്രിതർക്കോ ബാക്കിയുള്ള തുക ഒന്നിച്ച് പിൻവലിക്കാനോ അല്ലെങ്കിൽ തവണകളായി തുടർന്നും കൈപ്പറ്റാനോ സാധിക്കും.
പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട മിനിമം ബാലൻസ്, കാത്തിരിപ്പ് കാലയളവ് എന്നീ വ്യവസ്ഥകളിലും ബോർഡ് മാറ്റങ്ങൾ അംഗീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള വ്യവസ്ഥ പ്രകാരം അംഗങ്ങൾ തങ്ങളുടെ നിക്ഷേപത്തിന്റെ 25 ശതമാനം എപ്പോഴും അക്കൗണ്ടിൽ മിനിമം ബാലൻസായി നിലനിർത്തണമായിരുന്നു. ഇത് 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. അതായത് 90%വരെ പിൻവലിക്കാം.
തൊഴിൽ നഷ്ടപ്പെട്ടശേഷം പൂർണ്ണമായും പണം പിൻവലിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് 12 മാസത്തിൽ നിന്ന് രണ്ട് മാസമായി കുറയ്ക്കുകയും ചെയ്തു.
Content Highlights: Introduction of Systematic Withdrawal Plan (SWP) for retired EPFO members., Option to withdraw PF in installments (monthly, quarterly, or semi-annually)., Remaining balance in the account continues to earn EPFO interest., Minimum balance requirement reduced from 25% to 10%., Waiting period for full PF withdrawal after job loss reduced from 12 months to 2 months.
Published: 19 Nov 2026, 07:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented