തമിഴ്നാട്ടിലെ ജനങ്ങൾ നല്ല തീരുമാനമെടുക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളും ഫാസിസ്റ്റുകളായ ബി.ജെ.പിക്ക് നാട്ടിൽ ഇടംകൊടുക്കില്ലെന്ന് വിശ്വാസമുണ്ടെന്ന് ഡി.എം.കെ നേതാവും നടനുമായ ഉദയാനിധി സ്റ്റാലിൻ. ചെപ്പോക്കിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

"പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാടിനെ ശത്രുവിനേപ്പോലെയാണ് കാണുന്നത്. മധുരൈ എയിംസിന് തറക്കല്ലിട്ട് പോയതാണ്. ഇപ്പോൾ ആ സ്ഥാനത്ത് കല്ലുപോലുമില്ല. ഇപ്പോൾ തിരഞ്ഞെടുപ്പടുത്തപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ട് പോയിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെ മോദിയുടെ അടിമയായിരിക്കുന്നെന്ന് ജനങ്ങൾക്ക് മനസിലായിരിക്കുന്നു." ഉദയാനിധി പറഞ്ഞു.

ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിൽ താര പോരാട്ടം നടക്കുമെന്നായിരുന്നു തമിഴ്‌നാട്ടിലെ പ്രചാരണം. നടി ഖുഷ്ബുവായിരുന്നു ഉദയനിധി സ്റ്റാലിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഖുഷ്ബു മത്സരിക്കുന്നത് തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലായതോടെ ആ മത്സരം നടന്നില്ല.