സംസ്ഥാനസര്‍ക്കാരിന്റെ അനുമോദനച്ചടങ്ങില്‍ ഹൃദയസ്പര്‍ശിയായ പ്രസംഗം നടത്തി കയ്യടി നേടി ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍. ശ്രീജേഷ്. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ശ്രീജേഷ് നടത്തിയ മറുപടി പ്രസംഗമാണ് കരഘോഷമുയര്‍ത്തിയത്. ഗ്രേസ് മാര്‍ക്ക് ലക്ഷ്യമിട്ട് കളിക്കളത്തിലെത്തിയ തനിക്ക് രണ്ട് ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സാധിച്ചെങ്കില്‍ ചെറുപ്രായത്തില്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ സ്വപ്‌നം കാണുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒളിമ്പികിസില്‍ പങ്കെടുക്കാനും മെഡല്‍ നേടാനും സാധിക്കുമെന്ന് സദസ്സിലെ കുട്ടികളോട് ശ്രീജേഷ് പറഞ്ഞു. മോശപ്പെട്ട ഷൂവും കീറിയ ജഴ്‌സിയുമണിഞ്ഞാണ് താന്‍ കളികള്‍ക്ക് പോയിരുന്നതെന്നും ശ്രീജേഷ് ഓര്‍മ്മിച്ചു. 

To advertise here,

ശ്രീജേഷിന്റെ പ്രസംഗത്തില്‍നിന്ന്

"നിങ്ങളിവിടെ ഇരിക്കുന്ന പോലെ പല പരിപാടിയ്ക്കും ഈ സ്റ്റേജില്‍ ഞാന്‍ വന്നിരുന്നിട്ടുണ്ട്. ഇതുപോലെ പല കോര്‍ണറിലിരുന്ന് പല പരിപാടിയ്ക്കും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെയായിരുന്നു എന്റെ തുടക്കവും. നിങ്ങളിടുന്ന ഷൂവിനേക്കാള്‍ മോശപ്പെട്ട ഷൂവായിരുന്നു ഞാനന്നിട്ടിരുന്നത്. കീറിയ ഷൂവും കീറിയ ജഴ്‌സിയുമിട്ടാണ് അന്ന് പല കളികള്‍ക്കും പോയിരുന്നതും പല കളികളും ജയിച്ചതും. ജില്ല സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ എനിക്കുണ്ടായിരുന്ന ആകെയൊരു ലക്ഷ്യം അറുപത് മാര്‍ക്ക് മാത്രമായിരുന്നു. അതായത് പത്താം ക്ലാസ്സിലേയും പ്ലസ് ടൂവിലേയും ഗ്രേസ് മാര്‍ക്ക് മാത്രമായിരുന്നു എന്റെ സ്വപ്നം. എന്റെ മുമ്പിലിപ്പോള്‍ ഇത്രയും ചെറിയ കുട്ടികളുണ്ട്. ഒത്തിരി അനുജന്‍മാരും അനുജത്തിമാരും എന്റെ മുമ്പിലിരിപ്പുണ്ട്. അവരോടൊക്കെ ഒറ്റക്കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. സ്വപ്‌നം കാണുക. ഒരറുപത് മാര്‍ക്ക് മാത്രം സ്വപ്‌നം കണ്ട എനിക്ക് രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ ഈ ചെറുപ്രായത്തില്‍ നിങ്ങള്‍ ഒളിമ്പിക്‌സിലെ ഗോള്‍ഡ് മെഡല്‍ സ്വപ്‌നം കാണുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനും നിങ്ങള്‍ക്ക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനും കഴിയും". 

മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്തതത്. കായികമന്ത്രി വി. അബ്ദുറഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത നിര്‍വഹിച്ചു. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപയുടെ പാരിതോഷികവും ശ്രീജേഷിന് ചടങ്ങില്‍ കൈമാറി.