ദുബായ്: സൗദി അറേബ്യയിൽ സുരക്ഷാ കാരണങ്ങളാൽ പിൻവലിച്ച 'നർഷ്' ബ്രാൻഡ് ഫീഡിങ് ബോട്ടിലുകൾ യു.എ.ഇ വിപണിയിലും ലഭ്യമല്ലെന്ന് റിപ്പോർട്ട്. ഉൽപ്പന്നം പിൻവലിക്കാനുള്ള നി‍ർദേശവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഇക്കാര്യം സ്ഥിരീകരിച്ചത്.

To advertise here,

ബോട്ടിലിന്റെ പുറംഭാഗത്തെ സംരക്ഷണ പാളി ഇളകിപ്പോകാൻ സാധ്യതയുള്ളതിനാൽ കുഞ്ഞുങ്ങൾക്ക് ശ്വാസംമുട്ടൽ ഉണ്ടായേക്കാം എന്ന നിരീക്ഷണത്തെത്തുടർന്നാണ് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം ഉൽപ്പന്നം പിൻവലിക്കാൻ നിർദേശം നൽകിയത്. ഉൽപ്പന്ന നമ്പർ ബി11654 (B11654) ആയ 22 യൂണിറ്റുകൾക്കാണ് ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുള്ളത്.

യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളും ഫാർമസികളും നടത്തിയ പരിശോധനയിൽ ഈ ഉൽപ്പന്നം ലഭ്യമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്പിന്നീസ്, അൽ മദീന സൂപ്പർമാർക്കറ്റ്, നൈറ്റ് ടു നൈറ്റ് സ്റ്റോറുകൾ തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശൃംഖലകൾ തങ്ങളുടെ സ്റ്റോറുകളിൽ ഈ ഉൽപ്പന്നം വിൽക്കുന്നില്ലെന്ന് ഉറപ്പുനൽകി.

വിപണിയിൽ ഉൽപ്പന്നം നിലവിൽ ലഭ്യമല്ലെങ്കിലും  വിദേശയാത്രകൾക്കിടയിലോ അന്താരാഷ്ട്ര ഓൺലൈൻ വെബ്സൈറ്റുകൾ വഴിയോ ഈ ബോട്ടിലുകൾ വാങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം ശിശു പരിപാലന ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുമ്പോൾ സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പരിശോധിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

രക്ഷിതാക്കൾ തങ്ങളുടെ കൈവശമുള്ള ബോട്ടിലുകളുടെ ഉൽപ്പന്ന നമ്പർ പരിശോധിച്ച് അവ പിൻവലിക്കപ്പെട്ട ബാച്ചിൽപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പിൻവലിക്കപ്പെട്ട ബാച്ചിൽപ്പെട്ട ബോട്ടിലുകളാണ് കൈവശമുള്ളതെങ്കിൽ അതിന്റെ ഉപയോഗം നിർത്തിവെക്കണം. ഉൽപ്പന്നം മാറ്റിവാങ്ങുന്നതിനോ പണം തിരികെ ലഭിക്കുന്നതിനോ വേണ്ടി നിർമാതാക്കളുമായി നേരിട്ട് ബന്ധപ്പെടണമെന്നും രക്ഷിതാക്കൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.