'ജനസഭകള്‍ തീരുമാനിക്കും, ഞാന്‍ നോഡല്‍ ഏജന്റ്'; പാലക്കാടിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മിഷൻ2040
2040-ൽ നമ്മുടെ പാലക്കാട് എന്താവണമെന്ന ആലോചന. അത് എം.എൽ.എ.യുടെ അജൻഡയല്ല, പാലക്കാട്ടെ സാധാരണക്കാരിൽ സാധാരണക്കാരായ പൗരപ്രമുഖരുടെ ചിന്തകൾ, സ്വപ്നങ്ങൾ, ആലോചനകൾ എല്ലാം ചേരുന്നതാവും അത്. കക്ഷിരാഷ്ട്രീയവ്യത്യാസമുണ്ടാവില്ല. പാലക്കാടിന്റെ നിയുക്ത എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ നയം വ്യക്തമാക്കുന്നു. ചൂടുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണക്കാലം കഴിഞ്ഞ് മിന്നും വിജയം നേടിയ പാലക്കാടിന്റെ നിയുക്ത എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു. .
? വികസനത്തിൽ പ്രത്യേകശ്രദ്ധ നൽകുന്നത് എന്തിലൊക്കെയാവും
പാലക്കാടിന്റെ നാളേയ്ക്കുള്ള പദ്ധതിയാണ് മനസ്സിലെങ്കിലും ആരോഗ്യമേഖലയിൽ മെഡിക്കൽ കോളേജിലെ ചികിത്സാസൗകര്യം വർധിപ്പിക്കലുൾപ്പെടെ അഞ്ചിനങ്ങൾക്കാവും പ്രാമുഖ്യം. പാലക്കാട് മെഡിക്കൽ കോളേജിൽ മികച്ച സൗകര്യങ്ങളുണ്ട്. ഒ.പി. വിഭാഗവും നന്നായി പ്രവർത്തിക്കുന്നു. കിടത്തിച്ചികിത്സയ്ക്ക് സൗകര്യം ഉറപ്പാക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നിലവാരത്തിലേക്ക് വളർത്തിയെടുക്കാനുള്ള അടിസ്ഥാനസൗകര്യം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച ഈ സ്ഥാപനത്തിലുണ്ട്. അതിന് സർക്കാരിന്റെ സഹായം വേണം. അതിനുള്ള ഇടപെടലുണ്ടാവും.
കർഷകരുടെ പ്രയത്നത്തിന് മികച്ച പ്രതിഫലം, അത് സമയത്ത് കിട്ടണം. കൃഷിക്കൊപ്പം അവരുടെ വരുമാനം വർധിപ്പിക്കാനാവുന്ന തരത്തിൽ പാലക്കാടിന്റെ ഹരിതഭംഗിയും കൃഷിരീതികളും നാടൻ രുചിക്കൂട്ടും ലോകത്തിന് മുന്നിലെത്തിക്കാൻ പാഡി ടൂറിസം പോലുള്ള പദ്ധതികൾക്കും ശ്രമം നടത്തും. പാലക്കാട്ടെ തീർത്ഥാടനകേന്ദ്രങ്ങൾ, സ്മാരകങ്ങൾ എല്ലായിടത്തേക്കും യാത്രികരെത്തണം. പാഡി ടൂറിസവുമായി ബന്ധപ്പെടുത്തി അന്താരാഷ്ട്ര സംഗീതോത്സവം 2025-ൽ ആരംഭിക്കും.
ഗ്രാമീണപാതകളുടെ സ്ഥിതി പരിതാപകരമാണ്. രാത്രി ഒൻപതുകഴിഞ്ഞാൽ നഗരസഭാപ്രദേശത്തെ പാതകളിൽ പോലും വെളിച്ചമില്ല. ആവശ്യത്തിന് വഴിവിളക്കുകളുൾപ്പെടെ സ്ഥാപിക്കാൻ നഗരസഭയുടെ സഹകരണം തേടും.
കോയമ്പത്തൂരോ കൊച്ചിയിലോ ജോലി ചെയ്യാൻ പാലക്കാട്ടെ ചെറുപ്പക്കാർ തയ്യാറാണ്. പാലക്കാട്ടേക്ക് ചെറുപ്പക്കാരെ ആകർഷിക്കാനാവുംവിധം ഇവിടെ നൈറ്റ് ലൈഫ് ഉണ്ടാവണം. ജോലിസമയത്തിനുശേഷം രാത്രി ഡ്രൈവ് ചെയ്യാൻ, ചായ കുടിക്കാൻ പോകാൻ ഒരു റോഡ് സ്വപ്നങ്ങളിലുണ്ട്.
ജില്ലാ ആസ്ഥാനത്ത് ദേശീയനിലവാരമുള്ള ഒരു സ്റ്റേഡിയം. അതിന് സംസ്ഥാനസർക്കാരിന്റെ സഹായം അത്യാവശ്യമാണ്.
മുനിസിപ്പൽ സ്റ്റേഡിയം ഒരു പ്രദർശനനഗരി മാത്രമായി കിടക്കുന്നതിനോട് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രഖ്യാപനം വന്നു. ഷാഫി പറമ്പിൽ എം.എൽ.എ. ഈ വഴിക്ക് ശ്രമം നടത്തിയെങ്കിലും നഗരസഭ മുഖം തിരിച്ചുനിന്നു. നഗരസഭയുടെയും സർക്കാരിന്റെയും കടുംപിടുത്തത്തെ അലിയിച്ചെടുക്കാൻ ശ്രമം നടത്തും.
വ്യവസായ ഇടനാഴി പൂർണരൂപത്തിലാവുമ്പോൾ യുവാക്കൾക്ക് തൊഴിലവസരങ്ങൾ മാത്രം പോരാ, ജീവിതം ആസ്വദിക്കാനും അവസരം വേണം. പാലക്കാട് ഊബർ ഇല്ല. ഒലെ ഇല്ല. ഇവിടെ ഇഷ്ടംപോലെ കാറുകാരും ഓട്ടോക്കാരുമില്ലേ? ഇവരെക്കൂടി ചേർത്ത് ചെറുപ്പക്കാരെ പ്രവർത്തനപഥത്തിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. സിവിൽ സർവീസ് അക്കാദമിയുൾപ്പെടെ പാലക്കാട്ടുണ്ട്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാൾ തൊഴിൽദായകമായ പുതിയ കോഴ്സുകളാണ് വേണ്ടത്. അതെന്തൊക്കെയാണെന്ന് ജനങ്ങൾ പറയട്ടെ.
? മോയൻസ് ഡിജിറ്റൈസേഷൻ പ്രശ്നം
മോയൻസ് സ്കൂൾ ഡിജിറ്റൈസേഷൻ പൂർത്തിയാവാത്തത് തിരഞ്ഞെടുപ്പുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. സത്യാവസ്ഥ ജനങ്ങൾക്കറിയാവുന്നതിനാലാണ് എതിർപ്പുണ്ടാവാതിരുന്നത്. മോയൻസ് ഡിജിറ്റൈസേഷനിൽ ചിലർ ബോധപൂർവം എതിർപ്പ് സൃഷ്ടിച്ചു. വിദ്യാഭ്യാസമന്ത്രി ഇടപെട്ടിട്ടും കാര്യങ്ങൾ നടന്നില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഷ്ട്രീയം കഴിഞ്ഞു. ഇനി ചർച്ച ചെയ്യേണ്ടത് വികസനത്തിന്റെ രാഷ്ട്രീയമാണ്.
? ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ എന്തു ചെയ്യും
വ്യത്യസ്തകാഴ്ചപ്പാടുള്ള എല്ലാവരുടെയും പൊതുവേദി വികസനകാര്യങ്ങൾ ചർച്ച ചെയ്യും. ഞാൻ ഇതിന്റെ ഒരു നോഡൽ ഏജന്റാണ്. സാമൂഹികമാധ്യമങ്ങളിൽ ഇതിന് തുടക്കമിട്ടിട്ടുണ്ട്. വ്യത്യസ്തമേഖലയിലെ വിദഗ്‌ധരെല്ലാം ഉൾപ്പെടുന്ന തരത്തിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനസഭ നടക്കും. അത് വാർഡുതലംവരെ നീളും. സ്ഥിരം സംവിധാനമാവും.
വിജയിച്ചതിനുശേഷം എല്ലാ രാഷ്ട്രീയകക്ഷികളിലെയും നേതാക്കളെ വിളിച്ചു. അവരുടെയെല്ലാം പ്രായോഗികപരിചയം പാലക്കാടിന് ഉപയോഗിക്കാനാവണം. കർഷകരുടെ പ്രായോഗിക അറിവുകളും ഉപയോഗപ്പെടുത്താനാവണം.
?പാലക്കാട്ടെ ഇഷ്ടഭക്ഷണം
പൊതുവേ ഭക്ഷണപ്രേമിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിട്ടുന്നതെന്തും ഇഷ്ടപ്പെട്ട് കഴിച്ചു. സാധാരണമായി ഇഡ്ഡലി ഇഷ്ടഭക്ഷണമല്ല. പക്ഷേ, പാലക്കാട്ടെ ഇഡ്‌ഡലി ഗംഭീരം. ഇവിടത്തെ കടകളിലും മലമ്പുഴയിലും കിട്ടുന്ന മത്സ്യവിഭവങ്ങളടക്കമുള്ള എല്ലാ നോൺവെജിനോടും താത്‌പര്യം കൂടുതലുണ്ട്. പാലക്കാടൻ സദ്യ സൂപ്പർ.
Content Highlights: Vision Palakkad 2040, MLA Rahul Mamkoottathil
Published: 26 Nov 2024, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented